വിദ്യാർഥികളേ വരൂ, നമുക്കൊരു ബഹിരാകാശ റോബോട്ട് നിർമിക്കാം! 5 ലക്ഷം രൂപ സമ്മാനവുമായി ഐഎസ്ആർഒ മത്സരം
ഭാവിയുടെ വാഗ്ദാനമായ വിദ്യാർഥികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാനും അവരുടെ ശ്രദ്ധ ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് തിരിക്കാനും ലക്ഷ്യമിട്ട് ഐഎസ്ആർഒ റോബോട്ടിക്‌സ് ചലഞ്ച് - യുആർഎസ്സി 2024 (ISRO Robotics Challenge-URSC 2024) ചലഞ്ചുമായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ ( ISRO) രംഗത്ത്.
റോബോട്ടിക് ചലഞ്ച് ഡേ 2024 ന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുത്ത്, ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറും ഉൾക്കൊള്ളുന്ന ഒരു സ്‌പേസ് റോബോട്ട് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനും ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹത്തെ ക്ഷണിക്കുന്നതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ ( ഇപ്പോൾ എക്സ്) അറിയിച്ചു.

"നമുക്ക് ഒരു ബഹിരാകാശ റോബോട്ട് നിർമ്മിക്കാം" എന്നതാണ് മത്സരത്തിന്റെ ടാഗ്‌ലൈൻ. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നവംബർ 20-ന് ആരംഭിച്ച് 2023 ഡിസംബർ 15-ന് അവസാനിക്കും. താൽപര്യമുള്ള വിദ്യാർഥികൾ അതിനകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജൂറിയുടെ വിലയിരുത്തലിന്റെയും ടീമുകളുടെ ഫെയർ പ്ലേ മനോഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആദ്യ മൂന്ന് ടീമുകൾക്ക് ആണ് സമ്മാനങ്ങൾ നൽകുന്നത്.
സ്പേസ് റോബോട്ട് ചലഞ്ചിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 2 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഇത് കൂടാതെ മത്സരത്തിൽ പങ്കെടുത്ത രണ്ടുപേർക്ക് ഒരു ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനവും ഐഎസ്ആർഒ നൽകും.

ഐഎസ്ആർഒ റോബോട്ടിക്‌സ് ചലഞ്ച് ഡേ 2024 ഓഗസ്റ്റിൽ യുആർഎസ്‌സി ബെംഗളൂരു കാമ്പസിൽ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹിരാകാശ റോബോട്ടിക്‌സ് മേഖലയെപ്പറ്റി വിദ്യാർഥികൾക്ക് കൂടുതൽ അറിയാനുള്ള ഒരു സ്റ്റാൻഡേർഡ് പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് ഈ ചലഞ്ചിന്റെ ലക്ഷ്യം. അതുവഴി മിടുക്കരായ വിദ്യാർഥികളെ കണ്ടെത്താനും ഭാവിയിൽ രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണങ്ങളിൽ അവരുടെ കഴിവുകൾ ഉപയോഗിക്കാനും കഴിയും.
ആശയവിനിമയം, സഹകരണം, ഗവേഷണം, പ്രശ്‌നപരിഹാരം തുടങ്ങിയ നിരവധി കഴിവുകൾ വർദ്ധിപ്പിക്കാൻ ഈ മത്സരം വിദ്യാർഥികളെ പ്രാപ്തരാക്കും. ഇത് അവരുടെ പഠനത്തിലും പിന്നീടുള്ള പ്രൊഫഷണൽ ജീവിതത്തിലും ഏറെ സഹായിക്കും. ബഹിരാകാശ റോബോട്ടിക്‌സിൽ ഉപയോഗിക്കാനായി ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഐഎസ്ആർഒയുടെ സഹായവും വിദ്യാർത്ഥികൾക്ക് ഉണ്ടാകും.
ഗണിതവും ശാസ്ത്രവും ഉപയോഗിച്ച് സങ്കീർണ്ണമായ എഞ്ചിനീയറിംഗ് പ്രശ്നങ്ങൾ തിരിച്ചറിയുന്നതും വിശകലനം ചെയ്യുന്നതും പരിഹരിക്കുന്നതും മത്സരത്തിന്റെ വെല്ലുവിളിയിൽ ഉൾപ്പെടും. പങ്കെടുക്കുന്നവർ ഉചിതമായ പരീക്ഷണങ്ങൾ രൂപപ്പെടുത്തുകയും ടെസ്റ്റ്, അനലിറ്റിക്കൽ ഡാറ്റ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യും. ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ എക്കാലവും വെല്ലുവിളികൾ നിറഞ്ഞതാണ്.

ഈ വെല്ലുവിളികൾ നേരിടാനും അതുവഴി വിദ്യാർഥികളിൽ ബഹിരാകാശ ഗവേഷണത്തിൽ താൽപര്യം ജനിപ്പിക്കാനും ഇസ്രോ ലക്ഷ്യമിടുന്നു. ഇനിയുള്ള കാലങ്ങളിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു മേഖലയാണ് സ്പേസ് റോബോട്ടിക്സ്. ബഹിരാകാശത്ത് നിരവധി പരിക്ഷണങ്ങൾ നടത്താനും തങ്ങളുടെ മുദ്ര പതിപ്പിക്കാനും ലോകരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്തരം ദൗത്യങ്ങൾക്കായി എപ്പോഴും മനുഷ്യനെ ഉപയോഗിക്കുക പ്രാവർത്തികമല്ല.
മനുഷ്യൻ നേരിട്ട് പോകാതെ, ഒരു മനുഷ്യൻ ബഹിരാകാശത്ത് പോയി എന്തൊക്കെ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടോ അതൊക്കെ ചെയ്യാൻ ശേഷിയുള്ള ഒരു റോബോട്ടിനെ അയയ്ക്കാൻ സാധിച്ചാൽ കൂടുതൽ ഗവേഷണങ്ങൾ സാധ്യമാകും. അങ്ങനെ ഒരു നിലയിലേക്ക് ഇന്ത്യയുടെ സ്പേസ് റോബോട്ടിക് ഗവേഷണ മേഖലയെ വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടായും ഇസ്രോയുടെ ഈ നീക്കത്തെ കാണാം.
മത്സരത്തിലൂടെ ലഭ്യമാകുന്ന ആശയങ്ങൾ കൂടി കൂട്ടിയിടണക്കി റോബോട്ടിക് റോവറുകൾ നിർമിക്കാനും ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഈ റോബോട്ടിക് റോവറുകൾ ഉപയോഗിക്കാനും ഐഎസ്ആർഒ ലക്ഷ്യമിടുന്നു. ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും നിരവധി ഗവേഷണങ്ങൾ ഇന്ത്യ പ്ലാൻ ചെയ്യുന്നുണ്ട്. ഈ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ ഐഎസ്ആർഒയുടെ ട്വിറ്റർ പോസ്റ്റിലുള്ള ലിങ്കിൽ ലഭ്യമാണ്.


Click it and Unblock the Notifications








