60000 രൂപയ്ക്ക് ആളില്ലാ വിമാനം; കോല്‍കത്ത വിദ്യാര്‍ഥിയുടെ കണ്ടുപിടുത്തം ചര്‍ച്ചയാവുന്നു

Posted By:

സ്വന്തമായി ഒരു വിമാനം എന്നത് സാധാരണക്കാരന് സ്വപ്‌നം കാണാന്‍ കഴിയുമൊ. എന്നാല്‍ കൊല്‍ക്കത്തയില്‍ ഒരു 21-കാരന്‍ ഈ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. വെറും വിമാനമല്ല, ആളില്ലാതെ പറക്കുന്ന വിമാനം.

എന്നുകരുതി ആളൊരു കോടീശ്വര പുത്രനാണെന്നു കരുതേണ്ട. നെയ്ത്തുകാരന്റെ മകനാണ്. വിമാനം വാങ്ങിയതല്ല. സ്വന്തമായി നിര്‍മിച്ചു. അതും വെറും 60000 രൂപയ്ക്ക്.

കോല്‍ക്കത്തയിലെ മണീന്ദ്രചന്ദ്ര കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ സുഭഞ്ജന്‍ സാഹയാണ് ഈ കണ്ടുപിടിത്തം നടത്തിയത്.

60000 രൂപയ്ക്ക് ആളില്ലാ വിമാനം

അമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സാഹ വിമാനം നിര്‍മിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കും വില കുറഞ്ഞ, ചൈനീസ് നിര്‍മിത യന്ത്രങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍മാണം.

5000 മുതല്‍ 10000 അടിവരെ ഉയരത്തില്‍ 10 കിലോ മീറ്റര്‍വരെ ദൂരം ഒറ്റയടിക്കു പറക്കാന്‍ വിമാനത്തിനു കഴിയുമെന്നാണ് സാഹ പറയുന്നത്. അതോടൊപ്പം വിമാനത്തില്‍ സ്ഥാപിച്ച കാമറ ഭൂമിയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്യും. അപ്പപ്പോള്‍ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്യും.

സാങ്കേതിക വിദഗ്ധരുടെ സാഹയത്തോടെ കൂടുതല്‍ വികസിപ്പിച്ചാല്‍ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കു പോലും ഇത് ഉപയോഗിക്കാമെന്നാണ് സാഹ പറയുന്നത്.

ചെറുപ്പത്തിലെ മനസിലുണ്ടായിരുന്ന ആഗ്രഹം സഫലമാക്കാന്‍ സാഹുവിനെ സഹായിച്ചത് എസ്.എന്‍. ബോസ് സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസിലെ അഭിജിത് മുഖര്‍ജിയാണ്. പ്രന്തകഥ എന്ന എന്‍.ജി.ഒയും സഹായങ്ങള്‍ നല്‍കി.

ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പ്രതിരോധ ആവശ്യങ്ങള്‍ക്കായി വിമാനത്തില്‍ രഹസ്യ കാമറ ഉപയോഗിക്കുന്നതിനുള്ള സാധ്യത ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയോട് ആരാഞ്ഞിട്ടുണ്ടെന്ന് പ്രന്തകഥയുടെ പ്രവര്‍ത്തകരിലൊരാളായ ബാപ്പാദിത്യ മുഖര്‍ജി പറഞ്ഞു.

ഒപ്പം വിമാനം കൂടുതല്‍ വികസിപ്പിക്കുന്നതിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെയും ഹിന്ദുസ്ഥാന്‍ എയറോ നോട്ടിക്‌സിന്റെയും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പാകിസ്താനിലെയും യു.കെയിലെയും വിവിധ വെബ് സൈറ്റുകള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot