മോട്ടറോളയെ ലെനോവൊ ഏറ്റെടുക്കുന്നു; ഇടപാട് 291 കോടി ഡോളറിന്

Posted By:

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള, യു.എസിലെ മൂന്നാമത്തെ വലിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മോട്ടറോളയെ ചൈനീസ് കമ്പനിയായ ലെനോവൊ ഏറ്റെടുക്കുന്നു. 291 (2.91 ബില്ല്യന്‍) കോടി ഡോളറിനാണ് വില്‍പന. ഗൂഗിള്‍ സി.ഇ.ഒ ലാറിപേജും ലെനോവൊ അധികൃതരും ഇക്കാര്യം ഔദ്യോഗികമായത്തനെ സ്ഥിരീകരിച്ചു.

19 മാസം മുമ്പ് 12.5 ബില്ല്യന്‍ ഡോളറിനാണ് മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കിയത്. മോട്ടറോളയ്ക്കു ലഭിച്ച 2000 ത്തിലധികം വരുന്ന പേറ്റന്റുകളും ഈ ഇടപാടിലൂടെ ഗൂഗിളിന് ലഭിച്ചിരുന്നു. എന്നാല്‍ കമ്പനി തുടര്‍ച്ചയായി നഷ്ടത്തില്‍ പോകുന്നതാണ് ഇപ്പോള്‍ വില്‍ക്കാന്‍ ഗൂഗിളിന് പ്രേരണയായത്.

മോട്ടറോളയെ ലെനോവൊ ഏറ്റെടുക്കുന്നു; ഇടപാട് 291 കോടി ഡോളറിന്

അതേസമയം മോട്ടറോളയുടെ ഭൂരിഭാഗം പേറ്റന്റുകളുടെ അവകാശം തുടര്‍ന്നും ഗൂഗിളിനുതന്നെയായിരിക്കും. അവ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമാണ് ലെനോവൊയ്ക്ക് ലഭിക്കുക. കൂടാതെ മോട്ടറോള എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിനുള്ള അവകാശവും ഏറ്റെടുക്കലിലൂടെ ലെനോവൊയ്ക്കു സ്വന്തമാകും.

ലെനോവൊ ഗൂഗിളിനു നല്‍കേണ്ട 2.91 ബില്ല്യന്‍ ഡോളറില്‍ 1.41 ബില്ല്യന്‍ ഡോളര്‍, കൈമാറ്റം പൂര്‍ത്തിയാകുന്ന സമയത്ത് നല്‍കും. അതില്‍ 660 മില്ല്യന്‍ ഡോളര്‍ പണമായിട്ടും 750 മില്ല്യന്‍ ഡോളര്‍ ലെനോവൊയുടെ ഓഹരികളായിട്ടുമാണ് നല്‍കുക. ബാക്കിവരുന്ന 1.5 ബില്ല്യന്‍ ഡോളര്‍ മൂന്നുവര്‍ഷത്തെ പ്രോമിസറി നോട് ആയിട്ടായിരിക്കും നല്‍കുക.

കൈമാറ്റത്തിന് ചൈനയിലേയും യു.എസിലേയും ഭരണകൂടത്തിന്റെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot