എയർടെൽ, ജിയോ, വിഐ; 500 രൂപയിൽ താഴെ 84 ദിവസത്തേക്കുള്ള പ്ലാനുകൾ
രാജ്യത്തെ സ്വകാര്യ ടെലിക്കോം സേവനദാതാക്കളായ എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), റിലയൻസ് ജിയോ എന്നിവർ അടുത്തിടെ തങ്ങളുടെ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിരുന്നു. റിലയൻസ് ജിയോ 20 ശതമാനവും മറ്റുള്ളവർ 25 ശതമാനവും ആണ് താരിഫ് നിരക്കുകളിൽ വർധനവ് കൊണ്ട് വന്നത്. നിരക്കുകൾ കൂട്ടിയെങ്കിലും ഈ മൂന്ന് കമ്പനികളും നൽകുന്ന വിവിധ പ്ലാനുകളും ഓഫറുകളും നാം മനസിലാക്കുകയും മികച്ചവ തിരഞ്ഞെടുക്കുകയും വേണം. എല്ലാ ടെലിക്കോം സേവന ദാതാക്കളും അവരുടെ പ്രീപെയ്ഡ് പ്ലാനുകൾ പ്രാഥമികമായി ഓഫർ ചെയ്യുന്നത് മൂന്ന് വാലിഡിറ്റി ഘടനകളിലായാണ്. 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെ. ഇടയ്ക്കിടെ റീചാർജ് ചെയ്യാനും വാർഷിക പ്ലാനുകൾ ഉപയോഗിക്കാനും താത്പര്യമില്ലാത്തവർക്ക് പറ്റിയ പ്ലാനുകളാണ് 84 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്നത്. ജിയോയും വിഐയും എയർടെലും 84 ദിവസം വാലിഡിറ്റിയിൽ മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. അവയിൽ 500 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പ്ലാനുകളെക്കുറിച്ച് മനസിലാക്കാം. ഒറ്റ നോട്ടത്തിൽ, 500 രൂപയിൽ താഴെ വില വരുന്ന 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ എണ്ണത്തിൽ കുറവാണ്. ഓരോ ടെലിക്കോം സേവന ദാതാവിനും ഈ കാറ്റഗറിയിൽ നിലവിൽ ഓരോ പ്ലാനുകൾ മാത്രമാണുള്ളത്. 6 ജിബി വരെയുള്ള പരിമിതമായ ഡാറ്റയും സേവനദാതാവിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോം ആക്‌സസ് ഓഫറുകളും ഈ ഓഫറുകൾക്കൊപ്പം ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ജിയോ, എയർടെൽ, വി എന്നിവയിൽ നിന്ന് 84 ദിവസത്തെ വാലിഡിറ്റിയിൽ 500 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാൻ താഴേക്ക് വായിക്കുക.

എയർടെലിന്റെ 455 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 6 ജിബി ഡാറ്റയും 900 എസ്എംഎസും അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കും. 900 എസ്എംഎസുകൾ കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി ടെക്സ്റ്റ് മെസേജുകൾക്ക് 1.50 രൂപയും എയർടെൽ ഈടാക്കും. 6 ജിബി പരിധി പൂർത്തിയാക്കിയതിന് ശേഷം ഒരു എംബി ഡാറ്റയ്ക്ക് 50 പൈസ വീതവും കമ്പനി ഈടാക്കും. 30 ദിവസത്തെ ആമസോൺ പ്രൈം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യ ട്രയലും എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം ലഭിക്കും. ഇവ കൂടാതെയുള്ള അധിക ഓഫറുകളൊന്നും എയർടെൽ 455 രൂപ പ്ലാനിൽ നൽകുന്നില്ല.

ഈ കാറ്റഗറിയിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ നൽകുന്നത് റിലയൻസ് ജിയോയാണ്. 395 രൂപയ്ക്കാണ് ജിയോയുടെ പ്ലാൻ യൂസേഴ്സിലെത്തുന്നത്. 6 ജിബി ഡാറ്റ തന്നെയാണ് ജിയോയും ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയുമെന്ന് മാത്രം. 1,000 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിന് ഒപ്പം ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്സസ് ആണ് പ്ലാനിനൊപ്പം അവതരിപ്പിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ.

ഇതേ കാറ്റഗറിയിൽ വിഐ ഓഫർ ചെയ്യുന്ന പ്ലാനിനാണ് താരതമ്യേനെ ഏറ്റവും ചിലവ് വരുന്നത്. 459 രൂപയ്ക്കാണ് വിഐ തങ്ങളുടെ പ്ലാൻ അവതരിപ്പിക്കുന്നത്. എയർടെലിനേക്കാളും നാല് രൂപ കൂടുതലാണ് വിഐയ തങ്ങളുടെ പ്ലാനിന് ഈടാക്കുന്നത്. എല്ലാവരെയും പോലെ 6 ജിബി ഡാറ്റ 84 ദിവസത്തേക്ക് വിഐ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളുകളും 1,000 എസ്എംഎസുകളും പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാകും. വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ് ആണ് പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി സർവീസ്, മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിനൊപ്പം കമ്പനി നൽകുന്നുമില്ല.

500 മുതൽ 1000 രൂപ വരെയുള്ള 84 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകൾ
യൂസേഴ്സിന് തങ്ങൾക്ക് താങ്ങാവുന്ന പ്രൈസ് റേഞ്ച് അൽപ്പം ഉയർത്താൻ കഴിയുമെങ്കിൽ പരിഗണിക്കാവുന്ന മറ്റ് ചില പ്ലാനുകളും നോക്കാവുന്നതാണ്. വിവിധ കമ്പനികൾ നൽകുന്ന 84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ തന്നെയാണിവ. എന്നിരുന്നാലും പ്രൈസ് റേഞ്ച് മാറുന്നത് അനുസരിച്ച് മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരുന്നു. 500 മുതൽ 1000 രൂപ വരെ വിലയുള്ള 84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഈ റേഞ്ചിൽ വരുന്ന രണ്ട് പ്ലാനുകളാണ് എയർടെലിന് ഉള്ളത്. 719 രൂപ പ്ലാനും 839 രൂപ പ്ലാനും. 719 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിനൊപ്പം ലഭ്യമാകും. 455 രൂപ പ്ലാനിന് സമാനമായി, ആമസോൺ പ്രൈം മൊബൈൽ സൗജന്യ ട്രയലും എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും അല്ലാതെ പ്ലാനിനൊപ്പം ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും വരുന്നില്ല. ഉപയോക്താവിന് 84 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ലഭ്യമാക്കുന്ന പ്ലാൻ ആണ് 839 രൂപയ്ക്ക് ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിലും സമാനമാണ്.

എയർടെലിന് സമാനമായ വില നിലവാരത്തിലാണ് ഈ പ്രൈസ് റേഞ്ചിൽ വിഐ പ്ലാനുകളും അവതരിപ്പിക്കപ്പെടുന്നത്. 839 രൂപയ്ക്കും 719 രൂപയ്ക്കും. 839 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് കോളുകളും കമ്പനി ഓഫർ ചെയ്യുന്നു. 719 രൂപ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും 100 എസ്എംഎസുകളും പിന്നെ അൺലിമിറ്റഡ് കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വിഐയുടെ ഐക്കണിക്ക് ആനുകൂല്യങ്ങളായ രാത്രി 12 മുതൽ 6 വരെ സൗജന്യ ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ എന്നിവ ഈ പ്ലാനുകളിൽ ലഭ്യമാണ്. ഒപ്പം വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ്, അധികമായി രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയൊക്കെ വിഐ പ്ലാനുകളെ ഏറെ മികച്ചതാക്കുന്നു.

66 രൂപയ്ക്കും 719 രൂപയ്ക്കുമാണ് ജിയോ പ്ലാനുകൾ ഉള്ളത്. 666 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റയും പരിധി കഴിഞ്ഞാൽ 64 കെബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിയ്ക്കും. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയും പ്ലാനിന്റെ പ്രത്യേകതകൾ ആണ്. ജിയോ ടിവി ജിയോ സിനിമ തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം ലഭിക്കും. 719 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ പായ്ക്ക് ജിയോ നൽകുന്നു. പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാനിന് ഒപ്പം ലഭിക്കും. ഈ കാറ്റഗറിയിൽ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യപ്പെടുന്ന വില കുറഞ്ഞ ഓഫർ ആണ് ജിയോയുടേത്.


Click it and Unblock the Notifications








