ഇതിലും കുറഞ്ഞ നിരക്കിൽ ഇന്ത്യയിലൊരു പ്ലാനില്ല; ബിഎസ്എൻഎൽ എൻട്രി ലെവൽ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ചറിയാം
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) എന്ന രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിക്ക് പലപ്പോഴും ഗുണങ്ങളെക്കാൾ ഏറെ പോരായ്മകളാണുള്ളത്. പ്രത്യേകിച്ചും മൊബൈൽ കണക്റ്റിവിറ്റി രംഗത്ത്. എന്നാൽ ഒരു ഫൈബർ ഇന്റർനെറ്റ് സേവനദാതാവ് എന്ന നിലയിൽ കമ്പനി കട്ടയ്ക്ക് പിടിച്ച് നിൽക്കുന്നുമുണ്ട്.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫൈബർ ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കുള്ള ഡിമാൻഡ് ഏറെ വർധിച്ച് വരുന്നുണ്ട്. പ്രതിദിന ഡാറ്റ ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഫൈബർ കണക്റ്റിവിറ്റിയെ ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. ആവശ്യകത ഗണ്യമായി വർധിച്ച് വരുന്ന സാഹചര്യം മുതലെടുക്കാൻ ലക്ഷ്യമിട്ട് നിരവധി പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനുകൾ നൽകുന്നതും ബിഎസ്എൻഎൽ തന്നെയാണ്. ഈ പ്ലാനുകൾ കാരണമാണ് ബ്രോഡ്ബാൻഡ് വിപണിയിൽ ബിഎസ്എൻഎല്ലിന് സ്വന്തം സ്ഥാനം നിലനിർത്താൻ കഴിയുന്നതും.

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാനിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ ഫൈബർ എൻട്രി പ്ലാൻ ലഭ്യമല്ലെന്ന കാര്യം യൂസേഴ്സ് ആദ്യം തന്നെ അറിഞ്ഞിരിക്കണം. ഏതാനും സർക്കിളുകൾ ഒഴിച്ച് ബാക്കിയെല്ലായിടത്തും പ്ലാൻ ലഭ്യമാണ്. കേരളത്തിൽ ബിഎസ്എൻഎൽ ഈ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഫൈബർ എൻട്രി പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക
329 രൂപയുടെ BSNL ഫൈബർ എൻട്രി പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഫൈബർ എൻട്രി പ്ലാൻ പ്രതിമാസം 329 രൂപ നിരക്കിലാണ് വരുന്നത്. 20 എംബിപിഎസ് വരെയാണ് 329 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ എൻട്രി പ്ലാൻ ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡ്. 1 ടിബിയാണ് പ്രതിമാസ ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ്. ബണ്ടിൽ ചെയ്‌തിരിക്കുന്ന ഡാറ്റ ( 1 ടിബി ) ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം.

അധിക ചെലവില്ലാതെ ഒരു ലാൻഡ്‌ലൈൻ കണക്ഷനും 329 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ എൻട്രി പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ലാൻഡ്‌ലൈൻ കണക്ഷന് ആവശ്യമുള്ള എക്വിപ്മെന്റ്സ് യൂസേഴ്സ് തന്നെ വാങ്ങേണ്ടി വരും. 20 എംബിപിഎസ് വേഗത വളരെ കുറവാണെന്ന് ആരും കരുതേണ്ടതില്ല. നിങ്ങളുടെ ശരാശരി ആവശ്യങ്ങൾ നിറവേറ്റാൻ 20 എംബിപിസ് ഡാറ്റ സ്പീഡ് വളരെ പര്യാപ്തമാണ് താനും. വലിയ ഡാറ്റ ഉപയോഗമുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ തന്നെ മറ്റ് പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.
329 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ എൻട്രി പ്ലാനിനൊപ്പം ബണ്ടിൽ ചെയ്‌തിരിക്കുന്ന 1 ടിബി ഡാറ്റ ഉപയോഗിച്ച് യൂസേഴ്സിന് വീഡിയോകൾ സ്ട്രീം ചെയ്യാനും ഫയലുകൾ ഡൗൺലോഡ് ചെയ്യാനുമൊക്കെ സാധിക്കും. ഒരൊറ്റ യൂസറിന് പര്യാപ്തമാകുന്ന രീതിയിലാണ് ഈ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ കൂടുതൽ ഡിവൈസുകൾ കണക്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ ഡിവൈസുകൾ കണക്റ്റ് ചെയ്താൽ സ്പീഡ് കുറയുന്നതും പേജുകൾ ലോഡ് ആവാൻ താമസിക്കുന്നതും പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും.

ഇതിൽ കൂടുതൽ ബാൻഡ് വിഡ്ത്ത് ഉള്ള പ്ലാനുകൾ ആവശ്യമുള്ളവർക്ക് 399 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ സെലക്റ്റ് ചെയ്യാവുന്നതാണ്. 30 എംബിപിഎസ് ആണ് 399 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്ന ഡാറ്റ സ്പീഡ്. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ 329 രൂപയുടെ BSNL ഫൈബർ എൻട്രി പ്ലാനിന് സമാനമാണ്. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന നിരക്കുകൾ നികുതി ഉൾപ്പെടുത്താതെയുള്ളവയാണെന്ന് അറിഞ്ഞിരിക്കണം.


Click it and Unblock the Notifications