അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും ഓക്കെ, റീച്ചാർജിന് ആര്? ഈ 84 ദിവസ പ്ലാനിൽ നോട്ടമിട്ടാൽ ആളെ കിട്ടും!
പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. വലിയ വലിയ ആശയങ്ങൾ ചെറിയ വാക്കുകളിൽ ഒളിച്ചുവച്ചിരിക്കുന്ന പഴഞ്ചൊല്ലുകൾ ഭാഷയ്ക്ക് കരുത്തുപകരുന്ന നിധികളാണെന്ന് പറയാം. പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് പറയാറുള്ളത് എങ്കിലും പഴഞ്ചൊല്ലുകൾ പ്രയോഗിക്കുന്നത് പുതുതലമുറയ്ക്കിടയിൽ കുറഞ്ഞുവരുന്നുണ്ട്. കൈവിട്ട് കളയേണ്ടവയല്ല, കണ്ടറിഞ്ഞ് ആസ്വദിക്കേണ്ടവയാണ് അവ. സന്ദർഭോചിതമായി പഴഞ്ചൊല്ലുകൾ പ്രയോഗിക്കുക എന്നതും സന്ദർഭത്തിനനുസരിച്ച് പഴഞ്ചൊല്ലുകളുടെ അർഥം മനസിലാക്കുക എന്നതും വളരെ പ്രധാനമാണ്. അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും എന്ന് നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട്. അതായത് അരയിൽ ധരിച്ചിരിക്കുന്ന കത്തി ശരീരത്തെ രക്ഷിക്കുന്നു, പുരയിലെ വലിയമ്മ വീടിന്റെ നന്മയ്ക്കുതകുന്നു. ഇത്തരത്തിൽ പഴഞ്ചൊല്ലുകൾ നിരവധിയുണ്ട്.
ഇന്ത്യയിലെ ടെലിക്കോം വരിക്കാർ ഇപ്പോൾ റീച്ചാർജ് നിരക്ക് കൂടിയ വിഷമത്തിലിരിക്കുമ്പോൾ പഴഞ്ചൊൽ മാഹാത്മ്യം വർണിക്കുന്നത് അമ്മയ്ക്ക് പ്രാണ വേദന മകൾക്ക് വീണ വായന എന്ന് പറയും പോലെയാണ്. അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും ഒക്കെ ഓക്കെയാണ്, പക്ഷേ റീച്ചാർജ് ചെയ്യാൻ തങ്ങൾക്ക് ആശ്രയം ആരാണ് എന്നാണ് ടെലിക്കോം വരിക്കാർക്ക് ഇപ്പോൾ അറിയേണ്ടത്.

ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ ബിഎസ്എൻഎൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള കമ്പനിയും ബാക്കിയുള്ള ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികളും ആണ് എന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഈ മൂന്ന് സ്വകാര്യ കമ്പനികളും തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ ജൂലൈ 3, 4 തീയതികളിലായി വർധിപ്പിച്ചു എന്നതും ഏവർക്കുമറിയാം.
മുൻപ് ലഭ്യമായിരുന്ന റീച്ചാർജ് പ്ലാനുകളുടെ സ്ഥാനത്ത് പുതിയ പ്ലാനുകളാണ് ഇപ്പോൾ കാണാനാകുക. ഈ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് പലർക്കും നിശ്ചയമില്ല. മാത്രമല്ല, നിരക്ക് കൂടിയതോടുകൂടി നിരക്ക് കുറഞ്ഞ കമ്പനിയുടെ കണക്ഷനിലേക്ക് മാറുന്ന കാര്യം പലരും ആലോചിക്കുന്നുമുണ്ട്. ഈ ഘട്ടത്തിൽ 84 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

1.5ജിബി ഡാറ്റ എന്നത് ഒരു ദിവസത്തെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ അത്യാവശ്യം അനുയോജ്യമായ പ്ലാൻ തന്നെയാണ്. 1.5ജിബി ഡാറ്റ 84 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്ന മികച്ച പ്ലാൻ നൽകുന്നത് ആരാണെന്നും എത്ര രൂപയ്ക്കാണ് വിവിധ കമ്പനികൾ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നും ഇവിടെ പരിചയപ്പെടുത്തുന്ന പ്ലാനുകളിൽ നിന്ന് മനസിലാക്കാം.
84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയടക്കം ലഭിക്കുന്ന ജിയോ പ്ലാൻ: 799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 1.5ജിബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജിയോ ടിവി, ജിയോക്ലൗഡ്, ജിയോസിനിമ എന്നിവയുൾപ്പെടെയുള്ള ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.
84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയടക്കം ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ 859 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഇതോടൊപ്പം ഈ എയർടെൽ പ്ലാനിൽ ലഭ്യമാണ്.

84 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയടക്കം ലഭിക്കുന്ന വിഐ പ്രീപെയ്ഡ് പ്ലാൻ: 859 രൂപയ്ക്ക് വിഐ 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.
82 ദിവസത്തേക്ക് 1.5 ജിബി പ്രതിദിന ഡാറ്റയടക്കം ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎല്ലിന് 84 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനില്ല. എന്നാൽ, 82 ദിവസ വാലിഡിറ്റിയുള്ള പ്ലാനുണ്ട്. വെറും 485 രൂപ മാത്രമാണ് ഇതിന്റെ നിരക്ക്. അൺലിമിറ്റഡ് കോളിങ്, 1.5ജിബി പ്രതിദിന ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഇതിലുള്ളത്.
നാല് ടെലിക്കോം കമ്പനികളുടെ ഈ നാല് പ്ലാനുകൾ വിലയിരുത്തിയാൽ ഇതിൽ ഏറ്റവും നിരക്ക് കുറവുള്ളത് ബിഎസ്എൻഎല്ലിന് ആണ്. സ്വകാര്യ കമ്പനികൾ 800- 860 രൂപ നിരക്കിൽ നൽകുന്ന ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വെറും 485 രൂപയ്ക്ക് നൽകുന്നു. എന്നാൽ പാൻ ഇന്ത്യ 4ജി കവറേജും 5ജി കവറേജും ഉള്ളതിനാൽ ജിയോ പ്ലാനും മൂല്യമുള്ളതാണ്. ഇഷ്ടം പോലെ ഡാറ്റ വേണ്ടവർക്ക് വിഐ പ്ലാൻ ആണ് അനുയോജ്യം.


Click it and Unblock the Notifications







