കാലം നോക്കി കൃഷി, ലാഭം നോക്കി റീച്ചാർജ്! ജിയോയുടെ പരിശ്രമം തവിടുപൊടിയാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ
2024 ജൂലൈയ്ക്ക് ശേഷം ഇന്ത്യൻ ടെലിക്കോം രംഗത്ത് കളമാകെ മാറി. ഒരുവശത്ത് ബിഎസ്എൻഎല്ലും മറുവശത്ത് സ്വകാര്യ ടെലിക്കോം കമ്പനികളും എന്ന നിലവന്നു. അതിന് കാരണമായത് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ സ്വകാര്യ കമ്പനികൾ നടത്തിയ റീച്ചാർജ് താരിഫ് വർധനയായിരുന്നു. സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ കുത്തനെ ഉയർന്നപ്പോൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പ്ലാനുകൾ പഴയപോലെ തന്നെ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് തുടർന്നു. ഇത് സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയാകുകയും വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് പോകുകയും ചെയ്യാൻ തുടങ്ങി.
താരിഫ് വർധനയ്ക്ക് ശേഷം ഇതുവരെ നിരവധി പേർ ബിഎസ്എൻഎൽ വരിക്കാരായി മാറി. ചിലരാകട്ടെ കുറച്ചുകൂടി കാത്തിരുന്ന്, ബിഎസ്എൻഎല്ലിലേക്ക് പോയവരുടെ എക്സ്പീരിയൻസ് എങ്ങനെയുണ്ട് എന്ന് മനസിലാക്കിയ ശേഷം പോകാനായി തയാറെടുത്ത് നിൽക്കുന്നു. ബിഎസ്എൻഎല്ലിന്റെ പോരായ്മ ഡാറ്റ വേഗതക്കുറവായിരുന്നു. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ നിരക്കിൽ കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ ലഭിക്കുക എന്നതാണ് പ്രധാനം. അത് ബിഎസ്എൻഎൽ നൽകുന്നുണ്ട്.

കുറഞ്ഞ നിരക്കിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ സ്വകാര്യ കമ്പനികളുടെ വരിക്കാരെ വലിയതോതിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ഒന്നിലധികം സിം ഉണ്ടായിരുന്നവർ തങ്ങളുടെ സെക്കൻഡറി സിം ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്ന നിലയുമുണ്ട്. രണ്ടാം സിം നിലനിർത്തിക്കൊണ്ടുപോകാൻ വേണ്ടിവരുന്ന ചെലവാണ് പലപ്പോഴും ഈ കമ്പനി മാറ്റത്തിലേക്ക് നയിക്കുന്നത്.
സ്വകാര്യ കമ്പനികളിൽ ഏറ്റവും ശ്രദ്ധേയം റിലയൻസ് ജിയോയുടെ പ്ലാനുകളാണ്. ഇന്ത്യയിലെ ഒന്നാമത്തെ ടെലിക്കോം കമ്പനിയാണ് ജിയോ. തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി കിടിലൻ പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ജിയോ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. ജിയോയുടെ
749 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളും അതിന് ബദലായുള്ള ബിഎസ്എൻഎൽ പ്ലാനും ഇവിടെ പരിചയപ്പെടാം.

ജിയോ 749 രൂപ പ്ലാൻ: 72 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു, ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 സൗജന്യ എസ്എംഎസും 2ജിബി പ്രതിദിന ഡാറ്റയും (ആകെ 144 ജിബി) ഈ പ്ലാനിൽ ലഭ്യമാകുന്നു. ഇതോടൊപ്പം അധിക ആനുകൂല്യമെന്ന നിലയിൽ 20GB എക്സ്ട്രാ ഡാറ്റ ജിയോ നൽകുന്നുണ്ട്.
അതിനാൽ 4ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് 749 രൂപയുടെ ജിയോ പ്ലാനിൽ ആകെ 164GB ഡാറ്റ ലഭിക്കും. 5ജി ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. കാരണം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നു. അതിനാൽ ഉപയോക്താവിന്റെ പ്രദേശത്ത് 5G കണക്റ്റിവിറ്റി ലഭ്യമാണെങ്കിൽ അൺലിമിറ്റഡ് ട്രൂ 5G ഡാറ്റ കിട്ടും.
ബിഎസ്എൻഎൽ 599 രൂപ പ്ലാൻ: ജിയോയുടെ 749 രൂപയുടെ പ്ലാനിനെ നേരിടാൻ ബിഎസ്എൻഎല്ലിന് ഈ 599 രൂപ പ്ലാൻ ധാരാളമാണ്. കാരണം 749 രൂപയ്ക്ക് ജിയോ നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 84 ദിവസ വാലിഡിറ്റിയിലാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്.

599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ പ്രതിദിനം 3ജിബി ഡാറ്റ ലഭ്യമാകും. കൂടാതെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ 3ജിബി എക്സ്ട്രാ ഡാറ്റയും 2ശതമാനം ഡിസ്കൗണ്ടും ലഭിക്കും. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
മറ്റൊരു നേട്ടമെന്തെന്നാൽ വാർഷിക ഓഫർ എന്ന നിലയിൽ 500 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ബിഎസ്എൻഎൽ 24ജിബി എക്സ്ട്രാ ഡാറ്റ നൽകുന്നുണ്ട്. ആ ഡാറ്റയും ഈ പ്ലാൻ ചെയ്യുന്നവർക്ക് ലഭിക്കും. എന്നാൽ ഒക്ടോബർ 24ന് അകം റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
വാലിഡിറ്റി, പ്രതിദിന ഡാറ്റ, എക്സ്ട്രാ ഡാറ്റ, നിരക്ക് എന്നീ കാര്യങ്ങളിലെല്ലാം ഇവിടെ ബിഎസ്എൻഎൽ ശക്തമായ മേൽക്കൈ നേടുന്നുണ്ട്. ജിയോയെ അപേക്ഷിച്ച് ബിഎസ്എൻഎൽ വരിക്കാർക്ക് കുറഞ്ഞത് 250 രൂപ ഇവിടെ ലാഭമുണ്ട്. 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വേണമെങ്കിൽ ജിയോയ്ക്ക് ഒപ്പം നിൽക്കാം. എന്നാൽ 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ലാഭം ബിഎസ്എൻഎൽ ആണ്. ഇപ്പോൾ നിരവധിയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാക്കിയിട്ടുമുണ്ട്. ബാക്കിയുള്ള ഇടങ്ങളിൽ 2025 മാർച്ചിന് മുൻപ് 4ജിയെത്തും.


Click it and Unblock the Notifications







