ആള് വളർന്ന അളവിൽ വരുമാനം വളർന്നില്ല; ജിയോയുടെ പ്രതീക്ഷ ഇലക്ഷന് ശേഷമുള്ള നിരക്ക് വർധനയിൽ
വരിക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ് (Reliance Jio). എയർടെൽ രണ്ടാമതും വിഐ മൂന്നാമതും ബിഎസ്എൻഎൽ നാലാമതും നിലകൊള്ളുന്നു. നിലവിൽ ഏറ്റവുമധികം വരിക്കാരുള്ള കമ്പനി എന്നത് മാത്രമല്ല, പുതിയതായി വരിക്കാർ ഏറ്റവുമധികം ഒഴുകിയെത്തുന്ന കമ്പനിയും റിലയൻസ് ജിയോ തന്നെയാണ്.
നിലവിൽ വരിക്കാരുടെ എണ്ണം 500 മില്യൺ എന്ന നാഴികക്കല്ലിലേക്ക് എത്തിക്കാനുള്ള ജൈത്രയാത്രയിലാണ് ജിയോ. സബ്സ്ക്രൈബേഴ്സിന്റെ എണ്ണം അനുദിനം വർധിക്കുന്നതിനാൽ ഈ നാഴികക്കല്ല് വളരെ വേഗത്തിൽ പിന്നിടാൻ ജിയോയ്ക്ക് സാധിക്കും. എന്നാൽ ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കുകൂടി പുറത്തുവന്നിട്ടുണ്ട്. ആള് കൂടുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി വരുമാനം കൂടുന്നില്ലെന്നതാണത്.

കഴിഞ്ഞ നാല് പാദങ്ങളിലെ കണക്കെടുത്താൽ റിലയൻസ് ജിയോയുടെ എആർപിയു വളരെ മോശമാണ് എന്നാണ് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് ഓരോ ഉപയോക്താവിൽ നിന്നും കമ്പനി നേടുന്ന വരുമാനമാണ് എആർപിയു. average revenue per user എന്നതാണ് എആർപിയു എന്നതിന്റെ പൂർണ്ണരൂപം.
ജിയോയുടെ കാര്യമെടുത്താൽ കഴിഞ്ഞ കുറച്ച് പാദങ്ങളായി ജിയോയുടെ വരിക്കാരുടെ എണ്ണം കൂടിയിട്ടുണ്ട് എങ്കിലും അതിന് ആനുപാതികമായി വരിക്കാരിൽ നിന്നുള്ള വരുമാനം (എആർപിയു) കൂടിയിട്ടില്ല. എആർപിയു വളർച്ച ഏതാണ്ട് മുരടിച്ച അവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ മൊത്തത്തിലുള്ള വരുമാനത്തിൽ യാതൊരു ഇടിവും ഉണ്ടായിട്ടില്ല. അതിനാൽത്തന്നെ എആർപിയു വരുമാനത്തിലെ മുരടിപ്പ് ജിയോ കാര്യമാക്കുന്നില്ല.

2023 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൻ്റെ അവസാനത്തിൽ 178.8 രൂപയായിരുന്നു ജിയോയുടെ എആർപിയു. 24 സാമ്പത്തിക വർഷത്തിൻ്റെ നാലാംപാദത്തിൽ 181.7 രൂപയിലേക്ക് എത്താനേ ജിയോയുടെ എആർപിയുവിന് കഴിഞ്ഞിട്ടുള്ളൂ. FY24-ൻ്റെ Q3, Q4 എന്നിവയിൽ, ARPU സ്ഥിരമായി 181.7 രൂപയിൽ തുടർന്നു. കൂടുതൽ ആക്ടീവ് വരിക്കാരെ ചേർക്കാൻ കഴിഞ്ഞതിലൂടെയാണ് ജിയോയുടെ വരുമാനം ഉയർന്നതെന്ന് ഇത് സൂചിപ്പിക്കുന്നു.
കമ്പനിക്ക് അതിൻ്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ വിലയ്ക്ക് വിൽക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന മെട്രിക് ആണ് ARPU. എയർടെൽ തങ്ങളുടെ വരിക്കാരിൽ നിന്ന് പരമാവധി വരുമാനം ഈടാക്കാൻ തന്ത്രങ്ങൾ മെനയാറുണ്ട്. അതിനാൽത്തന്നെ എയർടെലിന്റെ പ്ലാനുകൾക്ക് പൊതുവെ ജിയോയുടെ പ്ലാനുകളെ അപേക്ഷിച്ച് നിരക്ക് കൂടുതലാണ്.
ഒരു വരിക്കാരനിൽ നിന്ന് പരമാവധി വരുമാനം സ്വന്തമാക്കുക എന്നതാണ് എയർടെലിന്റെ തന്ത്രമെന്ന് അവരുടെ നിരക്കുകൾ കണ്ടാൽ തോന്നും. എന്നാൽ ജിയോയുടെ തന്ത്രം അങ്ങനെയല്ല. പരമാവധി വരിക്കാരെ തങ്ങളിലേക്ക് എത്തിക്കുക. അതുവഴി വരുമാനം വർധിപ്പിക്കുക എന്നതാണ് ജിയോയുടെ ഒരു ശൈലി. അതിനാലാണ് ജിയോ പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളിലുള്ളതിനെക്കാൾ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

വരിക്കാരെ കൂടുതൽ ചേർക്കുന്നതിലൂടെ ജിയോയ്ക്ക് വരുമാനം കണ്ടെത്താൻ കഴിയുന്നുമുണ്ട്. നിലവിൽ ജിയോയും എയർടെലും 5ജി സേവനം സൗജന്യമായാണ് നൽകുന്നത്. ഇത് വരുമാന നഷ്ടം ഉണ്ടാക്കുന്നുണ്ട്. നിലവിൽ ജിയോയ്ക്ക് 108 ദശലക്ഷത്തിലധികം 5G ഉപയോക്താക്കളുണ്ട്. ഇവരിൽ നിന്ന് ചെറിയൊരു തുകവീതം 5ജി സേവനങ്ങൾക്ക് ഈടാക്കിയാൽ തന്നെ വരുമാനത്തിൽ വൻ വർധന ഉണ്ടാകും എന്നത് ശ്രദ്ധേയമാണ്.
5ജി വ്യാപനം പൂർത്തിയാകുന്നതോടെ ജിയോ വരിക്കാരുടെ എണ്ണം ഇനിയുമേറെ വർധിക്കുമെന്നതിൽ സംശയമില്ല. ജിയോ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ വരുമാനം വർധിപ്പിക്കാൻ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് ഇലക്ഷന് ശേഷമുള്ള നിരക്ക് വർധനയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ ഇന്ത്യയിൽ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തും എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്.
നിരക്ക് വർധനയ്ക്ക് ഒപ്പം 5ജി സേവനങ്ങൾക്ക് ചെറിയ തോതിൽ നിരക്കും ഈടാക്കാൻ തുടങ്ങിയാൽ ടെലിക്കോം കമ്പനികളുടെ വരുമാനം നിലവിലുള്ളതിന്റെ പലമടങ്ങ് ഉയരും. ജിയോയും എയർടെലും 5ജി വ്യാപനത്തിനായി ധാരാളം ഫണ്ട് ഇറക്കിയിട്ടുള്ളതിനാൽ നിരക്ക് വർധന അതിയായി ആഗ്രഹിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം 5ജി ആരംഭിക്കാൻ കഴിയാത്ത വിഐയാകട്ടെ നിരക്കുവർധന എത്രയുംവേഗം വേണമെന്ന ആഗ്രഹക്കാരനാണ്.


Click it and Unblock the Notifications







