ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരാണോ..? ഇത് ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും
ഓരോ നിമിഷവും വളരുന്ന 'ലോകമാണ്' ടെക്‌നോളജി. ടെക്‌നോളജി വളരുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടങ്കിലും ദോശങ്ങളും ഏറെയാണ്. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യാനും ഡാറ്റകൾ തട്ടിയെടുക്കാനും ഇപ്പോൾ തട്ടിപ്പ് സംഘത്തിന് എളുപ്പത്തിൽ കഴിയും. അതിനാൽ തന്നെ നമ്മൾ ജാഗ്രതയോടെ ഇരിക്കണം. ഇപ്പോഴിതാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ഗവൺമെൻറ്. ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടന്നേക്കാമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതുവഴി ഹാക്കർമാർ സൈബർ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആൻഡ്രോയിഡ് വേർഷൻ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനേ തുടർന്നാണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട്ട്-ഇൻ) അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആൻഡ്രോയിഡ് ഫ്രെയിംവർക്കിലോ ചിപ്‌സെറ്റിലോ ആകാം തകരാറെന്നും സെർട്ട്-ഇൻ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം തടയാൻ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം വ്യക്തിഗത ഡേറ്റ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നുണ്ട്.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ പ്ലേ സ്റ്റോർ അംഗീകരിക്കാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ ഒഴിവാക്കണം. ഇവയിലൂടെ മാൽവെയറുകൾ ഫോണിൽ കടന്നേക്കാം. സ്വകാര്യ വിവരങ്ങളോ ക്രെഡൻഷ്യലുകളോ മോഷ്ടിക്കാൻ ശ്രമിച്ചേക്കാവുന്ന ഫിഷിങ് ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും നിർദേശം നൽകുന്നുണ്ട്
മാർച്ച് 12 ലെ സുരക്ഷാ ബുള്ളറ്റിനിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഇന്ത്യയിലെ ഏകദേശം 50 ദശലക്ഷത്തിൽ കൂടുതൽ ഉപഭോക്താക്കളാണ് ആൻഡ്രോയിഡ് വേർഷൻ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ പേർ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇത്തരം തട്ടിപ്പുകളെ തരണം ചെയ്യുന്ന രീതിയിൽ അവരുടെ ഉപഭോക്താക്കളെ സംരക്ഷിക്കേണ്ടതുണ്ട്.
ഫ്രെയിംവർക്ക്, സിസ്റ്റം, എആർഎം ഘടകങ്ങൾ, ഇമാജിനേഷൻ ടെക്‌നോളജീസ്, മീഡിയടെക് ഘടകങ്ങൾ, ക്വാൽകോം ഘടകങ്ങൾ, ക്വാൽകോം ക്ലോസ് സോഴ്‌സ് ഘടകങ്ങൾ എന്നിവയല്ലാം തന്നെ ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ആക്രമണത്തിന് ഇരയാക്കാൻ ഉതകുന്ന വിധത്തിലുള്ളവയാണെന്ന് സെർട്ട്-ഇൻ എടുത്തുകാണിക്കുന്നു. അതുകൊണ്ട് ഇത് എല്ലാ ആൻഡ്രോയ്ഡ് നിർമാതാക്കളെയും ഉപഭോക്താക്കളെയും ടാർഗറ്റ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്‌നങ്ങളുണ്ട്. ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ.എസിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണത്താൽ സാംസങ്, റിയൽമി, ഷാവോമി, വിവോ ഉൾപ്പടെയുള്ള ബ്രാന്റുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
പല കമ്പനികളും ഇതിനിടയിൽ തന്നെ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. വരുംആഴ്ചകളിൽ എല്ലാവർക്കും അപ്‌ഡേറ്റ് എത്തിയേക്കും. ഇതിനായി സെറ്റിങ്‌സിൽ സിസ്റ്റം അപ്‌ഡേറ്റിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക. ഫോൺ അപ്‌ഡേറ്റ് ചെയ്യുകയാണ് ഇതിൽ ആദ്യം ചെയ്യേണ്ട കാര്യം. അതായത് ഫോൺ കമ്പനികൾ പുറത്തിറക്കുന്ന സുരക്ഷാ അപ്‌ഗ്രേഡുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യുക. അപ്‌ഡേറ്റുകൾ വൈകാതിരിക്കാൻ ഫോണിന്റെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓൺ ചെയ്തു വെക്കുക. ഇതുവഴി അപ്‌ഡേറ്റുകൾ എത്തുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി അവ ഇൻസ്റ്റാൾ ചെയ്യപ്പെടും.

ഫോണിലെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന് തോന്നുകയോ ഫോണിൽ അസാധാരണമായ എന്തെങ്കിലും കാര്യങ്ങൾ നടക്കുകയോ ചെയ്യുന്നതായി സംശയം തോന്നിയാൽ ഉടൻ ഫാക്ടറി റീസെറ്റ് ചെയ്യുന്നത് പരിഗണിക്കുക. ഗൂഗിൾ പ്ലേസ്റ്റോർ പോലെ വിശ്വാസ്യതയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. ഇമെയിലുകൾ, എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുകയും വേണം.


Click it and Unblock the Notifications








