നയിക്കുക യാക്കറിനോ തന്നെയെന്ന് സ്ഥിരീകരണം; ട്വിറ്ററിനെ "X" ആപ്പാക്കി മാറ്റുമെന്ന് ഇലോൺ മസ്ക് | Twitter
മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ട്വിറ്ററിന്റെ പുതിയ സിഇഒ ലിൻഡ യാക്കറിനോ തന്നെയെന്ന് സ്ഥിരീകരിച്ച് ഇലോൺ മസ്ക്. പുതിയ സിഇഒയെ നിയമിച്ചെന്നും അതൊരു സ്ത്രീയാണെന്നും വെള്ളിയാഴ്ച ട്വീറ്റ് ചെയ്ത ട്വിറ്റർ ഉടമ ഇലോൺ മസ്ക് മണിക്കൂറുകൾ സസ്പെൻസ് നിലനിർത്തിയ ശേഷമാണ് ലിൻഡയുടെ നിയമനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
വർഷങ്ങളായി ആഗോള മാധ്യമ വ്യവസായത്തിന്റെ മുഖങ്ങളിൽ ഒന്നായ ലിൻഡയെ ട്വിറ്റർ സിഇഒ ( Twitter CEO) സ്ഥാനത്തേക്ക് സ്വാഗതം ചെയ്ത മസ്ക് അവരോടൊന്നിച്ച് പ്രവർത്തിക്കുന്നതിൽ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ലിൻഡ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നതോടെ താൻ പ്രോഡക്റ്റ് ഡിസൈൻ, പുതിയ ടെക്നോളജികൾ എന്നിവയിലേക്ക് ശ്രദ്ധ ചെലുത്തുമെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ബിസിനസ് ഓപ്പറേഷൻ രംഗത്തായിരിക്കും യാക്കറിനോ (Linda Yaccarino) പ്രവർത്തിക്കുക.

44 ബില്യൺ ഡോളറിന്റെ ട്വിറ്റർ എറ്റെടുക്കലിൽ മസ്കിന് വലിയ രീതിയിൽ കൈ പൊള്ളിയെന്നത് യാഥാർഥ്യമാണ്. "x" ആപ്പ് എന്ന പേരിൽ എല്ലാ സേവനങ്ങളും ലഭിക്കുന്ന ( മസ്കിന്റെ ഭാഷയിൽ "everything app" ) സൂപ്പർ ആപ്പായി ട്വിറ്ററിനെ മാറ്റിയെടുക്കുകയാണ് മസ്കിന്റെ ഇപ്പോഴത്തെ ലക്ഷ്യം. ലിൻഡ യാക്കറിനോയെ സ്വാഗതം ചെയ്തുള്ള ട്വീറ്റിൽ പോലും ഇതേക്കുറിച്ച് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിനെ "x" ആപ്പ് ആക്കി മാറ്റാൻ ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കുമെന്നായിരുന്നു മസ്കിന്റെ വാക്കുകൾ.
ലക്ഷ്യങ്ങളും പ്രതീക്ഷകളും എല്ലാം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇലോൺ മസ്ക് (Elon Musk) ലിൻഡ യാക്കറിനോയെ ട്വിറ്റർ തലപ്പത്തേക്ക് കൊണ്ട് വരുന്നത്. ആറ് ആഴ്ചയ്ക്കുള്ളിൽ അവർ ചുമതലയേറ്റെടുക്കും. മസ്കിന്റെ കടന്ന് വരവോടെ ആകെ ആടിയുലഞ്ഞ് നിൽക്കുന്ന സ്ഥാപനത്തെ ലാഭവഴിയിലേക്കും മാർക്കറ്റ് ലീഡർഷിപ്പിലേക്കും എത്തിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ലിൻഡയ്ക്ക് മുന്നിലുള്ളത്. മസ്കിന്റെ ചെയ്ത്തുകൾ ട്വിറ്ററിനെ എത്തിച്ചിരിക്കുന്ന വിഷമസന്ധികൾ വിശദീകരിക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു.

ട്വിറ്ററിന്റെ ആദ്യ വനിത സിഇഒയെന്ന നേട്ടം കൂടിയാണ് ലിൻഡ യാക്കറിനോ സ്വന്തമാക്കുന്നത്. ടെക്ക് ഇതര പശ്ചാത്തലത്തിൽ നിന്നും ട്വിറ്റർ മേധാവി സ്ഥാനത്തേക്കെത്തുന്ന ആദ്യ ആൾ കൂടിയാണ് യാക്കറിനോ. ഇതിന് മുമ്പ് സ്ഥാപനം നയിച്ചവരെല്ലാം ടെക്ക് ബാക്ക്ഗ്രൌണ്ട് ഉള്ളവരായിരുന്നു. എന്നാൽ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് കഴിവ് തെളിയിച്ച, ആഗോള മാധ്യമ വ്യവസായ രംഗത്തെ നേതൃനിരയിൽ നിന്നും വരുന്ന യാക്കറിനോയെ വിലകുറച്ചും കാണരുത്. എൻബിസി യൂണിവേഴ്സലിൽ മാത്രം 20 വർഷത്തെ പ്രവർത്തനപരിചയം അവർക്കുണ്ട്.
എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡ്വർട്ടൈസിങ് & പാർട്ണർഷിപ്പ്സ് വിഭാഗത്തിന്റെ ചെയർപേഴ്സണായാണ് ലിൻഡ യാക്കറിനോ നിലവിൽ പ്രവർത്തിക്കുന്നത്. നേരത്തെ സ്ഥാപനത്തിന്റെ കേബിൾ എന്റർടൈൻമെന്റ്, ഡിജിറ്റൽ അഡ്വർടൈസിങ് സെയിൽസ് എന്നീ ഡിവിഷനിലും പ്രവർത്തിച്ചിട്ടുണ്ട്. പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പുതിയ സിഇഒയെ നിയമിച്ച ശേഷം അവർക്ക് എത്രമാത്രം അധികാരം വിട്ടുനൽകാൻ മസ്ക് തയ്യാറാകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. മസ്കിന്റെ പ്രവർത്തനശൈലിയോട് ചേർന്ന് പോകാൻ ലിൻഡയ്ക്ക് ആകുമോയെന്നതും നിർണായകമാണ്.
തന്റെ രീതികളോട് യോജിക്കാത്ത സിഇഒയെയും മറ്റ് ഉന്നതരെയും ചവിട്ടിപ്പുറത്താക്കുകയാണ് ട്വിറ്റർ സ്വന്തമാക്കിയ ശേഷം ഇലോൺ മസ്ക് ആദ്യം ചെയ്തതെന്ന് ഓർമ വേണം. സിഇഒ ആക്കാൻ യോഗ്യതയുള്ളവരില്ലെന്നും പറഞ്ഞാണ് അന്ന് മസ്ക് ചുമതലയേറ്റെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരിൽ വലിയൊരു ശതമാനത്തെയും അദ്ദേഹം പിരിച്ചു വിട്ടിരുന്നു. സബ്സ്ക്രിപ്ഷൻ സേവനങ്ങൾ തുടങ്ങിയ പോലെയുള്ള നയമാറ്റങ്ങളും മസ്ക് നടപ്പിലാക്കി. ഇത്തരത്തിൽ അപ്രതീക്ഷിതവും ചടുലവുമായ പ്രവർത്തന രീതിയുള്ള മസ്കുമായി ലിൻഡ യാക്കറിനോ എത്രമാത്രം യോജിച്ചു പോകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.


Click it and Unblock the Notifications








