ഡാറ്റ അൽപ്പം കൂടുതലിരിക്കുന്നതാ നല്ലത്! 3ജിബി പ്രീപെയ്ഡ് പ്ലാനിൽ ലാഭം ജിയോയോ എയർടെലോ?
ഡാറ്റ ആവശ്യങ്ങൾ വർധിച്ചതോടെ ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന പ്രീപെയ്ഡ് പ്ലാനുകൾ മാറ്റി കൂടുതൽ പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 5ജി ഉൾപ്പെടെ എത്തിയതോടെ മികച്ച വേഗതയിൽ ഡാറ്റ ആസ്വദിക്കാൻ ജിയോയുടെയും എയർടെലിന്റെയും വരിക്കാർ കൂടുതലായി താൽപര്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.
ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഇപ്പോൾ നൽകുന്നുണ്ട് എങ്കിലും ഇത് എല്ലാ വരിക്കാർക്കും ലഭ്യമായിട്ടില്ല. ഇപ്പോൾ ആളുകളുടെ ഡാറ്റ ഉപയോഗം കണക്കിലെടുത്താൽ മികച്ച വേഗതയിൽ ഒരു ദിവസത്തെ കാര്യങ്ങൾ നടത്താൻ പ്രതിദിനം 3ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ് അനുയോജ്യം. അത്തരം പ്ലാനുകൾ ഇരുകമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്.

വ്യത്യസ്ത വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനുകളിൽ പ്രതിദിനം 3ജിബി ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. 5ജിയിൽ മുന്നേറാൻ മത്സരിക്കുന്ന ജിയോയും എയർടെലും പ്ലാനുകളുടെ കാര്യത്തിലും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ പ്ലാനുകൾ പരിചയപ്പെടാം.
പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ: പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളാണ് പ്രധാനമായും ജിയോ അവതരിപ്പിച്ചിട്ടുള്ളത്. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. ഇതിൽ 219 രൂപയുടെ ജിയോ പ്ലാനിൽ 14 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക.

399 രൂപ നിരക്കിലുള്ളതാണ് ഈ നിരയിലെ രണ്ടാമത്തെ പ്ലാൻ. 3ജിബി പ്രതിദിന ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിൽ ലഭ്യമാകുക. ദീർഘനാൾ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ തിരയുന്നവർക്ക് അനുയോജ്യമായ പ്ലാൻ ആണ് 999 രൂപയുടേത്.
999 രൂപയുടെ ജിയോ പ്ലാനിൽ ആകെ 84 ദിവസ വാലിഡിറ്റിയാണ് ലഭിക്കുക. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ മൂന്ന് പ്ലാനുകളിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാനുകളിലൂടെ ലഭിക്കും.
പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനുകൾ: ജിയോയെപ്പോലെ തന്നെ എയർടെലിനും പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണുള്ളത്. 399 രൂപ, 499 രൂപ, 699 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകളെത്തുന്നത്. ഈ മൂന്ന് പ്ലാനുകളും അൺലിമിറ്റഡ് കോളിങ്, എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഒരേപോലെയാണ് നൽകുന്നത്.

399 രൂപയുടെ എയർടെൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. 499 രൂപയുടെ പ്ലാനിലും 28 ദിവസ വാലിഡിറ്റി തന്നെയാണ് ഉള്ളത്. എന്നാൽ മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭിക്കുന്നുണ്ട്. 699 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ 699 രൂപയുടെ എയർടെൽ പ്ലാനിൽ അധിക ആനുകൂല്യമായി ലഭിക്കുന്നുണ്ട്. ഈ മൂന്ന് പ്ലാനുകളിലും എയർടെൽ താങ്ക്സ് ആപ്പ് വഴി ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. അതേസമയം, അൺലിമിറ്റഡ് 5ജി എയർടെൽ നൽകുന്നതിനാൽ 5ജി ലഭിക്കുന്നവർക്ക് പരിധിയില്ലാതെ 5ജി ഡാറ്റ ആസ്വദിക്കാൻ അവസരമുണ്ട്.
എയർടെലിനെപ്പോലെ ജിയോയും വരിക്കാർക്ക് അൺലിമിറ്റഡ് 5ജി നൽകുന്നുണ്ട്. പ്രതിദിനം 3ജിബി ഡാറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ അവതരിപ്പിച്ചിരിക്കുന്നത് ജിയോ ആണ്. എന്നാൽ 219 രൂപയുടെ ഈ പ്ലാനിൽ 14 ദിവസം മാത്രമാണ് വാലിഡിറ്റിയുള്ളത്. അതേസമയം, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, ആമസോൺ പ്രൈം പോലുള്ള കൂടുതൽ അധിക ആനുകൂല്യങ്ങൾ നൽകുന്നതിൽ എയർടെലാണ് മുന്നിൽ.


Click it and Unblock the Notifications