എയർ ഫൈബർ: നേട്ടങ്ങൾ ഒരുപാടുണ്ട്! ലാഭം ജിയോയോ എയർടെലോ; 'വേഗം' വരുന്ന വഴിയും കാശ് പോകുന്ന വഴിയും
രാജ്യത്തെ ഇന്റർനെറ്റ് സേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടുകഴിഞ്ഞു. പരമ്പരാഗത ബ്രോഡ്ബാൻഡ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന എയർഫൈബർ സേവനങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. ലളിതമായി പറഞ്ഞാൽ എയർ ഫൈബർ എന്നത് ഫിക്സഡ് വയർലെസ് ആക്സസ് ( FWA ) കമ്മ്യൂണിക്കേഷൻ സിസ്റ്റം ആണ്.
5ജി വ്യാപനവുമായി മുന്നേറുന്ന ജിയോയും എയർടെലും തന്നെയാണ് എയർഫൈബർ സേവനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. എയർടെൽ ഇതിനകം തന്നെ തങ്ങളുടെ എക്‌സ്ട്രീം എയർഫൈബർ സേവനം പ്രഖ്യാപിക്കുകയും രണ്ട് നഗരങ്ങളിൽ സേവനം ലഭ്യമാക്കിയതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. എതിരാളിയായ ജിയോ സെപ്തംബർ 19 ന് തങ്ങളുടെ ജിയോ എയർഫൈബർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ജിയോ എയർഫൈബർ സെപ്തംബർ 19-ന് ഗണേഷ ചതുർഥി ദിനത്തിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ജിയോയുടെ 5ജി വ്യാപനം ഏതാണ്ട് പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് ഡിസംബറോടെ രാജ്യത്ത് എല്ലായിടത്തും തങ്ങളുടെ 5ജി സേവനം എത്തും എന്നാണ് ജിയോ വ്യക്തമാക്കുന്നത്.
5ജി വ്യാപനത്തോട് അനുബന്ധമായിത്തന്നെയാണ് ജിയോയും എയർടെലും എയർഫൈബർ സേവന രംഗത്തേക്ക് ചുവടുറപ്പിക്കുകയും ആധിപത്യം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തിരിക്കുന്നത്. എന്താണ് എയർ ഫൈബർ സേവനമെന്നും അത് എങ്ങനെ പ്രവർത്തിക്കുമെന്നും ജിയോയുടെയും എയർടെലിന്റെയും എയർഫൈബർ എത് വിധത്തിൽ മികച്ചുനിൽക്കുമെന്നും തുടങ്ങി എയർ ഫൈബർ സേവനവുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ ഒന്നൊന്നായി പരിചയപ്പെടാം.
ഫിക്സഡ് വയർലെസ് ആക്സസ് (FWA) കമ്മ്യൂണിക്കേഷൻ സിസ്റ്റം ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ച് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എഫ്ഡബ്ലുഎ സേവനങ്ങൾക്കായുള്ള ഈ ഡിവൈസുകളെ എയർഫൈബർ എന്ന് വിളിക്കാം. വളരെ ലളിതമായി നമുക്കു തന്നെ വീട്ടിൽ 5ജി ഇന്റർനെറ്റ് സെറ്റ് ചെയ്യാം എന്നതാണ് എയർഫൈബർ ഡിവൈസുകളുടെ ഒരു പ്രത്യേകത.
വീട്ടിലോ ഓഫീസിലോ ഇന്റർനെറ്റ് കണക്ഷൻ സജ്ജീകരിക്കാൻ കമ്പനി പ്രതിനിധി എത്തുന്നതും നോക്കിയിരിക്കേണ്ട ആവശ്യം വരുന്നില്ല. എയർ ഫൈബർ സേവനം ആരംഭിക്കുന്നതിന്റെ ഒരു മെച്ചം എന്തെന്നാൽ, ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ പരമ്പരാഗത റൂട്ടറുകളെയും ഫൈബർ കേബിളുകളെയും ആശ്രയിക്കേണ്ടി വരുന്നില്ല. ജിയോ എയർഫൈബറും എയർടെൽ എക്‌സ്ട്രീം എയർഫൈബറും സിം കാർഡുകൾ വഴിയുള്ള 5G കണക്ഷനുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
കേബിളുകളുടെ ശല്യമില്ലാതെ എയർഫൈബർ ഡിവൈസ് ഇന്റർനെറ്റിനൊപ്പം വീടിന് വൃത്തിയും സമ്മാനിക്കുന്നു. ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം അവതരിപ്പിക്കാൻ ഫിക്സഡ് വയർലെസ് ആക്സസ് (FWA) കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിന് സാധിക്കും. അതിനാൽത്തന്നെ എയർഫൈബർ ഗ്രാമീണ ഇന്ത്യയെ ഇന്റർനെറ്റ് ലോകത്തേക്ക് കൈപിടിച്ച് നടത്തും.
എയർഫൈബർ കണക്ഷനായി ജിയോയും എയർടെലും ഒരു Wi-Fi 6 റൂട്ടർ നൽകും, ഇത് Wi-Fi 5-നേക്കാൾ കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജിയോ എയർടെൽ എയർഫൈബർ സേവനങ്ങൾ 5ജി സിം കാർഡ് കണക്ഷനെ ആശ്രയിക്കുന്നതിനാൽ, ആ പ്രദേശത്തെ കവറേജിനെ ആശ്രയിച്ചായിരിക്കും ഇന്റർനെറ്റ് വേഗത.
"FWA-യിൽ, ഒരു വയർലെസ് ട്രാൻസ്മിറ്റർ അല്ലെങ്കിൽ റിസീവർ ഉപഭോക്താവിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്, അത് അടുത്തുള്ള സെൽ ടവറുമായോ ബേസ് സ്റ്റേഷനുമായോ ആശയവിനിമയം നടത്തുന്ന ഒരു ആന്റിനയുമായി ബന്ധിപ്പിച്ചിരിക്കുന്നു." എന്ന് എയർടെൽ വ്യക്തമാക്കുന്നു. എയർഫൈബർ ഉപയോക്താക്കൾക്ക്, റൂട്ടർ നിയന്ത്രിക്കാനും വീടിനുള്ളിൽ ഇന്റർനെറ്റ് സ്പോട്ട് കണ്ടെത്താനും ഒരു ആപ്പ് രണ്ട് കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്.
എയർ ഫൈബർ റൂട്ടറിലേക്ക് ഒന്നിലധികം ഉപകരണങ്ങളെ ബന്ധിപ്പിക്കാൻ സാധിക്കും. എന്നാൽ ഈ ആപ്പ് ഉപയോഗിച്ച് കണക്ട് ചെയ്യാവുന്ന ഡിവൈസുകൾക്ക് പരിധി നിശ്ചയിക്കാൻ ഉടമയ്ക്ക് സാധിക്കും. ഇതിനോടകം എയർഫൈബർ സേവനം ആരംഭിച്ച എയർടെൽ അതിനായി ഒരു പ്രതിമാസ പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം ആറ് മാസത്തെ എക്‌സ്‌ട്രീം എയർഫൈബർ കണക്ഷന് 7,733 രൂപ ചിലവാകും.

എയർടെൽ എക്‌സ്‌ട്രീം എയർഫൈബർ കണക്ഷന് ചെലവാകുന്ന 7,733 രൂപയിൽ എയർഫൈബർ റൂട്ടറിനായി 2,500 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ഉൾപ്പെടുന്നു. എക്‌സ്‌ട്രീം എയർഫൈബർ കണക്ഷന്റെ ലഭ്യത അറിയാൻ എയർടെൽ തങ്ങളുടെ വെബ്സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം ജിയോ എയർഫൈബർ സേവനം അടുത്തമാസം മാത്രമേ ആരംഭിക്കൂ. അതിനാൽത്തന്നെ ജിയോ എയർഫൈബർ സേവനത്തിന്റെ ചെലവുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
അതേസമയം, എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് പ്രകാരം ജിയോ തങ്ങളുടെ എതിരാളിയായ എയർടെലിന്റെ എയർഫൈബർ ഡിവൈസിനെക്കാൾ 20 ശതമാനം നിരക്ക് കുറച്ചാകും ജിയോ എയർഫൈബർ സേവനം ആരംഭിക്കുക. ഏകദേശം 6000 രൂപയാകും ജിയോ ഡിവൈസിന് നൽകേണ്ടിവരികയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. നിലവിൽ, എയർടെൽ അവതരിപ്പിച്ചിട്ടുള്ള എയർഫൈബർ പ്ലാൻ 100Mbps വരെ വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്.
ജിയോ സേവനം ആരംഭിക്കാത്തതിനാൽ വേഗത വ്യക്തമല്ല. പക്ഷേ, 1Gbps ന്റെ 5G വേഗത കിട്ടുമെന്നാണ് ജിയോ പറയുന്നത്. എയർടെല്ലിന്റെ നോൺ-സ്റ്റാൻഡലോൺ ( NSA ) ടെക്നോളജിക്ക് വിപരീതമായി, സ്റ്റാൻഡലോൺ (Standalone) 5G നെറ്റ്‌വർക്ക് ആണ് ജിയോയുടേത്. അതിനാൽത്തന്നെ ജിയോ എയർഫൈബർ കൂടുതൽ മികച്ചതും സ്ഥിരതയുള്ളതുമായ പ്രകടനം നടത്തുമെന്ന് ജിയോ പറയുന്നു.


Click it and Unblock the Notifications








