ജിയോയും എയർടെലും വിഐയും നേർക്കുനേർ; ഏറ്റവും മികച്ച 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ചറിയാം
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് കമ്പനികൾ നയിക്കുന്ന വഴിയേയാണ് രാജ്യത്തെ ടെലിക്കോം രംഗം ചലിക്കുന്നത്. ഏറ്റവുമധികം യൂസേഴ്സുമായി റിലയൻസ് ജിയോയും ഏറ്റവും അധികം ആക്ടീവ് യൂസേഴ്സുമായി എയർടെലും വിപണിയിൽ മേധാവിത്വം പുലർത്തുമ്പോൾ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടുകയാണ് വിഐ.
മാർക്കറ്റ് ട്രെൻഡുകൾ എന്ത് തന്നെയായാലും തങ്ങളുടെ യൂസേഴ്സിന് മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ നൽകുന്ന കാര്യത്തിൽ മൂന്ന് കമ്പനികളും വിട്ടുവീഴ്ച ചെയ്യാറില്ല. അൺലിമിറ്റഡ് വോയ്സ് കോളിങും മൊബൈൽ ഡാറ്റയും തുടങ്ങി വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ധാരാളം പ്ലാനുകൾ ഇവർ ഓഫർ ചെയ്യുന്നുമുണ്ട്. ഓരോ യൂസറിനും തങ്ങളുടെ ഡെയിലി ഉപയോഗത്തിന് ചേരുന്ന വിധത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ സാധിക്കും. വാലിഡിറ്റി പോലെയുള്ള കാര്യങ്ങളും ഈ സെലക്ഷൻ പ്രോസസിൽ നിർണായകമാണ്.

എന്നാൽ തന്നെയും ഡാറ്റ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്ലാനുകളാകും മിക്കവാറും യൂസേഴ്സും സെലക്റ്റ് ചെയ്യുന്നത്. ഡെയിലി ഡാറ്റ ആവശ്യകതയിൽ അത്ര മാത്രം വർധനവും വന്നിട്ടുണ്ട്. നേരത്തെ ഒരു ജിബി ഡാറ്റ കൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടാൻ ആളുകൾക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്നത് സാധ്യമാകാത്ത സാഹചര്യമാണുള്ളത്. മിനിമം 2 ജിബിയെങ്കിലും ഇല്ലാതെ കവിയെപ്പോലെ ഡാറ്റ യൂസുള്ളവർക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.
അത്തരം യൂസേഴ്സിന് ഉപകാരപ്രദമാകുന്ന പ്ലാനുകളാണ് 2 ജിബി ഡെയിലി ഡാറ്റ ഓഫറുകൾ. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് ആവശ്യങ്ങൾ ഉള്ളവർക്കും ഒരു പരിധി വരെ 2 ജിബി ഡാറ്റ പ്ലാനുകൾ മതിയാകും. രാജ്യത്തെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ഓഫർ ചെയ്യുന്ന 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകളെക്കുറിച്ച് പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം എഴുതിയത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

VI 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ : വ്യത്യസ്ത വാലിഡിറ്റിയുള്ള ധാരാളം 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്നുണ്ട്. 2 ജിബി ഡെയിലി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനിന് 319 രൂപയാണ് വില വരുന്നത്. ഒരു മാസമാണ് 319 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്ന വാലിഡിറ്റി.
സമാന ആനുകൂല്യങ്ങളുമായി വരുന്ന 539 രൂപ, 839 രൂപ പ്ലാനുകൾ യഥാക്രമം 56, 84 ദിവസം എന്നിങ്ങനെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. 1066 രൂപ വില വരുന്ന വാർഷിക പ്ലാൻ 2 ജിബി ഡെയിലി ഡാറ്റയ്ക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും (84 ദിവസം) ഓഫർ ചെയ്യുന്നു. വിഐ ഹീറോ അൺലിമിറ്റഡ് ബെനിഫിറ്റ്സും ഈ പറഞ്ഞ പ്ലാനുകളിൽ ലഭ്യമാണ്.

Jio 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ : 249 രൂപയുടെ ഓഫറാണ് റിലയൻസ് ജിയോ നൽകുന്നതിൽ ഏറ്റവും നിരക്ക് കുറഞ്ഞ 2 ജിബി ഡെയിലി ഡാറ്റ പ്ലാൻ. അൺലിമിറ്റഡ് കോളിങും ഡെയിലി 100 എസ്എംഎസുകളും 23 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിനൊപ്പം ലഭിക്കുന്നു. 299 രൂപ, 533 രൂപ, 719 രൂപ നിരക്കുകളിലെത്തുന്ന പ്ലാനുകൾ യഥാക്രമം 23 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു.
Airtel 2 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ : ഒരു മാസത്തെ വാലിഡിറ്റിയുള്ള 319 രൂപയുടെ പ്ലാനാണ് എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ 2 ജിബി ഡെയിലി ഡാറ്റ ഓഫർ. എയർടെൽ എക്‌സ്‌ട്രീം ആപ്പിലേക്കുള്ള ആക്‌സസ് നൽകുന്ന പ്ലാനിന് 359 രൂപയാണ് വില വരുന്നത്. ലോങ് ടേം പ്ലാനുകൾ വേണ്ടവർക്ക് 56 ദിവസത്തെ വാലിഡിറ്റിയുള്ള 549 രൂപയുടെ പ്ലാനോ 84 ദിവസത്തെ വാലിഡിറ്റിയുള്ള 839 രൂപയുടെ പ്ലാനോ സെലക്റ്റ് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications