മലയാളം പറയുന്ന ചാറ്റ്ബോട്ട്! പ്രാദേശിക ഭാഷകളിൽ ചാറ്റ്ജിപിടിക്ക് ബദൽ ഒരുക്കാൻ മദ്രാസ് ഐഐടി
ലോകമെങ്ങും തരംഗമായിക്കൊണ്ടിരിക്കുകയാണ് ചാറ്റ്ജിപിടിയുടെ എഐ ചാറ്റ്ബോട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിസാധ്യതകൾ അനന്തവും വിശാലവുമാണ് എന്ന് ടെക്നോളജി രംഗം ഇതിനകം തിരിച്ചറിയുകയും ആ നിലയ്ക്ക് ഗവേഷണങ്ങൾ മുന്നേറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലോകമെങ്ങും എഐ തരംഗമാണ് എന്ന് പറയാം. അതിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി ആണ്.
നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്‌ഫോർമർ എന്നാണ് ജിപിടി എന്നതിന്റെ പൂർണരൂപം. ചാറ്റ്ജിപിടി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ട് ഇതിനോടകം ലോകമെങ്ങും ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു. ചോദ്യങ്ങൾക്ക് മനുഷ്യനെപ്പോലെ മറുപടി നൽകും എന്നതാണ് ചാറ്റ്ജിപിടിയുടെ പ്രത്യേകത. അതോടൊപ്പം എന്തിനും ഉത്തരമുണ്ട് എന്നതും ചാറ്റ്ജിപിടിയെ ശ്രദ്ധേയമാക്കുന്നു.

പറയുന്നതെന്തും ഞൊടിയിടയിൽ എഴുതിനൽകാൻ കഴിയുന്ന ചാറ്റ്ജിപിടിയുടെ ശേഷി ആരെയും അദ്ഭുതപ്പെടുത്തിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചാറ്റ്ജിപിടിയുടെ പിന്നിൽ പ്രവർത്തിച്ച ഓപ്പൺ എഐയ്ക്ക് പിന്തുണ നൽകിവന്നിരുന്ന മൈക്രോസോഫ്ട് തങ്ങളുടെ ബിങ് സെർച്ച് എൻജിനിൽ ഉൾപ്പെടെ ചാറ്റ്ജിപിടി അടിസ്ഥാനമാക്കിയുള്ള എഐ ടൂളുകളും ചാറ്റ്ബോട്ടുമൊക്കെ അവതരിപ്പിച്ചിരിക്കുകയാണ്. സെർച്ചിങ്ങിൽ ഗൂഗിളിനെ മറികടക്കാനാണ് മൈക്രോസോഫ്ട് ലക്ഷ്യമിടുന്നത്.
ഒട്ടേറെ മേഖലകളിൽ മനുഷ്യർക്ക് പകരമായി ഉൾപ്പെടെ പ്രവർത്തിക്കാൻ ചാറ്റ്ജിപിടിക്ക് കഴിയും എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ലോകത്തെ ഇത്രമേൽ സ്വാധീനിച്ച ചാറ്റ്ജിപിടിയുടെ കഴിവുകൾ പക്ഷേ നമ്മുടെ പ്രാദേശിക ഭാഷകളിൽ വേണ്ടത്ര ലഭ്യമായി തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിൽ പ്രാദേശിക ഭാഷകൾ അടിസ്ഥാനമാക്കി ചാറ്റ്ജിപിടിയുടെ ബദൽ മോഡൽ നിർമിക്കാനുള്ള തയാറെടുപ്പിലാണ് മദ്രാസ് ഐഐടി എന്നാണ് വിവരം.
കോഡ് മുതൽ കവിതകൾ വരെ എഴുതാൻ കഴിയുന്ന ചാറ്റ്ജിപിടിയുടെ കഴിവുകൾ അനന്തമാണ്. ചോദിക്കുമ്പോൾ ഇംഗ്ലീഷിൽ പ്രതികരിക്കാൻ കഴിയുമെങ്കിലും, കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളിൽ പരിമിതമായ അറിവ് മാത്രമേ ഈ ചാറ്റ്ബോട്ടിന് ഉള്ളൂ. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് ബദൽ ചാറ്റ്ജിപിടി എന്ന ആശയം എത്തിയിരിക്കുന്നത്.

ഇതിനോടകം നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണ് മദ്രാസ് ഐഐടി. പ്രാദേശിക ഭാഷകളിലും ചാറ്റ്ജിപിടി പോലുള്ള സേവനങ്ങൾ ലഭ്യമാക്കാൻ ഇപ്പോൾ മദ്രാസ് ഐഐടി തയാറെടുക്കുന്നതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. പ്രാദേശിക ഭാഷകളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചാറ്റ്ജിപിടി ബദലിനായി പരിശ്രമിക്കുകയാണെന്ന ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടിയുടെ പ്രസ്താവനയും ഇന്ത്യാടുഡേ പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ ഏതൊക്കെ പ്രാദേശിക ഭാഷകളിലാണ് ചാറ്റ്ബോട്ടിന് പ്രാവീണ്യം നൽകുകയെന്നോ പ്രോജക്റ്റ് എപ്പോൾ ആരംഭിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സർക്കാരിന്റെ ഇ-ലേണിംഗ് സംരംഭമായ 'സ്വയം പ്ലാറ്റ്‌ഫോം' വഴി സൃഷ്ടിക്കുന്ന ഡാറ്റ ഉപയോഗിച്ച് മാത്‌സ് ചാറ്റ്, അല്ലെങ്കിൽ ഫിസിക്‌സ് ചാറ്റ് പോലെയുള്ള ഒരു നല്ല ചാറ്റ് എഞ്ചിനീയറിംഗ് പ്ലാറ്റ്‌ഫോം സാധ്യമാണ് എന്ന് കാമകോടി പറഞ്ഞു.

എന്നാൽ തങ്ങൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് വിവർത്തനത്തിൽ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ, ചാറ്റ്ജിപിടി ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ വിവിധ ഭാഷകളുടെ പിന്തുണയുള്ള ഒരു ചാറ്റ്ജിപിടി ബദൽ കൊണ്ടുവന്നാൽ അത് വലിയകാര്യമായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ഇപ്പോഴല്ലെങ്കിലും ഭാവിയിൽ അത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജിപിടി 4ന്റെ വരവോടെ ചാറ്റ്ജിപിടി കൂടുതൽ കരുത്ത് നേടിയിരിക്കുകയാണ്. മുൻഗാമിയേക്കാൾ സുരക്ഷിതവും കൂടുതൽ കൃത്യതയും ജിപിടി-4 ന് ഉണ്ടെന്ന് കമ്പനി പറയുന്നു. ഭാവിയിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും നിർദേശങ്ങളായി നൽകാനാകും. അതുകൊണ്ട് ജിപിടി-4 നെ ഒരു 'മൾട്ടി മോഡൽ' എന്നാണ് ഓപ്പൺ എഐ വിശേഷിപ്പിക്കുന്നത്.
അസാധാരണമായ കഴിവുകൾ കണക്കിലെടുക്കുമ്പോൾ, ചാറ്റ്ജിപിടിയെ പലരും ഭയപ്പെടുന്നുമുണ്ട്. ഭാവിയിൽ നിരവധിപേരുടെ ജോലി നഷ്ടമാകാൻ ചാറ്റ്ജിപിടി ഇടയാക്കുമെന്ന് കരുതപ്പെടുന്നു. ഓപ്പൺഎഐയുടെ സ്ഥാപകൻ സാം ആൾട്ട്മാൻ, ചാറ്റ്ബോട്ട് മനുഷ്യരുടെ ജോലി ഇല്ലാതാക്കാനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടുമുണ്ട്. എങ്കിലും മനുഷ്യന്റെ സർഗ്ഗാത്മകത പരിധിയില്ലാത്തതാണെന്നും പുതിയ ജോലികളും അവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.


Click it and Unblock the Notifications








