കേന്ദ്രമന്ത്രി കപില്‍ സിബലും ട്വിറ്ററില്‍; പരിഹാസത്തോടെ വരവേല്‍പ്
ഒടുവില്‍ കേന്ദ്ര നിയമമന്ത്രി കപില്‍ സിബലും ട്വിറ്ററില്‍ അംഗമായി. എന്നാല്‍ സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി നിറഞ്ഞ പരിഹാസത്തോടെയാണ് നെറ്റിസണ്‍സ് മന്ത്രിയെ വരവേറ്റത്. ഫോളോ ചെയ്യുന്നവരുടെ എണ്ണവും കുറവാണ്.
നവംബര്‍ 28-നാണ് മന്ത്രി ട്വിറ്ററില്‍ അക്കൗണ്ട് തുറന്നത്. 'Here I am. One of you. Lets Talk'. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. വ്യക്തിപരമായ അധിക്ഷേപവും കോണ്‍ഗ്രസ് സര്‍ക്കാറിനെതിരായ വിമര്‍ശനവുമായാണ് പലരും അദ്ദേഹത്തിന് മറുപടി നല്‍കിയത്.
മാത്രമല്ല, അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അദ്ദേഹം ആരേയും ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല. ഇതും പരിഹാസത്തിന് കാരണമായി. ഇതുവരെ 15,301 പേര്‍ മാത്രമാണ് മന്ത്രിയെ ഫോളോ ചെയ്യുന്നത്. 12 പേരെ അദ്ദേഹവും ഫോളോ ചെയ്യുന്നു.
ശശി തരൂരും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വളരെ നേരത്തെതന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നെങ്കിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഏറെ വൈകി അംഗമായതാണ് പരിഹാസം വര്‍ധിക്കാന്‍ കാരണമായത്.
അതേസമയം കപില്‍ സിബലിനെ പരിഹസിച്ചുകൊണ്ട് കപില്‍ സിബല്‍ @ സീറോ സിബല്‍ എന്ന ഒരക്കൗണ്ട് നേരത്തെ തന്നെ ചിലര്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








