ഇന്ത്യൻ പൗരൻ ജയിലിൽ; വേണ്ടിവന്നാൽ ഫെയ്സ്ബുക്ക് ഇന്ത്യയിൽ നിരോധിക്കുമെന്ന് കർണ്ണാടക ഹൈക്കോടതി
പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഉത്തരവിടുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൗദി അറേബ്യയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കർണ്ണാടക പോലീസിന്റെ അന്വേഷണത്തോട് ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല.
ഇക്കാര്യം അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതോടെ ആണ് വേണ്ടിവന്നാൽ ഫെയ്സ്ബുക്കിന്റെ പ്രവർത്തനം ഇന്ത്യയിലാകെ അവസാനിപ്പിക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. മംഗലാപുരത്തിനടുത്തുള്ള ബികർണക്കാട്ടെ സ്വദേശിനി കവിത സമർപ്പിച്ച ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

"ഒരാഴ്ചയ്ക്കകം ആവശ്യമായ വിവരങ്ങളടങ്ങിയ പൂർണ്ണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം," എന്ന് ബെഞ്ച് ഫെയ്സ്ബുക്കിനോട് നിർദേശിച്ചു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യൻ പൗരനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മംഗളൂരു പോലീസും കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടിവരുമെന്ന് കോടതി പറഞ്ഞു. തുടർന്ന് വാദം കേൾക്കുന്നത് ജൂൺ 22 ലേക്ക് മാറ്റിവച്ചു. 25 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നയാളാണ് തന്റെ ഭർത്താവ് ശൈലേഷ് കുമാർ (52) എന്ന് കവിത ഹർജിയിൽ പറയുന്നു. താനും കുട്ടികളും നാട്ടിലാണ് താമസം.

''2019-ൽ പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) പിന്തുണച്ച് ശൈലേഷ് കുമാർ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ, അജ്ഞാതർ അദ്ദേഹത്തിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുകയും അതുപയോഗിച്ച് സൗദി അറേബ്യയുടെ രാജാവിനും ഇസ്ലാം മതത്തിനും എതിരേ ആക്ഷേപകരമായ പോസ്റ്റുകൾ ഇടുകയും ചെയ്തു.''
സംഭവം അറിഞ്ഞ് ശൈലേഷ് കുമാർ ഫോണിൽ ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. തുടർന്ന് കവിത മംഗളുരു പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ സൗദി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാർത്തയാണ് അറിഞ്ഞത് എന്നാണ് കവിത ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
അന്വേഷണം ഏറ്റെടുത്ത മംഗളൂരു പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് കത്തെഴുതുകയും വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ ഈ അന്വേഷണത്തോട് പ്രതികരിക്കാൻ ഫെയ്സ്ബുക്ക് തയാറായില്ല. പിന്നീട് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് 2021ൽ ഹർജിക്കാരി കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൂടാതെ ഭർത്താവിനെ മോചിപ്പിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും കവിത അപേക്ഷ നൽകിയിരുന്നു. എന്നാൽ കാര്യമായ യാതൊരു നടപടികളും ഉണ്ടായില്ല. ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ ഇടപെടലോടെ സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്നാണ് കവിത പ്രതീക്ഷിക്കുന്നത്. അടുത്ത 22 ന് കോടതി ഈ കേസ് പരിഗണിക്കുമ്പോഴേക്ക് ആവശ്യമായ വിവരങ്ങൾ ഫെയ്സ്ബുക്ക് നൽകുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം, കർണ്ണാടക ഹൈക്കോടതിയുടെ ഇത്തരമൊരു അസാധാരണ മുന്നറിയിപ്പ് പുറത്ത് വന്നത് ഫെയ്സ്ബുക്ക് ഉപയോക്താക്കളെയും അൽപ്പം അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു കേസിന്റെ പേരിൽ രാജ്യമാകെ ഫെയ്സ്ബുക്ക് നിരോധിക്കാനുള്ള അധികാരം ഒരു സംസ്ഥാന ഹൈക്കോടതിക്ക് ഉണ്ടോ എന്ന സംശയമാണ് പല ഫെയ്സ്ബുക്ക് ഉപയോക്താക്കളും ഇപ്പോൾ ഉന്നയിക്കുന്നത്.


Click it and Unblock the Notifications








