എല്ലാവർക്കും വേണ്ടത് ഇവിടെയുണ്ട്! ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് യോജിച്ച വാർഷികപ്ലാൻ
ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരും ഒരു ഫോണിൽ തന്നെ രണ്ട് സിം കാർഡ് ഉപയോഗിക്കുന്നവരുമായ ധാരാളം പേരുണ്ട്. ചിലർ പ്രധാന സിം സ്വകാര്യ ആവശ്യങ്ങൾക്കായും സെക്കൻഡറി സിം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നു. ഏത് ആവശ്യത്തിനായി ഉപയോഗിച്ചാലും ഈ സിമ്മുകളുടെ വാലിഡിറ്റി നിലനിർത്തേണ്ടതുണ്ട്. അതിന് റീച്ചാർജ് ചെയ്യണം.
ചിലർ ഡാറ്റ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ജിയോ, എയർടെൽ എന്നീ സിമ്മുകൾക്ക് പരിഗണന നൽകും. സെക്കൻഡറി നമ്പർ പലപ്പോഴും പണ്ടെങ്ങോ എടുത്ത ബിഎസ്എൻഎൽ, അല്ലെങ്കിൽ വിഐ സിം ഒക്കെയാകും. ഏത് കമ്പനിയുടെ സിം ആയാലും ശരി വാലിഡിറ്റി നിലനിർത്താൻ റീച്ചാർജ് ചെയ്തേപറ്റൂ എന്നതിൽ മാറ്റമില്ല.

ഇടയ്ക്കിടെ റീച്ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഏത് കമ്പനിയുടെ സിം ആയാലും സെക്കൻഡറിയായി ഉപയോഗിക്കുന്ന സിമ്മിന് അധികം ആനുകൂല്യങ്ങളുള്ള പ്ലാനുകൾ മിക്കവരും ഉപയോഗിക്കാറില്ല. കാരണം ഉയർന്ന നിരക്ക് നൽകി രണ്ട് സിം കാർഡ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല എന്നതുതന്നെ.
പ്രധാന സിം നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ഉപയോഗിച്ചാകും റീച്ചാർജ് ചെയ്തിട്ടുണ്ടാകുക. സെക്കൻഡറി സിം പലപ്പോഴും വാലിഡിറ്റിക്കായിട്ടായിരിക്കും റീച്ചാർജ് ചെയ്യുക. എന്തുതന്നെയായാലും കുറഞ്ഞ ചെലവിൽ വാർഷികപ്ലാൻ സ്വന്തമാക്കുന്ന ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് അനുയോജ്യമായ റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടാം.

ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന വാർഷിക പ്ലാനുകൾ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ 1559 രൂപ നിരക്കിൽ എത്തുന്നു. എയർടെലിന്റെ നിരക്ക് കുറഞ്ഞ വാർഷിക പ്ലാനിന് 1,799 രൂപയാണ് നിരക്ക്. 365 ദിവസ വാലിഡിറ്റിയുള്ള വിഐ വാർഷിക പ്ലാൻ 17,99 രൂപയ്ക്കും ബിഎസ്എൻഎൽ വാർഷികപ്ലാൻ 1,198 രൂപയ്ക്കും ലഭ്യമാകും.
ജിയോയുടെ 1,559 രൂപ റീചാർജ് പ്ലാൻ: 336 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. കൃത്യമായി 365 ദിവസ വാലിഡിറ്റി ഈ വാർഷിക പ്ലാൻ നൽകുന്നു എന്ന് പറയാൻ കഴിയില്ല. എങ്കിലും 11 മാസ വാലിഡിറ്റി കുറഞ്ഞ നിരക്കിൽ ലഭിക്കും. ആകെ 24 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും (ദിവസം 100) ലഭിക്കും.
1,559 രൂപയുടെ ഈ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസ് കോംപ്ലിമെന്ററിയായി ലഭ്യമാകും. കൂടാതെ ജിയോ 5ജി എത്തിയ പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് സൗജന്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാനും സാധിക്കും.

എയർടെല്ലിന്റെ 1,799 രൂപയുടെ വാർഷിക റീചാർജ് പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന ഈ എയർടെൽ വാർഷിക പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭിക്കും. അൺലിമിറ്റഡ് കോളിംഗ്, 3,600 എസ്എംഎസ്, 24 ജിബി 4ജി ഡാറ്റ, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. പ്രതിമാസം 150 രൂപയിൽ താഴെയാണ് ഈ പ്ലാനിന്റെ ചെലവ്.
വിഐയുടെ 1,799 രൂപയുടെ വാർഷിക പ്ലാൻ: എയർടെലിന്റെ 1,799 രൂപയുടെ പ്ലാനിന് സമാനമായി ഇവിടെ വിഐയും 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 24GB 4G ഡാറ്റ, 3,600 എസ്എംഎസ് എന്നിവ നൽകുന്നു. കൂടാതെ, ഉപയോക്താക്കൾക്ക് വിഐ മൂവീസിലേക്കും ടിവിയിലേക്കും സൗജന്യ ആക്‌സസും ലഭിക്കും.
ബിഎസ്എൻഎല്ലിന്റെ 1,198 രൂപയുടെ വാർഷിക പ്ലാൻ: ടെലിക്കോം കമ്പനികളുടെ വാർഷിക പ്ലാനുകളിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ആണിത്. 365 ദിവസ വാലിഡിറ്റിയും പ്രതിമാസം 300 മിനിറ്റ് വോയിസ് കോളുകളും 3ജിബി ഡാറ്റയും 30 എസ്എംഎസുമാണ് ഈ വാർഷിക പ്ലാനിൽ ലഭിക്കുക.


Click it and Unblock the Notifications








