കേരളാ പൊലീസിനോടാണോ കളി; കോഴിക്കോട് വ്യാജ വീഡിയോകോളിലൂടെ തട്ടിയെടുത്ത പണം തിരിച്ചെടുത്തു
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്താൽ വീഡിയോ കോൾ വഴി കോഴിക്കോട് പണം തട്ടിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം തിരിച്ചെടുത്തു. 40,000 രൂപയാണ് കേരളാ പൊലീസിന്റെ സൈബർ വിഭാഗം തിരിച്ചു പിടിച്ചത്. ആദ്യമായിട്ടാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനായിരുന്നു പണം നഷ്ടപ്പെട്ടത്.
എഐ സഹായത്തോടെ രാധാകൃഷ്‌ണന്റെ സുഹൃത്തിന്റെ മുഖം നിർമ്മിച്ചാണ് തട്ടിപ്പുകാരൻ വാട്സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്തത്. രാധാകൃഷ്ണനോടൊപ്പം ആന്ധ്ര പ്രദേശിൽ ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ മുഖം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. ഇതിന് പുറമെ ഇരുവർക്ക് മാത്രം അറിയാവുന്ന സുഹൃത്തുക്കളുടെ വിവരങ്ങളും ഇവർ തമ്മിൽ സംസാരിച്ചു. താൻ ദുബായിൽ ആണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.

നാട്ടിൽ വന്നതിന് ശേഷം പണം തിരികെ തരാമെന്നും രാധാകൃഷ്‌ണനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആദ്യം 40,000 രൂപ നേടിയതിന് ശേഷം വീണ്ടും 35,000 രൂപ ആവിശ്യപ്പെട്ടപ്പോഴാണ് രാധാകൃഷ്ണന് സംശയം തോന്നിയത്. ഇതിന് പിന്നാലെ ഇദ്ദേഹം യഥാർത്ഥ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം രാധകൃഷ്ണൻ തിരിച്ചറിഞ്ഞത്. പിന്നാലെ ഇദ്ദേഹം ഇക്കാര്യം പൊലീസിനെ അറിയിച്ചു.
രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ രാധാകൃഷ്ണന് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുപിടിച്ചതായി കേരളാ പൊലീസിന്റെ സൈബർ വിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായ അഭ്യർത്ഥന നടത്തിയാൽ ഇത്തരം കോളുകൾ ഒഴിവാക്കണം എന്ന് പൊലീസ് അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ പെട്ടാൽ കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ ബന്ധപ്പെടണമെന്നും പൊലീസ് പറഞ്ഞു.

ഈ മാസം 9ന് ആയിരുന്നു വാർത്തക്ക് ആസ്പദമായ സംഭവം നടന്നത്. കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച ജീവനക്കാരനായിരുന്നു രാധാകൃഷ്ണൻ. കാര്യങ്ങളുടെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോൾ തന്റെ മറ്റ് സുഹൃത്തുക്കളോടും തട്ടിപ്പുകാരൻ പണം ആവിശ്യപ്പെട്ടതായി രാധാകൃഷ്ണന് വ്യക്തമായി. തട്ടിപ്പുകാരൻ ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ചാണ് സുഹൃത്തിന്റെ മുഖം നിർമ്മിച്ചെടുത്തത് എന്നാണ് പൊലീസിന്റെ നിഗമനം.
ഹൈദരബാദിലെ അക്കൗണ്ടിലേക്കായിരുന്നു പണം എത്തിയത്. ഇതേ നമ്പറിൽ നിന്ന് രാത്രി പലവട്ടം രാധാകൃഷ്ണന് വാട്സ്ആപ്പ് കോൾ വന്നിരുന്നു. എന്നാൽ നെറ്റ് ഓഫ് ആയതിനാൽ സംഭവം അറിഞ്ഞിരുന്നില്ല. പിറ്റേ ദിവസം നേരം വെളുത്തതിന് ശേഷം നെറ്റ് ഓൺ ചെയ്തപ്പോഴാണ് തട്ടിപ്പുകാരന്റെ മിസ്കോളും ഇയാൾ അയച്ച മെസ്സേജുകളും രാധാകൃഷ്ണൻ കണ്ടത്. ഇതോടെ തിരിച്ചുവിളിച്ച് സംസാരിക്കുകയായിരുന്നു.
വിഡിയോയിൽ വന്ന മുഖവും സംസാരവും സുഹൃത്തിന്റേതു തന്നെയാണെന്നും, കണ്ണും പുരികവും ചുണ്ടും എല്ലാം വ്യക്തതയോടെ ചലിക്കുന്നുണ്ടായിരുന്നു എന്നും രാധാകൃഷ്ണൻ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ അതേ ശബ്ദമായിരുന്നു വിളിച്ച തട്ടിപ്പുകാരനെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. പരിചയക്കാരുടെ ശബ്ദം അനുകരിച്ചു ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മുഖം വ്യാജമായി നിർമിച്ചുള്ള തട്ടിപ്പ് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
സംഭവം റിപ്പോർട്ട് ചെയ്തതോടെ എഐ ദൂഷ്യവശങ്ങളിൽ ഒന്ന് പുറത്തുവന്നിരിക്കുകയാണ്. എഐ വളരെ അപകടം പിടിച്ച സാങ്കേതിക വിദ്യയാണെന്ന് മുമ്പം പല വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. വരും കാലങ്ങളിൽ പെൺകുട്ടികളും സെലിബ്രറ്റികളും ഏറ്റവും ഭയത്തേടെ കാണേണ്ട ഒരു സാങ്കിതിക വിദ്യയാണ് ഇതെന്നും നിരവധി പേര് അഭിപ്രായപ്പെട്ടിരുന്നു. പുതിയ സംഭവത്തോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.


Click it and Unblock the Notifications








