പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെ കാണാം! ജിയോഹോട്ട്‌സ്റ്റാർ ലോഞ്ച് സൂചനയുമായി ഡിസ്നി സ്റ്റാർ
ഇന്ത്യയിലെ എന്റർടെയ്ൻമെന്റ് രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന ഒരു പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്ന ഏറ്റവും പുതിയ സൂചനകൾ പുറത്ത്, ജിയോസിനിമയുടെയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്റെയും ലയനത്തെക്കുറിച്ചാണ് ഈ പറഞ്ഞത്. ഇന്ത്യയിലെ ഒടിടി പ്ലാറ്റ്ഫോം രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവയ്ക്കാൻ സാധ്യതയുള്ള ഒരു ലയനത്തിന്റെ ഒരു പ്രധാന ഘട്ടം കഴിഞ്ഞ വർഷം നവംബറിൽ നടന്നിരുന്നു, ഡിസ്‌നി, റിലയൻസ്, വയാകോം18 എന്നീ കമ്പനികളുടെ ലയനം ആയിരുന്നു അത്. അന്നത്തെ ലയനത്തിന് ശേഷം ഈ കമ്പനികൾ ഒന്നുചേർന്നുകൊണ്ടുള്ള ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോൾ ജിയോസിനിമയുടെയും ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന്റെയും ലയനത്തെക്കുറിച്ച് സൂചന നൽകി ജിയോ സ്റ്റാർ ഒരു ടീസർ പങ്കുവച്ചിരിക്കുന്നു. ഇരു പ്ലാറ്റ്ഫോമുകളും ലയിച്ച് പുതിയതായി രൂപീകരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം ജിയോഹോട്ട്‌സ്റ്റാർ (JioHotstar) എന്നാകും അറിയപ്പെടുക എന്ന് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നു. കാരണം പരസ്യ പ്ലാറ്റ്ഫോമുകളിലും ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ആപ്പിലും ഈ പേര് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഒരു പുതിയ യുഗം ആരംഭിക്കുന്നു: ജിയോ സ്റ്റാർ ഇപ്പോൾ തങ്ങളുടെ ഔദ്യോഗകി ട്വിറ്റർ (X) അക്കൗണ്ടിൽ ജിയോഹോട്ട്സ്റ്റാറിന്റെ പുതിയ ടീസർ പങ്കുവച്ചിട്ടുണ്ട്. "ഒരു പുതിയ യുഗം ആരംഭിക്കുന്നു" എന്ന് പറയുന്ന ഒരു ടീസർ ക്ലിപ്പ് ആണിത്. ഇതിനോടൊപ്പം ഒരു സ്റ്റാർ ഇമോജിയും "പ്രപഞ്ചത്തിൽ രണ്ട് ലോക എന്റർടെയ്ൻമെന്റുകൾ ലയിക്കുമ്പോൾ എന്ത് സംഭവിക്കും" എന്ന ക്യാപഷനോടെയാണ് ഈ ടീസർ പങ്കുവച്ചിരിക്കുന്നത്.
ജിയോഹോട്ട്സ്റ്റാർ ആരംഭിക്കുന്നതിന്റെ തയാറെടുപ്പുകൾ വളരെ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോൾ ജിയോസിനിമ സബ്‌സ്‌ക്രിപ്‌ഷൻ ഓട്ടോപേ മാൻഡേറ്റുകൾ റദ്ദാക്കുന്നതായി ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ചില പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ജിയോഹോട്ട്‌സ്റ്റാർ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്നതിനാൽ ഇപ്പോൾ പുതിയ വരിക്കാരെ ചേർക്കാൻ ജിയോസിനിമ ആഗ്രഹിക്കുന്നില്ലാത്തതിനാലാകാം ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രൈബർമാരെ ജിയോഹോട്ട്‌സ്റ്റാറിലേക്ക് എങ്ങനെ മൈഗ്രേറ്റ് ചെയ്യുന്നുവെന്ന് കണ്ടറിയേണ്ടതുണ്ട്. എന്തായാലും ജിയോഹോട്ട്സ്റ്റാർ വരുന്നതോടെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷമാകാൻ സാധ്യതയുണ്ട്. കാരണം, വരാനിരിക്കുന്ന ടാറ്റ WPL (വനിതാ പ്രീമിയർ ലീഗ്) ജിയോഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും (ടിവി ചാനലുകൾ) തത്സമയം സംപ്രേഷണം ചെയ്യുമെന്നതിന്റെ ചില പോസ്റ്റുകൾ സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പുറത്തുവന്നിട്ടുണ്ട്.
പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകൾ പുതിയ ജിയോഹോട്സ്റ്റാർ പ്ലാറ്റ്‌ഫോമിൽ കാണാൻ കഴിയും. കൂടാതെ ഡിസ്‌നി-റിലയൻസ് സംയുക്ത സംരംഭം ഔദ്യോഗികമായി ജിയോഹോട്സ്റ്റാർ പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഡിസ്‌നി (ഡിസ്‌നി ഒറിജിനൽസ്, മാർവൽ, സ്റ്റാർ വാർസ്, നാറ്റ് ജിയോ, പിക്‌സർ ഉൾപ്പെടെ), വാർണർ ബ്രോസ്, എച്ച്‌ബിഒ, മാക്‌സ് ഒറിജിനൽ, കളേഴ്‌സ്, കണ്ടന്റുകൾ ഒരു കുടക്കീഴിൽ ആക്‌സസ് ചെയ്യാൻ കഴിയും.
നിലവിൽ ഇന്ത്യയിലെ ഒടിടി രംഗത്ത് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത് നിരക്കുകൾക്ക് ആണ്. ഇന്ത്യയിൽ ജിയോഹോട്ട്സ്റ്റാറിന്റെ പ്രധാന എതിരാളികൾ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളാണ്. ഈ മത്സരത്തിൽ ഈ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഒരു പ്രധാന ഘടകമാകുമെന്ന് കരുതപ്പെടുന്നു.
ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുന്ന ചാനലുകൾ ഏതൊക്കെയാണ് എന്ന് അറിയാൻ ചിലർ താൽപര്യപ്പെടുന്നുണ്ട്. അത്തരം ആളുകൾക്ക് Jiostar.com എന്ന വെബ്‌സൈറ്റിൽ അതിനുള്ള ഉത്തരമുണ്ട്. അതായത് JioHotstar-ൽ ലഭ്യമായ ചാനലുകളുടെ സാധ്യതാ പട്ടിക ഈ വെബ്സൈറ്റിലുണ്ട്. ഇതിൽ സ്റ്റാൻഡേർഡ് ഡെഫനിഷൻ (SD), ഹൈ ഡെഫനിഷൻ (HD) ചാനലുകൾ ഉണ്ട്. 100-ലധികം ലൈവ് ടിവി ചാനലുകളും 30,000 മണിക്കൂറിലധികം കണ്ടന്റുകളും ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








