പണിയെടുക്കാൻ മടിയായിട്ടല്ല കേട്ടോ! കലാപക്കേസ് പ്രതിയുടെ ജാമ്യഹർജിയിൽ ചാറ്റ്ജിപിടിയുടെ സഹായം തേടി ജഡ്ജി
കലാപക്കേസിൽ പ്രതിസ്ഥാനത്തുള്ള ഒരു കുറ്റവാളിയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ ജഡ്ജി ചാറ്റ്ബോട്ടിനോട് അഭിപ്രായം ചോദിക്കുക! കേൾക്കുമ്പോൾ അൽപ്പം വശപ്പിശക് തോന്നുമെങ്കിലും അങ്ങനെയൊരു സംഭവം കൂടി ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ ചരിത്രത്തിലേക്ക് എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും സായിപ്പ് കൗതുകം കൊണ്ട് ഒരു കുസൃതി ഒപ്പിച്ചതാകും എന്ന് കരുതിയെങ്കിൽ തെറ്റി, സംഭവം ഇന്ത്യയിലാണ്.
തിങ്കളാഴ്ച, ഒരു കലാപക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പഞ്ചാബ് & ഹരിയാന ഹൈക്കോടതിയിലെ ജഡ്ജി ഓപ്പൺഎഐ വികസിപ്പിച്ച ചാറ്റ്ജിപിടി ചാറ്റ്ബോട്ട് ഉപയോഗിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് (BarandBench) ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കോടതി എഐ സഹായം തേടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അതിക്രൂരമായ ആക്രമണം നടത്തിയ പ്രതിക്ക് ജാമ്യം നൽകുന്നതിൽ തീരുമാനമെടുക്കും മുമ്പ്, രാജ്യാന്തര തലത്തിലുള്ള നിയമങ്ങൾ എന്ത് ശിക്ഷയാണ് അയാൾക്ക് നൽകുക എന്നതിൽ ഒരു വ്യക്തതയ്ക്കായാണ് അനൂപ് ചിത്ക്കര എന്ന ജസ്റ്റിസ് എഐ ചാറ്റ്ബോട്ടിന്റെ അഭിപ്രായം തേടിയത് എന്നാണ് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2022 ജൂണിൽ നടന്ന കലാപത്തിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ജസ്‍വിന്ദര്‍ സിങ്ങിന്റെ ജാമ്യഹർജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ജസ്‍വിന്ദറും കൂട്ടാളികളും നടത്തിയ ക്രൂരമായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇത്രയും ക്രൂരമായ ആക്രമണം നടത്തിയ പ്രതിയുടെ ജാമ്യഹർജിയിൽ ആഗോള തലത്തിലെ നിയമങ്ങൾ പ്രകാരം എന്ത് തീരുമാനമാണ് ഉണ്ടാകുക എന്നാണ് ജഡ്ജി ചാറ്റ്ജിപിടിയോട് ചോദിച്ചത്.
ഇത്തരം ക്രൂരമർദനങ്ങൾ നടന്ന കേസുകളിൽ പ്രത്യേക സാഹചര്യങ്ങളെയും കേസ് വിചാരണ ചെയ്യുന്ന പ്രദേശത്തെ നിയമങ്ങളെയും ചട്ടങ്ങളെയും ആശ്രയിച്ചായിരിക്കും തീരുമാനങ്ങൾ ഉണ്ടാവുകയെന്നും കൊലപാതകം, ക്രൂരമായ ആക്രമണം, അല്ലെങ്കിൽ പീഡനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ സമൂഹത്തിന് ആപത്താണെന്നും എഐ മറുപടി നൽകി. അത്തരം കേസുകളിൽ, ജഡ്ജി ജാമ്യം നൽകാതിരിക്കുകയോ, ജാമ്യത്തുക ഈടാക്കി ജാമ്യം അനുവദിക്കുകയോ ചെയ്യാറുണ്ടെന്നും എഐ അറിയിച്ചു.

പ്രതി കോടതിയിൽ ഹാജരാകുമെന്നും പൊതുജന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നില്ലെന്നും ഉറപ്പാക്കിയേ ജാമ്യം അനുവദിക്കാവൂ. ആക്രമണത്തിന്റെ തീവ്രത, പ്രതിയുടെ ക്രിമിനൽ ചരിത്രം, അവർക്കെതിരായ തെളിവുകളുടെ ശക്തി എന്നിവയെല്ലാം ജഡ്ജി പരിഗണിക്കുന്ന ഘടകങ്ങളാണ്. നിരപരാധിയാണ് എന്ന് തോന്നുന്ന ഘട്ടങ്ങളിൽ ജാമ്യം അനുവദിക്കുക എന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണ് എന്നും എഐ പറയുന്നു.
അതേസമയം ചാറ്റ്ജിപിടിയുടെ അഭിപ്രായം തേടിയെങ്കിലും അത് കേസിന്റെ വിധിയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യാന്തര തലത്തിലുള്ള ഒരു അഭിപ്രായം മനസിലാക്കുക എന്ന നിലയ്ക്ക് മാത്രമാണ് ചാറ്റ്ബോട്ടിനോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചത് എന്നും കോടതി വ്യക്തമാക്കി. അതിക്രൂരവും മൃഗീയവുമായ ആക്രമണമാണ് പ്രതിയും കൂട്ടാളികളും നടത്തിയത്.

രണ്ട് കേസുകളുടെ ക്രിമിനൽ ചരിത്രവും ഈ കേസിലെ പ്രതിക്കുണ്ട്. ഈ കേസിൽ, ശേഖരിച്ച വിവരങ്ങൾ, പരിക്കുകൾ, തെളിവുകൾ എന്നിവ വ്യക്തമാക്കുന്നത് പ്രതിയും കൂട്ടാളികളും ഇരയോടെ അതീവക്രൂരതമായും ദയയില്ലാതെയുമാണ് പെരുമാറിയത് എന്നാണ്. അതിനാൽത്തന്നെ പ്രതിക്ക് ജാമ്യത്തിന് അർഹതയില്ല എന്നും ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി വിധിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടുകൂടി പ്രവർത്തിക്കുന്ന 'റോബോട്ട് വക്കീൽ' കുറച്ചുനാൾമുമ്പ് ലോകമെങ്ങും ശ്രദ്ധനേടിയിരുന്നു. നിയമ-കോടതി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട എഐ സംവിധാനം എന്ന നിലയിൽ ഏറെ കൗതുകത്തോടെയാണ് ലോകം ആ വാർത്തകേട്ടത്. എന്നാലിപ്പോൾ ചാറ്റ്ജിപിടിയുടെ വരവോടെ കോടതി വ്യവഹാരങ്ങളിലേക്ക് കൂടുതൽ കടന്നുചെല്ലാൻ സാങ്കേതികവിദ്യയ്ക്കും എഐയ്ക്കും കഴിഞ്ഞിരിക്കുന്നു.
ചാറ്റ്ജിപിടിയുടെ വരവ് ഒരുപാട് മേഖലകളിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുകയും മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. എന്നാൽ മനുഷ്യന്റെ ജോലി ഏറെ എളുപ്പമാക്കുന്ന ഈ എഐ ടൂൾ നിരവധി മനുഷ്യരുടെ ഉപജീവനമാർഗം ഇല്ലാതാക്കാൻ കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്. എങ്കിലും അടുത്തിടെ ഉണ്ടായതിൽ ഏറ്റവും വലിയ സാങ്കേതികമുന്നേറ്റമായാണ് എഐ വിശേഷിപ്പിക്കപ്പെടുന്നത്. വരും നാളുകൾ എഐയുടേതാണ് എന്നാണ് പ്രമുഖർ വിലയിരുത്തുന്നത്.


Click it and Unblock the Notifications








