സത്യം തിരിച്ചറിയാം! വീട്ടിൽ ഇന്റർനെറ്റിനായി ബിഎസ്എൻഎൽ വേണോ, ജിയോ വേണോ എന്ന് ഇത് പറഞ്ഞുതരും
വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടാകേണ്ടത് ഇപ്പോൾ അനിവാര്യമായ ഒന്നായി മാറിയിരിക്കുന്നു. കാരണം ഇപ്പോൾ മിക്ക വീടുകളിലെയും കുടുംബാംഗങ്ങൾക്ക് ഇന്റർനെറ്റ് ആവശ്യമായി വരാറുണ്ട്. എല്ലാവർക്കും ഇന്ന് സ്മാർട്ട്ഫോൺ ഉണ്ട്, സ്മാർട്ട്ഫോണിൽ ഉപയോഗിക്കാൻ ഡാറ്റ വേണമെങ്കിൽ വൻ തുക മുടക്കി റീച്ചാർജ് ചെയ്യേണ്ടിവരും. വീട്ടിലെ നാല് പേർ മൈാബൈൽ ഡാറ്റയ്ക്കായി മുടക്കുന്നതിന്റെ പകുതി തുകയുണ്ടെങ്കിൽ കുടുംബത്തിലെ എല്ലാവർക്കും മികച്ച വേഗതയും ആവശ്യത്തിലധികം ഡാറ്റയും ലഭിക്കുന്ന ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ സാധിക്കും. മുതിർന്നവർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും ഇപ്പോൾ പഠനാവശ്യത്തിനായി ഇന്റർനെറ്റ് സഹായം തേടേണ്ടി വരാറുണ്ട്.
ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലും റിലയൻസ് ജിയോയും. വീട്ടിലേക്ക് ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ഏത് കമ്പനിയുടെ കണക്ഷൻ എടുക്കണം എന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. നമ്മുടെ ആവശ്യവും പ്ലാനുകളുടെ തുകയും ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ അളവുമൊക്കെ വിലയിരുത്തി വേണം തീരുമാനമെടുക്കാൻ.

ഇന്ത്യയിലെ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോയും ബിഎസ്എൻഎല്ലും വളരെ കുറഞ്ഞ തുകയിൽ വീടുകൾക്ക് അനുയോജ്യമായ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ 399 രൂപയുടെ പ്ലാൻ ഏറെ ശ്രദ്ധേയമാണ്. ജിയോയും ബിഎസ്എൻഎല്ലും 399 രൂപയ്ക്ക് ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. അതിൽ ആരുടെ പ്ലാൻ ആണ് മികച്ചത് എന്ന് ഇവിടെ പരിചയപ്പെടാം.
399 രൂപയുടെ പ്ലാൻ ജിയോയുടെ എൻട്രി ലെവൽ പ്ലാനാണ്, അതേസമയം കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നതിൽ പേരുകേട്ട ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ പ്ലാൻ 249 രൂപ നിരക്കിലാണ് എത്തുന്നത്. എങ്കിലും ഇവിടെ പരിചയപ്പെടുത്തുന്നത് ബിഎസ്എൻഎല്ലിന്റെ 399 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനെയാണ്.

ബജറ്റ് ഫ്രണ്ട്ലി എന്ന നിലയിൽ ഇന്ത്യയിലെ നിരവധി കുടുംബങ്ങൾ ഇഷ്ടപ്പെടുന്ന ഒരു പ്ലാൻ നിരക്ക് ആണ് 399 എന്നത്. കാരണം കുറഞ്ഞ ചെലവിൽ അത്യാവശ്യം കാര്യങ്ങൾ നടക്കാൻ ആവശ്യമായ വേഗതയും ഡാറ്റയും ഈ തുകയ്ക്ക് എത്തുന്ന പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 399 രൂപയുടെ ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ആരുടെ പ്ലാനാണ് മികച്ചത് എന്ന് പരിശോധിക്കാം.
399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 30 എംബിപിഎസ് വേഗതയും 1TB (1000GB) ഡാറ്റയും ആണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. ഈ പ്ലാൻ ഗ്രാമീണ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കായി ബിഎസ്എൽ അവതരിപ്പിച്ചിട്ടുള്ളതാണ്. വാണിജ്യ കെട്ടിടങ്ങൾക്കോ വാണിജ്യ ഉപഭോക്താക്കൾക്കോ ഈ പ്ലാൻ ലഭ്യമാകില്ല. ഈ പ്ലാനിനൊപ്പം സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും എത്തുന്നുണ്ട്.
399 രൂപയുടെ ജിയോ ബ്രോഡ്ബാൻഡ് പ്ലാൻ: 30 എംബിപിഎസ് വേഗതയും 3.3TB ഡാറ്റയും ആണ് റിലയൻസ് ജിയോയുടെ 399 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കുക. അധിക ആനുകൂല്യങ്ങളൊന്നും ഇതിലില്ല. ബിഎസ്എൻഎല്ലിന്റെ പ്ലാനുമായി താരതമ്യം ചെയ്താൽ ഈ ജിയോ പ്ലാനാണ് കുറച്ചുകൂടി ലാഭം. കാരണം കൂടുതൽ ഡാറ്റ ലഭിക്കും.

രണ്ട് പ്ലാനുകളും യഥാർഥത്തിൽ മികച്ചതാണ്. ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് 1ടിബി ഡാറ്റ ധാരാളമാണ്. എങ്കിലും കൂടുതൽ ഡാറ്റ 399 രൂപയ്ക്ക് വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ജിയോ പ്ലാൻ ആണ് ലാഭം. കൂടാതെ ബിഎസ്എൻഎല്ലിനെക്കാൾ ജിയോയ്ക്ക് മുൻതൂക്കം നൽകുന്ന ഒരുകാര്യം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിഎസ്എൻഎൽ കസ്റ്റമർ കെയർ ടീമുമായി ബന്ധപ്പെടുന്നത് അൽപ്പം ബുദ്ധിമുട്ടാണ്, ജിയോ അക്കാര്യത്തിൽ കുറച്ചുകൂടി ജനകീയമാണ് എന്നൊരു വാദമുണ്ട്.


Click it and Unblock the Notifications








