ആരാണ് ആ 'ദാനശീലൻ'! ജിയോയും എയർടെലും വിഐയും നൽകുന്ന 2ജിബി പ്രതിദിന പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം വരിക്കാരിൽ ഭൂരിഭാഗവും റിലയൻസ് ജിയോ, ഭാരതി എയർടെൽ, വിഐ( വൊഡാഫോൺ ഐഡിയ ) വരിക്കാരാണ്. ഈ മൂന്ന് കമ്പനികളും തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. വിവിധ വിഭാഗങ്ങളിലും നിരക്കുകളിലുമായി എത്തുന്ന ഈ പ്ലാനുകൾ വ്യത്യസ്തമായ നിരവധി ആനുകൂല്യങ്ങളാൽ സമ്പന്നമാണ്.
ഒരേ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഈ മൂന്ന് കമ്പനികളിൽനിന്ന് അൺലിമിറ്റഡ് കോളിംഗും നിശ്ചിത അളവ് മൊബൈൽ ഡാറ്റയും ലഭിക്കുന്ന പ്ലാനുകൾ ധാരാളമുണ്ട്. ഇന്നത്തെ മൊബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ ഒഴിവാക്കാനാകാത്ത സേവനമാണ്. അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ ഉള്ളവർക്ക് ഒരു ദിവസത്തേക്ക് ശരാശരി 2ജിബി ഡാറ്റയെങ്കിലും വേണം.

1.5 ജിബി, 2 ജിബി, 2.5 ജിബി, 3 ജിബി, പ്രതിമാസം നിശ്ചിത ജിബി ബൾക്ക് ഡാറ്റ എന്നിങ്ങനെ ഉപയോക്താക്കളുടെ ആവശ്യത്തിനും മുടക്കാൻ കഴിയുന്ന പണത്തിനും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഡാറ്റ കേന്ദ്രീകൃതമായ പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്. ഇതിൽ കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് 2ജിബി പ്ലാനുകളാണ്.
ജിയോ, എയർടെൽ, വിഐ എന്നിവരെല്ലാം വിവിധ വാലിഡിറ്റി കാലയളവുകളുമായി എത്തുന്ന 2ജിബി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾ ഏതൊക്കെയാണ് എന്നും ഏത് കമ്പനിയുടേതാണ് ഏറ്റവും മികച്ച 2ജിബി പ്ലാൻ എന്നും ആരാണ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ 2ജിബി നൽകുന്നത് എന്നുമൊക്കെ ഇവിടെ പരിചയപ്പെടാം.
റിലയൻസ് ജിയോ: പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ നിരവധിയുണ്ട്. അതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ 249 രൂപയുടേതാണ്. അൺലിമിറ്റഡ് കോളിങ്ങും 23 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിൽ ലഭിക്കുന്നു. കൂടുതൽ വാലിഡിറ്റിയുള്ള പ്ലാൻ വേണമെങ്കിൽ മറ്റ് 3 പ്ലാനുകൾ കൂടി ലഭ്യമാണ്.

23 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 299 രൂപ പ്ലാൻ, 56 ദിവസ വാലിഡിറ്റിയുള്ള 533 രൂപ പ്ലാൻ, 84 ദിവസം വാലിഡിറ്റി നൽകുന്ന 719 രൂപ പ്ലാൻ എന്നിവയാണ് പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്ന മറ്റ് ജിയോ പ്ലാനുകൾ. ഈ പ്ലാനുകൾ എല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായാണ് എത്തുന്നത്.
എയർടെൽ: പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന നിരവധി എയർടെൽ പ്ലാനുകൾ ഉണ്ട്. അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യവും ഒരു മാസത്തെ വാലിഡിറ്റിയുമായി എത്തുന്ന 319 രൂപ പ്ലാനാണ് ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ. 359 രൂപ പ്ലാനിൽ ഇതേ ആനുകൂല്യങ്ങൾക്കൊപ്പം എയർടെൽ എക്‌സ്ട്രീം ആപ്പ് ആക്സസും ലഭിക്കും.
ദീർഘകാല വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വേണ്ടവർക്ക് മറ്റ് പ്ലാനുകളും ലഭ്യമാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള 549 രൂപയുടെ പ്ലാൻ, 84 ദിവസത്തെ വാലിഡിറ്റിയുള്ള 839 രൂപയുടെ പ്ലാൻ എന്നിവയാണ് എയർടെൽ നൽകുന്ന മറ്റ് ഓപ്ഷനുകൾ.

വോഡഫോൺ ഐഡിയ: ജിയോയെയും എയർടെലിനെയും പോലെ വിഐയും പ്രതിദിനം 2ജിബി ലഭിക്കുന്ന ഒന്നിലധികം പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. 2 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഒരുമാസ വാലിഡിറ്റിയിൽ ലഭിക്കുന്ന ഏറ്റവും നിരക്കുകുറഞ്ഞ വിഐ പ്ലാന് 319 രൂപയാണ് ചെലവ് വരിക.
കൂടുതൽ വാലിഡിറ്റിയിൽ ഇതേ ആനുകൂല്യങ്ങൾ വേണമെങ്കിൽ, 539 രൂപ, 839 രൂപ പ്ലാനുകൾ ഉണ്ട്. 539 രൂപ പ്ലാൻ 56 ദിവസവും 839 രൂപ പ്ലാൻ 84 ദിവസവും വാലിഡിറ്റി നൽകും. ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുള്ള പ്രതിദിനം 2ജിബി പ്ലാൻ തേടുന്നവർക്ക് 84 ദിവസ വാലിഡിറ്റിയുള്ള 1066 രൂപ പ്ലാൻ ലഭ്യമാണ്.
മികച്ച പ്ലാൻ: ഒരു മാസവാലിഡിറ്റിയുള്ള പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞത് 28 ദിവസ വാലിഡിറ്റിയുള്ള 299 രൂപയുടെ ജിയോ പ്ലാനാണ്. ദീർഘകാല പ്ലാനുകളാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതിലും മുന്നിൽ ജിയോയുടെ 533 രൂപ, 719 രൂപ പ്ലാനുകളാണ്. ഒടിടി സബ്സ്ക്രിപ്ഷൻകൂടി വേണമെങ്കിൽ എയർടെലിന്റെ 359 രൂപ പ്ലാനും വിഐയുടെ 1066 രൂപ പ്ലാനും മികച്ചതാണ്.


Click it and Unblock the Notifications