ഗൂഗിള്‍ ടിവി ഈ മാസം 21ന് വിപണിയിലിറക്കാന്‍ എല്‍ജി

Posted By: Staff

ഗൂഗിള്‍ ടിവി ഈ മാസം 21ന് വിപണിയിലിറക്കാന്‍ എല്‍ജി

ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ടെലിവിഷന്‍ മെയ് 21ന് എല്‍ജി അവതരിപ്പിക്കും. എല്‍ജി ഇലക്ട്രോണിക്‌സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. യുഎസിലാണ് ഉത്പന്നം ആദ്യമായി അവതരിപ്പിക്കുക. ഈ ഉത്പന്നത്തില്‍ ഏറെ പ്രതീക്ഷയാണ് എല്‍ജിയ്ക്കുള്ളത്. ഈ വര്‍ഷമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ ഇറങ്ങാനൊരുങ്ങുന്ന ആപ്പിള്‍ ടിവിയ്ക്ക് മുമ്പേ വിപണിയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ എല്‍ജിയുടേയും ഗൂഗിളിന്റേയും പദ്ധതി.

എല്‍ജിയുടെ മെക്‌സിക്കോയിലുള്ള ഫാക്റ്ററിയില്‍ വെച്ച് മെയ് 17നേ ഗൂഗിള്‍ ടെലിവിഷന്റെ ഉത്പാദനം ആരംഭിക്കുള്ളൂ എങ്കിലും മെയ് 21 മുതല്‍ യുഎസിലെ ആളുകള്‍ക്ക് ഇത് വാങ്ങാനാകുമെന്നാണ് കണക്കൂകൂട്ടുന്നത്. എല്‍ജിയെ കൂടാതെ സാംസംഗ്, സോണി, വിസിയോ എന്നീ കമ്പനികളും ഗൂഗിള്‍ ടിവി പ്രോജക്റ്റില്‍ സഹകരിക്കുന്നുണ്ട്.

ഗൂഗിള്‍ സേവനങ്ങളായ സെര്‍ച്ച്, യുട്യൂബ്, എന്നിവ കമ്പ്യൂട്ടറിലേത് പോലെ ടെലിവിഷനിലും ലഭിക്കും. ക്രോം ബ്രൗസറുള്‍പ്പെടുന്ന ഈ ടെലിവിഷന്  സോഫ്റ്റ്‌വെയര്‍ പിന്തുണ നല്‍കുന്നത് ആന്‍ഡ്രോയിഡാണ്. യുഎസ് വിപണിയില്‍ ടെലിവിഷന് ലഭിക്കുന്ന പ്രതികരണം നോക്കിയാകും യൂറോപ്പ്, ഏഷ്യ വിപണികളില്‍ ഗൂഗിള്‍ ടിവിയെ പരീക്ഷിക്കുക. ഈ വര്‍ഷം ആഗോള ഇന്റര്‍നെറ്റ് അധിഷ്ഠിത ടെലിവിഷനുകളുടെ വളര്‍ച്ച 60 ശതമാനത്തോളം ഉയരുമെന്നാണ്  റിസര്‍ച്ച് കമ്പനിയായ ഐഎച്ച്എസ് ഐസപ്ലൈ കണക്കാക്കുന്നത്.

2010ലാണ് ഇതിന് മുമ്പ് ഗൂഗിള്‍ ഇന്റര്‍നെറ്റ് ടെലിവിഷന്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അന്ന് ആ മോഡലിന് വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല അതിന് വേണ്ടി സെറ്റ് ടോപ് ബോക്‌സ് നിര്‍മ്മിച്ച ലോജിടെക് പിന്നീട് ഈ പ്രോജക്റ്റില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ലോജിടെകിന്റെ വരുമാനത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ സെറ്റ്‌ടോപ് ബോക്‌സ് നിര്‍മ്മാണത്തിലൂടെ ഉണ്ടായതെന്നാരോപിച്ചായിരുന്നു പിന്‍മാറ്റം.

ഇത്തവണ ടെലിവിഷന്‍ രംഗത്തെ പ്രബലനായി വിശേഷിപ്പിക്കാവുന്ന എല്‍ജിയുടെ പിന്തുണയോടെ ആപ്പിള്‍ ടിവിയ്ക്ക് മുമ്പേ എത്തുന്നതിനാല്‍ പുതിയ ഇന്റര്‍നെറ്റ് ടിവിയ്ക്ക് കാര്യമായി എന്തെങ്കിലും വിപണിയില്‍ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ജി റീട്ടെയിലര്‍മാര്‍ക്കൊപ്പം ഗൂഗിളും. പുതിയ മോഡലിന്റെ സ്‌ക്രീന്‍ വലുപ്പമോ വിലയോ കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot