വിദ്യാർഥികളെ വഞ്ചിക്കാൻ സർക്കാർ ലോഗോ, സൗജന്യ ലാപ്ടോപ് തട്ടിപ്പിൽ പരാതി നൽകുമെന്ന് ശിവൻകുട്ടി | Laptop Scam
സംസ്ഥാന സർക്കാർ സൌജന്യ ലാപ്ടോപ്പ് നൽകുമെന്നൊരു സന്ദേശം ഫോണിലോ വാട്സ്ആപ്പിലോ എത്തിയാൽ ചാടിക്കേറി ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. സൌജന്യ ലാപ്ടോപ്പ് നൽകുമെന്ന രീതിയിൽ ഓൺലൈനിൽ നടക്കുന്ന പലതരം തട്ടിപ്പുകളിലെ ഏറ്റവും പുതിയതാണിത്. നേരത്തെ പ്രധാനമന്ത്രി സൗജന്യമായി ലാപ്ടോപ്പ് നൽകുമെന്ന രീതിയിൽ സമാനമായൊരു തട്ടിപ്പ് നടന്നിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണമാണ് കേരള സർക്കാരിന്റെ ലോഗോയും ചിത്രങ്ങളും ഒക്കെ ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പും നടക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും സൌജന്യമായി ലാപ്ടോപ്പ് നൽകുന്ന സർക്കാർ പദ്ധതിയെന്ന് നിലയിൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരു മെസേജും ലിങ്കും കിടന്ന് കറങ്ങാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പദ്ധതിയുടെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്കും സന്ദേശത്തിലുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പേരും മറ്റ് വിവരങ്ങളും നൽകാനുള്ള കോളങ്ങളും തെളിയും.

എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്ന് തിരിച്ചറിയാൻ കഴിയാതെ പലരും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ ലേഖനമെഴുതുന്ന സമയത്ത് കവിയുടെ സുഹൃത്തുക്കളടക്കം ( മറ്റ് വിദ്യാർഥികൾക്ക് വേണ്ടി ) ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകിയിട്ടുണ്ട്. എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സംഭവം തട്ടിപ്പാണെന്ന് കാട്ടി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. തട്ടിപ്പ് സന്ദേശത്തിന്റെയും ഒപ്പമുള്ള ലിങ്കിന്റെയും സ്ക്രീൻഷോട്ടും മന്ത്രി ഷെയർ ചെയ്തിട്ടുണ്ട്.
സംഭവം വ്യാജ പ്രചരണം ആണെന്നും ഉടൻ പൊലീസിൽ പരാതി നൽകിയെന്നും മന്ത്രി ഫേസ്ബുക്കിൽ പറയുന്നുണ്ട്. മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം : "ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.
ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകി..."

ഏത് തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ ഡിവൈസുകളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുകയാണോ അതോ പൂരിപ്പിച്ച് നൽകിയ വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പാണോ എന്നതിലാണ് വ്യക്തതയില്ലാത്തത്. പൂരിപ്പിച്ച് നൽകിയ വിവരങ്ങൾ സ്കൂൾ കുട്ടികളുടേതാണെന്നത് സംഭവത്തിന്റെ ഗൌരവം വർധിപ്പിക്കുന്നു. എത്ര കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈവശമെത്തിയിട്ടുണ്ടെന്നതിലും വ്യക്തതയില്ല.
നേരത്തെ ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികൾക്ക് പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ് സ്കീം എന്ന പേരിൽ ഒരു വ്യാജ വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നു. സർക്കാർ വെബ്സൈറ്റിനോട് സാദൃശ്യമുള്ള www.pmflsgovt.in എന്ന യുആർഎല്ലിലാണ് വെബ്സൈറ്റ് ഉണ്ടായിരുന്നത്. ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയാൻ മാധ്യമങ്ങൾക്ക് പോലും സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ദേശീയ മാധ്യമങ്ങളടക്കം സ്കീമിനെക്കുറിച്ച് വാർത്ത നൽകി. എന്നാൽ പിന്നീട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് വാർത്ത പിൻവലിക്കുകയും ഉണ്ടായി.

ഒറ്റനോട്ടത്തിൽ എല്ലാവർക്കും ഏറെ വിശ്വാസ്യത തോന്നുന്ന വിധത്തിലാണ് ഈ വ്യാജ വെബ്സൈറ്റ് തയ്യാറാക്കിയിരുന്നത്. പദ്ധതിക്കായി അപേക്ഷിക്കാൻ 400 രൂപ ഫീസ് നൽകണമെന്നത് അടക്കമുള്ള നിർദേശങ്ങളും നൽകിയിരുന്നു. അപേക്ഷ സമർപ്പിക്കാൻ സ്റ്റുഡന്റ് ഐഡി കാർഡ് / അഡ്മിഷൻ രേഖ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ വിശ്വസനീയമായ വിധത്തിൽ നൽകിയിരുന്നതാണ് എല്ലാവരും കബളിപ്പിക്കപ്പെടാനുള്ള കാരണം.


Click it and Unblock the Notifications