ബിഎസ്എൻഎൽ 5ജി റെഡി, പക്ഷേ സാധാരണക്കാർക്ക് കിട്ടില്ല!
രാജ്യത്തെ സ്വകാര്യ സംരംഭങ്ങളിൽ 5ജി നെറ്റ്വർക്കുകൾ അവതരിപ്പിക്കുന്നതിനായി എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ് (LTTS) ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി( ബിഎസ്എൻഎൽ) കൈകോർത്തു. ഇതോടെ സ്വകാര്യ 5ജി രംഗത്തേക്ക് എൽ ആൻഡ് ടി കടന്നുവരവ് ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്.
ബിഎസ്എൻഎല്ലും എൽ ആൻഡ് ടിയും തമ്മിലുള്ള ഈ സഹകരണം ഇരു കമ്പനികൾക്കും നേട്ടമാകുമെന്ന് കരുതപ്പെടുന്നു. പദ്ധതിക്ക് ആവശ്യമായ 5ജി സ്പെക്‌ട്രവും നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറും ബിഎസ്എൻഎൽ നൽകും. ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, സാങ്കേതികവിദ്യ, സോഫ്റ്റ്‌വെയർ, സെൻസറുകൾ, സെർവറുകൾ, എന്റർപ്രൈസുകൾക്കുള്ള നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിനുള്ളിലെ സംയോജനം എന്നിവ എൽടിടിഎസ് വാഗ്ദാനം ചെയ്യും.

ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് 5ജി സൗകര്യം ഒരുക്കുന്നതിന് പിന്നാലെ ആഗോളതലത്തിൽ ബിസിനസ് വ്യാപിപ്പിക്കാനും എൽടിടിഎസ് പദ്ധതിയിടുന്നുണ്ട്. ബിഎസ്എൻഎൽ 5ജി ഉപയോഗിച്ച് വലിയൊരു വിഭാഗം വ്യവസായ സ്ഥാപനങ്ങളിലുടനീളം ശക്തമായ നെറ്റ്വർക്കിങ് സ്ഥാപിക്കാമെന്ന് എൽടിടിഎസ് കണക്കുകൂട്ടുന്നു. ഇന്ത്യയിലെ സ്വകാര്യ സംരംഭങ്ങൾക്ക് അതിവേഗ ഡാറ്റ ആവശ്യമായി വന്നിരിക്കുകയാണ്.
ആരോഗ്യ സംരക്ഷണം, സ്മാർട്ട് യൂട്ടിലിറ്റികൾ, ഉപഭോക്തൃ, മീഡിയ ആപ്ലിക്കേഷനുകൾ, വ്യാവസായിക ഉൽപ്പാദനം, സാമ്പത്തിക സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലായി 1.3 ട്രില്യൺ യുഎസ് ഡോളറിന്റെ വിപണി സൃഷ്ടിക്കാൻ 5ജിക്ക് സാധിക്കും എന്നാണ് എൽടിടിഎസ് വിലയിരുത്തൽ. നെറ്റ്‌വർക്ക് മെയിന്റനൻസ്, മാനേജ്‌മെന്റ്, കൺസൾട്ടിംഗ്, റോൾഔട്ട് തുടങ്ങിയ മേഖലകളിൽ 5ജിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കമ്പനി വിലയിരുത്തുന്നു.

ഇന്ത്യയിലെ വൻകിട വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സ്പെക്‌ട്രം അനുവദിക്കാൻ 2022 ൽ ടെലിക്കോം വകുപ്പ് തീരുമാനമെടുത്തതാണ്. എന്നാൽ ജിയോയും എയർടെലും അടക്കമുള്ള ടെലിക്കോം കമ്പനികൾ ഇതിനെ ശക്തമായി എതിർത്തു. വ്യവസായ സ്ഥാപനങ്ങൾക്കു വേണ്ടി സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിലൂടെ വൻ തുക വരുമാനം നേടാമെന്ന് ടെലിക്കോം കമ്പനികൾ പ്ലാൻ ചെയ്തിരുന്നു.
എന്നാൽ വ്യവസായ സ്ഥാപനങ്ങൾക്ക് നേരിട്ട് സർക്കാർ സ്പെക്ട്രം അനുവദിച്ചാൽ അത് തങ്ങൾക്ക് വൻ തിരിച്ചടിയാകുമെന്ന് ടെലിക്കോം കമ്പനികൾ ചൂണ്ടിക്കാണിച്ചു. ഒടുവിൽ, വിഷയത്തിൽ ടെലിക്കോം കമ്പനികൾക്ക് അനുകൂലമായ തീരുമാനം മന്ത്രാലയം കൈക്കൊണ്ടു എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യ സംരംഭങ്ങൾക്ക് വൻ തിരിച്ചടിയായി.
സർക്കാരിൽ നിന്ന് സ്പെക്‌ട്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ടാറ്റ പവർ, ജിഎംആർ തുടങ്ങിയ പ്രമുഖ കമ്പനികൾക്കാണ് ടെലിക്കോം വകുപ്പിന്റെ ഈ തീരുമാനം കൂടുതൽ ആഘാതം ഏൽപ്പിച്ചത്. ക്യാപ്റ്റീവ് സ്വകാര്യ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നതിന് ഈ സംരംഭങ്ങൾ ഇനി ടെലിക്കോം കമ്പനികളുടെ സഹായം സ്വീകരിക്കുകയോ അതല്ലെങ്കിൽ അവരിൽ നിന്ന് സ്പെക്‌ട്രം പാട്ടത്തിന് എടുക്കുകയോ ചെയ്യേണ്ട അവസ്ഥ വരികയായിരുന്നു.

ഈ പ്രശ്നത്തിന് പരിഹാരമായാണ് ബിഎസ്എൻഎല്ലുമായി കൈകോർത്ത് എൽടിടിഎസ് സംരംഭങ്ങൾക്ക് 5ജി എത്തിക്കുന്നത്. മോശം കണക്ടിവിറ്റിയുള്ള സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന കമ്പനികൾക്ക് തങ്ങളുടെ 5ജി സേവനം ഏറെ സഹായകമാകും എന്നാണ് എൽടിടിഎസ് പറയുന്നത്. ബിഎസ്എൻഎല്ലിനും 5ജി സ്പെക്ട്രം വിൽപ്പനയിലൂടെ വൻ വരുമാനം സ്വന്തമാക്കാൻ കഴിയും.
അതേസമയം പൊതുജനങ്ങൾക്കായുള്ള ബിഎസ്എൻഎൽ 5ജി സേവനങ്ങൾ 2024 ൽ മാത്രമേ ആരംഭിക്കാൻ സാധ്യതയുള്ളൂ. അതിന് മുമ്പ് 4ജി വ്യാപനം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിഎസ്എൻഎൽ 4ജി വ്യാപന നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടെലിക്കോം സർക്കിളുകളിൽ 4ജി സേവനങ്ങൾക്കായുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്.
ഈ വർഷം രണ്ടാം പകുതിയോടെ കൂടുതൽ ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജിയിലേക്ക് മാറും. 4ജിയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പിൽ ടാറ്റ കൺസൾട്ടൻസി സർവീസ് (TCS), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT), തേജസ് ( TEJAS ) നെറ്റ്‌വർക്കുകൾ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ പ്രവർത്തിക്കുന്നത്.


Click it and Unblock the Notifications