കുറ്റവാളിയുടെ കാലിൽ ട്രാക്കർ ഇടാൻ പോലീസ്; അരിക്കൊമ്പനെപ്പോലെ നാട്ടിലെ കൊലകൊമ്പനും GPS പൂട്ട്!
അരിക്കൊമ്പനെ ഓർമ്മയില്ലേ, റേഷൻ കാർഡിൽ പേരില്ലെങ്കിലും ഇടുക്കിയിലെ പന്നിയാർ, ആനയിറങ്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലെ നിത്യ സന്ദർശകനും പ്രധാന ഗുണഭോക്താവുമായിരുന്ന അതേ അരിക്കൊമ്പൻ തന്നെ! ഇടയ്ക്കിടെ കാട്ടിൽനിന്നെത്തി നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരുന്ന അരിക്കൊമ്പനെ ഒടുവിൽ വനംവകുപ്പ് പിടിച്ച് നാടുകടത്തിയകാര്യം എല്ലാവർക്കും അറിയുള്ളതാണ്.
അരിക്കൊമ്പനെ പിടികൂടുന്നതിനെതിരേ നടന്ന പ്രതിഷേധങ്ങളും അരിക്കൊമ്പൻ ദൗത്യവും ദൗത്യത്തിന് ശേഷമുള്ള അരിക്കൊമ്പന്റെ കുമളി യാത്രയും പിന്നീട് കുമളിയെയും കമ്പത്തെയും വിറപ്പിച്ച അരിക്കൊമ്പന്റെ വീര്യവുമൊക്കെ ഏറെ ചർച്ചയായിരുന്നു. ചിന്നക്കനാലിൽനിന്ന് പിടികൂടിയ അരിക്കൊമ്പനെ വെറുതേയങ്ങ് പെരിയാർ വന്യജീവി സങ്കേതത്തിലെ വനത്തിലേക്ക് തുറന്നുവിടുകയല്ല വനംവകുപ്പ് ചെയ്തത്.

ആനയുടെ ഓരോ നീക്കവും അറിയാൻ കഴിയും വിധത്തിൽ ജിപിഎസ് ഘടിപ്പിച്ച ഒരു വലിയ റേഡിയോ കോളർ ധരിപ്പിച്ച ശേഷമാണ് പ്രശ്നക്കാരൻ എന്ന് ആരോപിക്കപ്പെടുന്ന അരിക്കൊമ്പനെ നാടുകടത്തിയത്. ഇപ്പോൾ തമിഴ്നാട് വനംവകുപ്പിന്റെ കളക്കാട് മുണ്ടന്തുറൈ ഡിവിഷന് കീഴിലുള്ള വനപ്രദേശത്താണ് അരിക്കൊമ്പനുള്ളത് എന്നാണ് വിവരം. 'പ്രശ്നക്കാരനായ' അരിക്കൊമ്പന്റെ ഓരോ നീക്കവും വനംവകുപ്പ് റേഡിയോകോളർ ജിപിഎസ് വഴി അറിഞ്ഞുകൊണ്ടിരിക്കുന്നു.
കാട്ടിലെ അരിക്കൊമ്പന്മാരെ മാത്രമല്ല, നാട്ടിലെ കൊലകൊമ്പന്മാരെയും ഭാവിയിൽ പോലീസ് ജിപിഎസ് ട്രാക്കർ വച്ച് പൂട്ടാനുള്ള സാധ്യത ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നു. കാരണം, രാജത്ത് ആദ്യമായി ജമ്മു കശ്മീർ പോലീസ് കുറ്റവാളികൾക്കായി ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റുകൾ അവതരിപ്പിച്ചിരിക്കുന്നു. ജമ്മുവിലെ സ്പെഷ്യൽ എൻഐഎ കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ജമ്മുകശ്മീർ പോലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

ജാമ്യത്തിലിറങ്ങിയ ഒരു തീവ്രവാദക്കേസ് പ്രതിയെ നീരീക്ഷിക്കുന്നതിനായിട്ടാണ്, കോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി പോലീസ് ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റുകൾ ഉപയോഗിക്കാൻ പോകുന്നത് എന്ന് ജമ്മുകശ്മീർ പോലീസിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. കുറ്റവാളിയുടെ കണങ്കാലിന് ചുറ്റും ഘടിപ്പിക്കാവുന്ന ജിപിഎസ് അടങ്ങുന്ന ഉപകരണമാണ് ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ്. ഇത് ധരിച്ചിരിക്കുന്നയാളെ ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും.
പ്രോസിക്യൂഷന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി ഇത്തരമൊരു ഉത്തരവ് നൽകിയിരിക്കുന്നത്. ജാമ്യത്തിലും പരോളിലും വീട്ടുതടങ്കലിലുമൊക്കെയുള്ള പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎസ്എ, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ ജിപിഎസ് ട്രാക്കർ ആങ്ക്‌ലെറ്റ് ഉപയോഗത്തിലുണ്ടെന്നും ജമ്മുകശ്മീർ പോലീസ് പ്രസ്താവനയിൽ പറയുന്നു.
നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ നിർദേശപ്രകാരം വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതിനും ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതിനും പ്രതിയാക്കപ്പെട്ട് വിചാരണ നേരിടുന്ന ഗുലാം മുഹമ്മദ് ഭട്ടിന്റെ കേസിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. യുഎപിഎയുടെ 17, 18, 21, 24, 40 വകുപ്പുകൾ പ്രകാരം ഉദ്‌മാപൂർ പോലീസ് സ്റ്റേഷനിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിലാണിയാൾ അറസ്റ്റിലായത്.
ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ്സ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പോലീസ് ഡിപ്പാർട്ട്‌മെന്റാണ് ജമ്മു കശ്മീർ പോലീസ്. ഭാവിയിൽ ഈ സംവിധാനം കൂടുതൽ പ്രതികളിൽ പരീക്ഷിക്കാൻ ഇടയുണ്ട് എന്ന നിരീക്ഷണങ്ങൾ ഇതിന് പിന്നാലെ എത്തിയിട്ടുണ്ട്. പല ജയിലുകളിലും താങ്ങാനാകുന്നതിലധികം കുറ്റവാളികളുണ്ട്. ഇത്തരം ട്രാക്കറുകൾ ഘടിപ്പിച്ച ശേഷം അവരിൽ പലരെയും ജാമ്യത്തിലും മറ്റും വിടാൻകഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ കൊടും കുറ്റവാളികളിൽ ഇത്തരം ജിപിഎസ് ട്രാക്കർ ആങ്ക്ലെറ്റ് ഘടിപ്പിക്കുന്നത് ഫലപ്രദമാണെന്നും അതുവഴി അവരുടെ നീക്കങ്ങൾ പോലീസിന് ട്രാക്ക് ചെയ്യാൻ കഴിയുമെന്നും ഇത് പ്രശ്നങ്ങൾ തടയാൻ ഉപകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജമ്മു കശ്മീർ പോലീസിനെ അനുകരിച്ച് രാജ്യത്ത മറ്റ് പോലീസ് യൂണിറ്റുകളും ഇത്തരം ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് തുടങ്ങുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








