KaiOS സ്‌റ്റോര്‍ വഴി ജിയോ ഫോണിലും നോക്കിയ 8110-ലും വാട്‌സാപ്പ് എത്തി
ഫീച്ചര്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന KaiOS-ല്‍ ഇനി മുതല്‍ വാട്‌സാപ്പ് ലഭിക്കും. ജിയോ ഫോണ്‍, ജിയോ ഫോണ്‍ 2, നോക്കിയ 8110 തുടങ്ങിയ ഫോണുകള്‍ KaiOS-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഈ ഫോണുകളില്‍ KaiOS സ്‌റ്റോറില്‍ നിന്ന് വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

KaiOS-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഇനി വാട്‌സാപ്പ് ആസ്വദിക്കാന്‍ കഴിയുമെന്ന് KaiOS ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. 512MB, 256MB റാമുള്ള ഫോണുകളില്‍ വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ കഴിയും. KaiOS-ല്‍ പ്രവര്‍ത്തിക്കുന്ന ഏറെക്കുറെ എല്ലാ സ്മാര്‍ട്ട് ഫീച്ചര്‍ ഫോണുകളും വാട്‌സാപ്പ് ഔട്ട് ഓഫ് ദി ബോക്‌സോടെ വിപണിയിലെത്തുന്ന കാലം വിദൂരമല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

KaiOS-ല്‍ വാട്‌സാപ്പ് കൊണ്ടുവരാന്‍ കഴിഞ്ഞത് അതീവ സന്തോഷം നല്‍കുന്നതായി കമ്പനി സിഇഒ സെബാസ്റ്റ്യന്‍ കോഡ്‌വില്ലി പറഞ്ഞു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്ക്കുള്ള ഫീച്ചര്‍ ഫോണുകളില്‍ വാട്‌സാപ്പ് ലഭ്യമാക്കുന്നത് ഈ ലക്ഷ്യത്തിലേക്കുള്ള വലിയൊരു മുന്നേറ്റമാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ പ്രിയപ്പെട്ടവരോടും സമൂഹത്തോടും ആശയവിനിമയം നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

KaiOS-ല്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 100 മില്യണ്‍ ഫോണുകള്‍ ഇന്ന് ആഗോളവിപണിയിലുണ്ട്. ഇതോടെ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കൂട്ടത്തില്‍ ആന്‍ഡ്രോയ്ഡിനും iOS-നും തൊട്ട് പിന്നില്‍ എത്താനും KaiOS-ന് കഴിഞ്ഞു. നോക്കിയ 8110, ജിയോ ഫോണുകള്‍ എന്നിവയ്ക്ക് പുറമെ KaiOS-ല്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഫോണുകള്‍ വിപണിയിലുണ്ട്.



Click it and Unblock the Notifications








