കോക്കോണിക്സ് ജനുവരിയുടെ ഓർമ! കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വീണ്ടും ചർച്ചയാകുന്നു
ഒട്ടേറെ സ്വപ്നങ്ങളുമായി ഒരു പാട് പദ്ധതികൾ സർക്കാരുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ അവയിൽ പലതും വർഷങ്ങളെത്ര കഴിഞ്ഞാലും പ്രഖ്യാപനങ്ങളിൽ തന്നെ ഒതുങ്ങും. പിന്നോട്ടുനോക്കിയാൽ ജനിക്കും മുമ്പ് മരിച്ച ഒരുപാട് പദ്ധതികൾ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലുള്ള കോക്കോണിക്സ് ലാപ്ടോപ്പ് പദ്ധതിയെപ്പറ്റയുള്ള ചർച്ചകളും സർക്കാരിനെതിരായ പരിഹാസങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു.

ജനുവരിയിൽ പുറത്തിറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച ലാപ്ടോപ്പ് ജനുവരികൾ പിന്നിട്ടിട്ടും കിട്ടാനില്ല. ഇപ്പോൾ മറ്റൊരു ജനുവരി പടിവാതിലിൽ എത്തി നിൽക്കെയാണ് പ്രതിപക്ഷ യുവജന നേതാക്കൾ കോക്കോണിക്സ് ലാപ്ടോപ്പ് പദ്ധതി വീണ്ടും ചർച്ചയാക്കുന്നത്. സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾ വന്നു തുടങ്ങുകയും ലോകം ടെക്നോളജിയ്ക്കൊപ്പം ജീവിച്ച് മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച ദീർഘവീക്ഷണമുള്ള പദ്ധതിയായിരുന്നു കോക്കോണിക്സ് ലാപ്ടോപ്പ് പദ്ധതി.

2019 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിലൂടെ കോക്കോണിക്സ് ലാപ്ടോപ്പ് ജനുവരിയിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന നിലയ്ക്കാണ് കോക്കോണിക്സ് ലാപ്ടോപ്പ് പദ്ധതി അവതരിപ്പിക്കപ്പെട്ടത്. മെമ്മറിയും, പ്രോസസ്സറും അടക്കമുള്ള 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്യുകയും നാൽപ്പത് ശതമാനം ഘടകങ്ങൾ ഇവിടെത്തന്നെ നിർമ്മിക്കുകയും ചെയ്തശേഷം കേരളത്തിൽവച്ചുതന്നെ ഇവ സംയോജിപ്പിച്ച് കോക്കോണിക്സ് എന്ന പേരിൽ സംസ്ഥാനത്തിന്റെ ലാപ്ടോപ്പ് ആയി പുറത്തിറക്കാനാണ് സർക്കാർ പദ്ധതിയിട്ടത്.

രാജ്യത്ത് ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ലാപ്ടോപ്പ് നിർമിക്കുന്നതായിരുന്നു പദ്ധതി. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായിരുന്ന കോക്കോണിക്സിന്റെ ചുമതലകളിലും ആലോചനകളിലും ഏറെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ. കോക്കോണിക്സിന്റെ ലക്ഷ്യങ്ങളും വളർച്ചയുമൊക്കെ വിശദീകരിക്കുന്നതിൽ മുന്നിൽ നിന്നിരുന്നത് ശിവശങ്കർ ആയിരുന്നു.

''നമ്മുടെ രാജ്യം എറ്റവും കൂടുതൽ വിദേശനാണയം ചിലവഴിക്കുന്നത് എണ്ണ ഇറക്കുമതി ചെയ്യാനാണ്, രണ്ടാം സ്ഥാനത്ത് സ്വർണ്ണമാണ്, മൂന്നാമത് ഇലക്ട്രോണിക്സ് വസ്തുക്കളും. നിലവിലെ നിരക്കിലാണെങ്കിൽ അധികം വൈകാതെ ഇത് ഒന്നാം സ്ഥാനത്തെത്തു''മെന്നാണ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അന്ന് ശിവശങ്കർ കോക്കോണിക്സ് ലാപ്ടോപ്പിനെപ്പറ്റി ശിവശങ്കർ അന്ന് പ്രതികരിച്ചത്. എന്നാൽ പ്രതീക്ഷകളുടെ ഏഴയലത്ത് എത്താൻ കോക്കോണിക്സ് ലാപ്ടോപ്പിന് കഴിഞ്ഞില്ല.

പ്രഖ്യാപനം നടപ്പാക്കിക്കൊണ്ട് സർക്കാർ കോക്കോണിക്സ് ലാപ്ടോപ്പ് പുറത്തിറക്കുക തന്നെ ചെയ്തു. എന്നാൽ വ്യാപക പരാതികളാണ് ഈ ലാപ്ടോപ്പുകൾക്ക് എതിരേ ഉയർന്നത്. ആദ്യഘട്ടമെന്ന നിലയിൽ വിദ്യാർഥികൾക്കും സർക്കാർ ഓഫീസുകളിലും ലാപ്ടോപ്പ് ലഭ്യമാക്കും എന്നാണ് സർക്കാർ പറഞ്ഞത്. ഇതനുസരിച്ച് ലാപ്ടോപ്പ് പുറത്തിറക്കിയതിനു പിന്നാലെ വിദ്യാർഥികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഓൺ ആകുന്നില്ല, ഹാങ് ആകുന്നു എന്നിങ്ങനെ എല്ലായിടങ്ങളിൽ നിന്നും ലാപ്ടോപ്പിനെതിരേ വിദ്യാർഥികളുടെ പരാതി ഉയർന്നു.

സംഭവം നിയമസഭയിൽ വരെ ഏറെ ചർച്ചയാകുകയും ചെയ്തു. പിന്നീട് അധികം ചർച്ചകൾ ഉണ്ടാകാതെ പാഴായിപ്പോയ ഒരു പദ്ധതിയായി എല്ലാവരും കൊക്കോണിക്സിനെ തള്ളിക്കളയുകയായിരുന്നു. എന്നാൽ സർക്കാർ ഇപ്പോഴും കൊക്കോണിക്സിന്റെ കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്. കോക്കോണിക്സിലൂടെ പുതിയ ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് അടുത്തിടെ മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചിരുന്നു.

ഒരു മോഡലിൽ ചെറിയ പ്രശ്നമുണ്ടായി, അത് പരിഹരിച്ചു. പദ്ധതി പ്രകാരം 12,636 കോക്കോണിക്സ് ലാപ്ടോപ്പുകൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ടന്നും നേരിട്ടും ഗവണ്മെന്റ് ഇ-മാർക്കറ്റ് പ്ലേസ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്നാപ്പ് ഡീൽ, ഷോപ്ക്ലസ്, പേടി.എം, ടാറ്റ ക്ലിക്, അപ്പാരിയോ, സി.എസ്.സി ഇ-ഗ്രാമീൺ, കോക്കോണിക്സിന്റെ വെബ്സൈറ്റായ ഇ-കോമേഴ്സ് എന്നിവ വഴിയും കോക്കോണിക്സ് ലാപ്ടോപ്പുകൾ വിറ്റഴിച്ചതായും മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു.

പ്രതിപക്ഷ യുവ നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൻ പരിഹാസമാണ് കോക്കോണിക്സ് വിഷയത്തിൽ സർക്കാരിനെതിരേ ഇപ്പോൾ ഉയർത്തിവിട്ടിരിക്കുന്നത്. ഈ പരിഹാസങ്ങൾ ചങ്കൂറ്റത്തോടെ നേരിട്ട്, പൂർവാധികം കരുത്തോടെ കോക്കോണിക്സ് ലാപ്ടോപ്പ് പുറത്തിറക്കാൻ കഴിഞ്ഞാൽ സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലെ തിളക്കമുള്ള അധ്യായമായി കോക്കോണിക്സ് മാറും. കേരളത്തിന്റെ വളർച്ചയെയും മലയാളികളുടെ ജീവിതത്തെയും അത്രയധികം സ്വാധീനിക്കാൻ ശേഷിയുള്ള ഒരു മികച്ച ആശയമായിരുന്നു കോക്കോണിക്സ് പദ്ധതിയുടേത് എന്നതിൽ സംശയമില്ല.


Click it and Unblock the Notifications








