ടിക്കറ്റ് ബുക്ക് ചെയ്ത് തിയറ്ററിലും കാണാം; ലോക്സഭാ ഇലക്ഷൻ റിസൾട്ട് അറിയാനുള്ള മാർഗങ്ങൾ
രാജ്യത്തിന്റെ ജനവിധി എന്താകും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. കേരളത്തിൽ എൽഡിഎഫും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരമെങ്കിലും ബിജെപി അക്കൗണ്ട് തുറക്കുമോ എന്നതിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിൽ ആകെ 20 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഈ ഇരുപത് ഇടത്തും ശക്തമായ മത്സരം തന്നെയാണ് നടന്നത്. ഉറപ്പായും ജയിക്കും എന്ന് കരുതിയവർ തോറ്റ സംഭവങ്ങൾ ഇലക്ഷൻ റിസൾട്ടുകളുടെ ചരിത്രത്തിൽ പലയിടത്തും കാണാം. മത്സരിച്ച പ്രമുഖരിൽ അടി പതറിയത് ആർക്ക്, തങ്ങളുടെ സ്ഥാനാർഥി ജയിച്ചോ, രാജ്യത്തെ പൊതു ട്രെൻഡ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ ആഗ്രഹിക്കുന്നവർ ധാരാളം.
കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുൽ ആളുകളും ടെലിവിഷൻ ചാനലുകളുടെ ചർച്ചകൾ സഹിതമുള്ള ഫലപ്രഖ്യാപനത്തിന്റെ പിന്നാലെയാകും. എന്നാൽ എല്ലാവർക്കും അതിനോട് താൽപര്യം ഉണ്ടായി എന്നുവരില്ല. എവിടെ എന്ത് ജോലിയിൽ ഏർപ്പെട്ടിരുന്നാലും ഇലക്ഷൻ റിസൾട്ട് തത്സമയം അറിയാനുള്ള വിവിധ മാർഗങ്ങൾ നിലവിലുണ്ട്. രാജ്യത്തിന്റെ അടുത്ത സർക്കാരിനെ തെരഞ്ഞെടുക്കുന്ന നിർണായകമായ ലോക്സഭാ ഇലക്ഷൻ റിസൾട്ട് തത്സമയം അറിയാനുള്ള വഴികൾ പരിചയപ്പെടാം.

ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണത്തെ ലോക്സഭാ ഇലക്ഷൻ നടന്നത്. ഏപ്രിൽ-19 (ഘട്ടം 1), ഏപ്രിൽ-26 (ഘട്ടം 2), മെയ്-7 (ഘട്ടം 3), മെയ്-13 (ഘട്ടം 4), മെയ്-20 (ഘട്ടം 5), മെയ്-25 (ഘട്ടം 6), ജൂൺ-1 (ഘട്ടം 7) എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ കടന്നുപോയത്.
ലോക്സഭാ ഇലക്ഷൻ റിസൾട്ട് ഏറ്റവും ആധികാരികമായി പ്രത്യക്ഷപ്പെടുക കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റിലൂടെയാണ്. ഈ റിസൾട്ട് ആണ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ചാനലുകളെ ആശ്രയിക്കാതെ ഏതൊരു പൗരനും ഈ റിസൾട്ട് അറിയാൻ സാധിക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) യുടെ https://results.eci.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ വോട്ടെണ്ണൽ ട്രെൻഡുകളും ഫലങ്ങളും പരിശോധിക്കാം.
സ്മാർട്ട്ഫോണിൽ ഇലക്ഷൻ റിസൾട്ട് അറിയാൻ ആപ്പ്: 2024 ലോക്സഭാ ഇലക്ഷൻ റിസൾട്ടിന്റെ അപ്‌ഡേറ്റുകൾ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയും ആക്‌സസ് ചെയ്യാം. ഈ ആപ്പ് iOS, Android സ്മാർട്ട്ഫോണുകൾക്കായി ആപ്പ് സ്റ്റോറിൽ ലഭ്യമാണ്. ജൂൺ 4 ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലുമുള്ള റിട്ടേണിംഗ് ഓഫീസർമാർ / അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാർ (RO/ ARO) നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ട്രെൻഡുകളും ഫലങ്ങളും ആണ് ഇലക്ഷൻ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുക. ആകെ 545 ലോക്സഭാ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും സൂറത്തിലും ഇൻഡോറിലും എതിരാളികളില്ലാതെ സ്ഥാനാർഥികൾ വിജയിച്ചിരുന്നു. അതിനാൽ 543 മണ്ഡലങ്ങളിലെ റിസൾട്ടാണ് ജൂൺ 4ന് പ്രഖ്യാപിക്കുക.
തിയറ്ററിൽ ഇലക്ഷൻ റിസൾട്ട് കാണാം: ലോക്സഭാ ഇലക്ഷൻ റിസൾട്ട് ലഭ്യമാക്കാൻ വിവിധ ചാനലുകളും പാർട്ടികളുമൊക്കെ നിരവധി സംവിധാനങ്ങൾ ഒരുക്കുകയും ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റും ആപ്പുമൊക്കെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതിൽനിന്നല്ലാം ഏറെ വ്യത്യസ്തമായി ഇലക്ഷൻ റിസൾട്ട് തിയറ്ററിൽ ഇരുന്ന് കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എന്നാൽ കേരളത്തിലല്ല, അങ്ങ് മഹാരാഷ്ട്രയിലാണ് ഇത്തരം വ്യത്യസ്തമായൊരു റിസൾട്ട് ഷോ ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തിയേറ്ററുകളിൽ മൂവിമാക്സ് ഇലക്ഷൻ റിസൾട്ട് തത്സമയം പ്രദർശിപ്പിക്കും. "തെരഞ്ഞെടുപ്പ് ഫലങ്ങൾ 2024" എന്ന തലക്കെട്ടിലുള്ള ആറ് മണിക്കൂർ പരിപാടി രാവിലെ 9 മണിക്ക് ആരംഭിക്കും. ഇതിന്റെ ടിക്കറ്റുകൾ പേടിഎം വഴി ഓൺലൈനായി ബുക്ക് ചെയ്യാം.


Click it and Unblock the Notifications








