2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ ഇന്നുകൂടി അവസരം; നാളെ മുതൽ ഇവ വെറും കടലാസ് കഷ്ണങ്ങൾ
രാജ്യത്ത് 2000 രൂപയുടെ കറൻസി മാറ്റിയെടുക്കാൻ പൗരന്മാർക്ക് ഇന്ന് കൂടി അവസരം. വൈകിട്ട് 5 മണിവരെയാണ് ഇതിനുള്ള അവസരം. സെപ്റ്റംബർ 30ന് ആണ് ഇതിനായുള്ള അവസാന തിയതി എന്ന് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 1 മുതൽ രാജ്യത്തെ 2000 രൂപയുടെ നോട്ടിന് മൂല്യം ഇല്ലാതെ ആകും എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചിരിക്കുന്നത്.
നാല് മാസം മുമ്പാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചത്. സെപ്തംബർ 30ന് ശേഷവും 2000 രൂപയുടെ കറൻസി നോട്ട് നിയമപരമായി തന്നെ നിലവിൽക്കും. എന്നാൽ ഇവ ഇടപാടുകൾക്കായി സ്വീകരിക്കാൻ സാധിക്കില്ല എന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. അതായത് ഒക്ടോബർ 1 മുതൽ ഈ നോട്ട് കൈവശം വെയ്ക്കുന്നതിന് കുഴപ്പം ഒന്നും ഉണ്ടായിരിക്കില്ല എന്നാൽ വെറും കടലാസ് കൈയ്യിൽ വെച്ചിരിക്കുന്നത് പോലെയെ ഇത് കൈവശം വെയ്ക്കാൻ സാധിക്കു.

ഇവ കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിരിക്കില്ല. ആയതിനാൽ തന്നെ ഇപ്പോൾ 2000 രൂപയുടെ നോട്ട് കൈവശം വെച്ചിരിക്കുന്ന പൗരന്മാർക്ക് ഇന്ന് കൂടി ഇവ മാറ്റി കിട്ടാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇതിനായി അടുത്തുള്ള ബാങ്കിന്റെ സഹായം തേടാവുന്നതാണ്. ഇന്ന് കൂടി ഈ 2000 രൂപയുടെ കറൻസി ബാങ്കുകളിൽ നിക്ഷേപിക്കാൻ സാധിക്കും. നോട്ട് മാറ്റിയെടുക്കാൻ ആണെങ്കിൽ പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം.
ഇതിനായി അടുത്തുള്ള ബാങ്കിനേയോ ആർബിഐയുടെ ഓഫീസിനെയോ സമീപിക്കാം. നോട്ട് മാറ്റിയെടുക്കാനുള്ള പ്രത്യേക സ്ലിപ് ഇവിടെ ലഭ്യമായിരിക്കും ഇവ വാങ്ങി പൂരിപ്പിക്കേണ്ടതാണ്. ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ NREGA കാർഡ് പോലെയുള്ള ഔദ്യോഗിക രേഖകളുടെ സഹായത്താൽ ഈ സ്ലിപ്പ് പൂരിപ്പിക്കാൻ സാധിക്കുന്നതാണ്. ശേഷം എത്ര നോട്ടുകൾ മാറ്റി എടുക്കാനുണ്ടെന്ന് അറിയിച്ച് ഇവർക്ക് പണം കൈമാറാവുന്നതാണ്.

മെയ് മാസം മുതൽ 2000 രൂപയുടെ കറൻസി തിരിച്ചെടുക്കുന്ന പ്രവർത്തനം ആർബിഐ ആരംഭിച്ചിരുന്നു. സെപ്റ്റംബർ1 വരെയുള്ള കണക്ക് അനുസരിച്ച് പുറത്തിറക്കിയതിൽ 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2023 ഓഗസ്റ്റ് 31 വരെ പ്രചാരത്തിൽ നിന്ന് തിരികെ ലഭിച്ച 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണ്. 2016 നവംബറിൽ ആയിരുന്നു ആർബിഐ പുതിയ 2000 രൂപയുടെ നോട്ടുകൾ അവതരിപ്പിച്ചത്.
1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആക്ടിന്റെ സെക്ഷൻ അനുസരിച്ചായിരുന്നു പുതിയ നോട്ടിന്റെ അവതരണം. നേരത്തെ നിലവിൽ ഉണ്ടായിരുന്ന 500, 1000 എന്നീ നോട്ടുകളെ പിൻവലിച്ചതിന്റെ പിന്നാലെയായിരുന്നു ഈ നീക്കം. പിന്നീട് 500 രൂപയുടെ കറൻസി പുതിയ രൂപത്തിൽ ആർബിഐ പുറത്തിറക്കി. 2000 രൂപയുടെ നോട്ട് പിൻവലിച്ച സാഹചര്യത്തിൽ ഇപ്പോൾ രാജ്യത്ത് ഏറ്റവും വലിയ ഒറ്റനോട്ട് 500 രൂപയുടേത് ആണ്.
മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ നോട്ടുകൾ അവതരിപ്പിക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നാണ് കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി പറയുന്നത്. "മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്തും ആർബിഐയുടെ 'ക്ലീൻ നോട്ട് പോളിസി'യുടെ അടിസ്ഥാനത്തിലാണ് കറൻസി നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് 2000ന്റെ നോട്ട് ക്രയവിക്രയം നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് നോട്ട് പിൻവലിക്കുന്ന കാര്യം ആർബിഐ അറിയിച്ചത്. അതേ സമയം 2000 രൂപയുടെ നോട്ട് തിരികെ നല്‍കുന്നതിനുള്ള കാലാവധി നീട്ടിയേക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചായിരിക്കും ഈ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.


Click it and Unblock the Notifications








