ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളില്‍ വീഡിയോകോളിംഗ് സൗകര്യം

Posted By: Staff

ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളില്‍ വീഡിയോകോളിംഗ് സൗകര്യം

ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളുടെ എണ്ണം ക്രമാധീതമായി കുറയുന്ന സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ പുതിയ സൗകര്യങ്ങളുള്‍പ്പെടുത്തി ലാന്‍ഡ്‌ലൈന്‍ നവീകരിക്കാനൊരുങ്ങുന്നു. വീഡിയോ കോളിംഗ്, മൊബൈല്‍ ഫോണുകളില്‍ നിന്ന് സൗജന്യ കോള്‍ ട്രാന്‍സ്ഫര്‍ എന്നീ സൗകര്യങ്ങളെ ഉള്‍പ്പെടുത്താനാണ് ആലോചന. അതിനായി ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 400 കോടി രൂപ കമ്പനി നിക്ഷേപിക്കും.

നിലവില്‍ മൊബൈലുകളില്‍ ലഭ്യമായ ഈ സൗകര്യങ്ങളെ ലാന്‍ഡ്‌ലൈനിലും കൊണ്ടുവരുന്നതിനായി ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളെ എന്‍ജിഎന്‍ (വരുംതലമുറ നെറ്റ്‌വര്‍ക്ക്-നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക്) എക്‌സ്‌ചേഞ്ചുകളാക്കി മാറ്റുന്ന പ്രവൃത്തി ആരംഭിച്ചതായി ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആര്‍. കെ ഉപാദ്ധ്യായ് അറിയിച്ചു. 37,639 എക്‌സ്‌ചേഞ്ചുകളാണ് ബിഎസ്എന്‍എല്ലിനുള്ളത്.

അതില്‍ 30,008 എക്‌സ്‌ചേഞ്ചുകള്‍ സി-ഡോട്ട് ടെക്‌നോളജിയില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി എക്‌സ്‌ചേഞ്ചുകള്‍ മറ്റ് ചില ടെക്‌നോളജികളിലാണ് പ്രവര്‍ത്തിക്കുന്നത്. സി-ഡോട്ട് ടെക്‌നോളജിയെ എന്‍ജിഎന്നിലേക്ക് മാറ്റുമ്പോള്‍ ചെലവ് കുറവാണെങ്കിലും മറ്റ് ടെക്‌നോളജിയിലധിഷ്ഠിതമായ എക്‌സ്‌ചേഞ്ചുകളെ മാറ്റുമ്പോഴാണ് ചെലവ് കൂടുതല്‍ വരികയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പിന്നീട് എല്ലാം എന്‍ജിഎന്‍ എക്‌സ്‌ചേഞ്ച് ആകുന്നതോടെ ഓപറേഷണല്‍, മെയിന്റനന്‍സ് ചെലവുകള്‍ ചുരുക്കാനാകും.

കോള്‍ ട്രാന്‍സ്ഫര്‍ ഉപയോഗിച്ച് ഉപയോക്താവ് വീട്ടിലാണെങ്കില്‍ മൊബൈലില്‍ വരുന്ന കോളുകള്‍ ലാന്‍ഡ്‌ലൈനിലേക്ക് മാറ്റാനാകും. മൊബൈലില്‍ നിന്ന് മൊബൈലിലേക്ക് കോള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് നിലവില്‍ പണം ഈടാക്കുന്നുണ്ടെങ്കിലും ലാന്‍ഡ്‌ലൈനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് സൗജന്യ നിരക്കിലായിരിക്കും എന്നും ചെയര്‍മാന്‍ അറിയിച്ചു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാകും.

ഈ സേവനങ്ങള്‍ക്കൊപ്പം മൂല്യ വര്‍ധിത സേവനങ്ങളും ലഭ്യമാക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. വയര്‍ലൈന്‍ വിഭാഗത്തില്‍ 69 ശതമാനവും ബിഎസ്എന്‍എല്ലിലാണ് പങ്കാളിത്തമുള്ളത്. ട്രായ് നല്‍കിയ കണക്ക് പ്രകാരം മെയ് അവസാനം 3.15 കോടി വയര്‍ലൈന്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ അത് 3.14 കോടി ആയി ചുരുങ്ങി. അതായത് ഒരു മാസത്തിനകം 1 ലക്ഷം വയര്‍ലൈന്‍ ഉപയോക്താക്കള്‍ കുറഞ്ഞു. ജൂണ്‍ വരെ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ 2.17 കോടിയാണ്. ഏകദേശം 9.82 കോടി മൊബൈല്‍ ഫോണ്‍ വരിക്കാരും കമ്പനിക്കുണ്ട്.

മൊബൈല്‍ ഫോണുകളുടെ വരവ് ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയതായി ട്രായുടെ വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്ക് വേണ്ടി മാത്രം ലാന്‍ഡ്‌ലൈന്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വിരളമല്ല. ഈ സാഹചര്യത്തില്‍ പുതിയ സൗകര്യങ്ങള്‍ വരുത്തുന്നത് പൊതുമേഖല കമ്പനി എന്ന നിലയില്‍ ബിഎസ്എന്‍എല്ലിന് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ അവസരം നല്‍കിയേക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot