അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവർ എന്ന് പറയരുത്; നിരക്ക് കൂട്ടിയ ജിയോ ചെയ്ത ഒരു മഹാമനസ്കത
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിലായി നിരവധി പ്ലാനുകൾ ലഭ്യമാക്കിയിരുന്നു. എന്നാൽ ജൂലൈ 3ന് മൊബൈൽ താരിഫ് വർധന നടപ്പായ ശേഷം ഈ പ്ലാനുകളുടെ പട്ടിക മാറിമറിഞ്ഞു. എങ്കിലും ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടിക പരിശോധിച്ചാൽ ഇപ്പോഴും 500 രൂപയിൽ താഴെ നിരക്കിൽ രണ്ട് പ്ലാനുകൾ കണ്ടെത്താൻ കഴിയും. പ്ലാനുകളുടെ നിരക്ക് കൂട്ടിയതിന്റെ പേരിൽ ജിയോയ്ക്കും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികൾക്കും എതിരേ പ്രതിഷേധം ശക്തമാണ്. എന്നാൽ നിരക്ക് കൂട്ടിയെങ്കിലും തങ്ങളുടെ പോസ്റ്റ്പെയ്ഡ് വരിക്കാരോട് ജിയോ ഒരു വീട്ടുവീഴ്ച ചെയ്തിട്ടുണ്ട്.
ജിയോ ഇതുവരെ 239 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നൽകിയിരുന്നു. അതായത് ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് പ്രതിദിന പരിധികളൊന്നും ഇല്ലാതെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ നിരക്ക് വർധന നടപ്പിലാക്കിയതിനൊപ്പം ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിലും മാറ്റം വരുത്തി.

നിരക്ക് വർധനയ്ക്ക് ശേഷം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നത്. അതിനാൽ നിരവധി പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പുറത്തായി. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ നിരക്ക് വർധന നടപ്പാക്കിയെങ്കിലും ജിയോ ഒരു നല്ലകാര്യം ചെയ്തു.
ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ഉൾപ്പെടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ നിലനിർത്തി എന്നതാണ്
ജിയോ ചെയ്ത ഒരു നല്ല കാര്യം. അതിനാൽ വിലകുറഞ്ഞതോ വില കൂടിയതോ എന്ന വ്യത്യാസമില്ലാതെ ജിയോയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5G വാഗ്ദാനം ചെയ്യുന്നു.

500 രൂപയിൽ താഴെ നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അന്വേഷിക്കുന്ന ജിയോ വരിക്കാർക്ക് പുതിയ നിരക്ക് വർധനവിന് ശേഷം രണ്ട് ഓപ്ഷനുകളാണ് കാണാൻ കഴിയുക. ഈ പ്ലാനുകൾ 349 രൂപ, 449 രൂപ നിരക്കുകളിൽ എത്തുന്നു. അതായത് രണ്ട് പ്ലാനുകളും തമ്മിൽ 100 രൂപ വ്യത്യാസം.
എന്നാൽ പ്ലാൻ തുകയ്ക്ക് ഒപ്പം 18% ജിഎസ്ടി കൂടി ഉൾപ്പെടുന്ന അന്തിമ ബിൽ എത്തുമ്പോഴേക്കും 349 രൂപ പ്ലാനിന് 411.82 രൂപയും 449 രൂപ പ്ലാനിന് 529.82 രൂപയും പ്രതിമാസം ചെലവാകും. 500 രൂപയിൽ താഴെ ചെലവിൽ ലഭ്യമാകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.
349 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 30ജിബി ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. 5ജി ഓഫർ ലഭ്യമല്ലാത്തവർ അധികമായി ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ നൽകണം. ഈ പ്ലാനിനൊപ്പം അധിക സിം ഇല്ല. അൺലിമിറ്റഡ് 5G, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

449 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 75ജിബി ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിലുണ്ട്. നിശ്ചിത ജിബിക്ക് ശേഷമുള്ള ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ അധികം നൽകേണ്ടി വരും. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്‌ക്കൊപ്പം അൺലിമിറ്റഡ് 5 ജി ഡാറ്റയും അധിക ആനുകൂല്യമായി ഈ പ്ലാനിലുണ്ട്.
449 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പം 3 ഫാമിലി സിം കാർഡുകൾ വരെ ലഭിക്കും. ഓരോ അധിക സിം കാർഡിനും പ്രതിമാസം 99 രൂപ അധികമായി ഈടാക്കും. അധിക സിം കാർഡുകൾക്കൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളുമുണ്ട്, എന്നാൽ ഡാറ്റ ആകെ 5 ജിബി മാത്രമാണ് ലഭിക്കുക.


Click it and Unblock the Notifications







