കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍

Posted By: Staff

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ടാബ്ലെറ്റുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു.  എറണാകുളം ജില്ലാ പഞ്ചായത്ത് തുടക്കമിട്ട ടെക് വിദ്യ @ സ്‌ക്കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന  വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക ഭരണകൂടങ്ങളെയും അധ്യാപക-രക്ഷകര്‍ത്താ സംഘടനകളെയും ഉള്‍പ്പെടുത്തി ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതിയുടെ നടത്തിപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പാഠ്യ ഭാഗങ്ങള്‍ ടാബ്ലെറ്റിലേക്ക് അപ് ലോഡ് ചെയ്യാനും ഇന്റര്‍നെറ്റ് വഴി അധ്യാപകരുമായി ആശയവിനിമയം നടത്താനും സാധ്യമാകും. സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണെന്നും, ഇതനുസരിച്ച് എല്ലാ സ്‌ക്കൂളിലെയും ഒരു ക്ലാസ്സ് മുറി സ്മാര്‍ട്ട് ക്ലാസ്സ് ആയി മാറ്റപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. പുസ്തകങ്ങളില്ലാത്ത  ക്ലാസ്സ് മുറികളാണ് പദ്ധതി ലക്ഷ്യം.

കെല്‍ട്രോണിനാണ് പദ്ധതി ചുമതല. ഉടനെ തന്നെ 53 ല്‍ പരം സ്‌ക്കൂളുകള്‍ക്ക്, ഏകദേശം 140  ഡെസ്‌ക്ക് ടോപ്പുകള്‍, 221  ലാപ്‌ടോപ്പുകള്‍, 91 മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകള്‍ തുടങ്ങിയവ ലഭ്യമാകും.

ചൊവ്വാഴ്ച തൃശ്ശൂര്‍ സംഘടിപ്പിച്ച ചടങ്ങില്‍,  കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി കപില്‍ സിബല്‍, കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റുകള്‍ വിതരണം ചെയ്തിരുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot