ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസ് ബാധിച്ചത് 2.11 ലക്ഷം സിസ്റ്റങ്ങളെ

Posted By: Staff

ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസ് ബാധിച്ചത് 2.11 ലക്ഷം സിസ്റ്റങ്ങളെ

ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസ് മൂലം ഇന്റര്‍നെറ്റ് ആക്‌സസ് നഷ്ടപ്പെട്ടത് 2.11 ലക്ഷം സിസ്റ്റങ്ങളെ. ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വളരെ ചെറിയൊരു വിഭാഗത്തിനേ വൈറസ് ബാധ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇന്റര്‍നെറ്റ് വേള്‍ഡ് സ്റ്റാറ്റ്‌സ് നല്‍കുന്ന കണക്ക്.

അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ ഇന്റര്‍നെറ്റ് ആക്‌സസ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയ അന്തിമതിയ്യതി ഇന്നലെയാണ് അവസാനിച്ചത്. ഇതോടെ പ്രത്യേക സര്‍വ്വര്‍ സഹായവും എഫ്ബിഐ പിന്‍വലിച്ചു. തുടക്കത്തില്‍ ഈ മുന്നറിയിപ്പിനെ ഗൗരവമായെടുക്കാതെ ജൂലൈ 7,8 തിയ്യതികളിലാണ് ലോകത്തിലെ 230 കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തിയത്.

തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ തന്നെ എഫ്ബിഐ പ്രത്യേക ഇന്റര്‍നെറ്റ് സര്‍വ്വര്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കി. ഡിഎന്‍എസ്‌ചേഞ്ചര്‍ വൈറസിന്റെ ആക്രമണത്തിന് വിധേയമായ സിസ്റ്റങ്ങള്‍ക്ക് ഈ സര്‍വ്വര്‍ വഴിയാണ് എട്ട് മാസമായി ഇന്റര്‍നെറ്റ് ലഭിച്ചിരുന്നത്. യുഎസില്‍ ജൂലൈ 4 വരെ 45,600 സിസ്റ്റങ്ങളില്‍ ഈ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു, ഞായറാഴ്ചയായപ്പോള്‍ അത് 41,800 സിസ്റ്റങ്ങളായി കുറഞ്ഞതായും എഫ്ബിഐ പറഞ്ഞു.

ആഗോളതലത്തില്‍ വലിയൊരു വിഭാഗം സിസ്റ്റങ്ങള്‍ ഈ പ്രശ്‌നത്തിന് കീഴില്‍ വരുമെന്ന് ഭയപ്പെട്ടിരുന്നു. പലരും മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചതുകൊണ്ട് ഇന്റര്‍നെറ്റ് നഷ്ടമാകാതെ രക്ഷപ്പെടുകയും ചെയ്‌തെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഈ വൈറസ് സാന്നിധ്യം കണ്ടെത്തി സിസ്റ്റത്തെ സംരക്ഷിക്കാനുള്ള ടൂളുകള്‍ ലഭ്യമാണ്.

യുഎസിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളായ എടി&ടിയും ടൈം വാര്‍നര്‍ കേബിള്‍സുമെല്ലാം അവരുടെ വരിക്കാര്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് തുടരാനുള്ള മാര്‍ഗ്ഗങ്ങള്‍ താത്കാലികമായി സജ്ജമാക്കിയിരുന്നു. ഈ വര്‍ഷാവസാനം വരെയാകും ഇത്തരം താത്കാലിക സേവനം ലഭിക്കുകയെന്നും എടി&ടി അറിയിക്കുന്നുണ്ട്. അതിനിടയില്‍ സിസ്റ്റങ്ങളിലെ വൈറസിനെ നീക്കം ചെയ്യേണ്ടത് ഉപയോക്താക്കളുടെ കടമയാണ്. ചില കമ്പനികള്‍ ഈ മാസത്തേക്ക് മാത്രമാണ് ഇത്തരം പിന്തുണ നല്‍കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot