'പ്ലസ്ടുവിന് മാർക്ക് പോര, നിനക്ക് വീട് തരില്ല'; വീട് വാടകയ്ക്ക് ചോദിച്ച യുവാവിന് ഉടമയുടെ വക ഇന്റർവ്യൂ!
ഒരു വാടകവീട് കിട്ടാൻ എന്തൊക്കെ പെടാപ്പാട് പെടണം എന്ന് അത് അനുഭവിച്ചിട്ടുള്ളവർക്കേ മനസിലാകൂ. പ്രത്യേകിച്ച് പരിചയമില്ലാത്ത അന്യനാടുകളിൽ ഒരു താമസ സൗകര്യം ഒപ്പിച്ചെടുക്കുക എന്നത് ഒരു വമ്പൻ പണി തന്നെയാണ്. ഇത്തരം ബുദ്ധിമുട്ട് ഏറ്റവുമധികം അനുഭവപ്പെടുന്ന ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് ബംഗളുരു.
നിരവധി മലയാളികൾ ഉള്ള ഒരു നഗരമെന്ന നിലയിൽ ബംഗളുരു കേരളത്തിന് ഏറെ പരിചയമുള്ള നഗരമാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജോലിക്കായും മലയാളി യുവത്വം ബംഗളുരുവിന്റെ വിവിധ മേഖലകളിലായി തമ്പടിച്ചിരിക്കുന്നു. നിറയെ മലയാളികളൊക്കെ ഉണ്ടെങ്കിലും ബംഗളുരുവിൽ അനുയോജ്യമായ ഒരു താമസ സൗകര്യം കണ്ടെത്തുക എന്നത് അൽപ്പം പാടുപിടിച്ച പണിയാണ്.

കേരളത്തിൽ നിന്ന് മാത്രമല്ല, ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി ആളുകളും ബംഗളുരുവിലുണ്ട്. അതിനാൽത്തന്നെ വർധിച്ച ഡിമാൻഡ് കാരണം വാടകവീടുകളുടെ കൊള്ള നിരക്കിനും വീട്ടുടമകളുടെ അന്യായ ആവശ്യങ്ങൾക്കും ബംഗളുരു കുപ്രസിദ്ധവുമാണ്. പുതിയതായി ബംഗളുരുവിൽ എത്തുന്നവർക്ക് ഒരു വീട് വാടകയ്ക്ക് കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ബംഗളുരുവിൽ വാടകയ്ക്ക് ഒരു വീട് സംഘടിപ്പിക്കുന്നതിനേക്കാൾ എളുപ്പമാണ് ഐഐടി പ്രവേശന പരീക്ഷ പാസാകൽ എന്നാണ് പലരും ചൂണ്ടിക്കാട്ടാറുള്ളത്. ഇത്തരത്തിൽ ഒരു അനുഭവം കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവയ്ക്കുകയുണ്ടായി. പ്ലസ്ടു മാർക്ക് കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് തനിക്ക് വീട് നിഷേധിക്കപ്പെട്ടത് എന്ന് ഈ യുവാവ് പറയുന്നു.
വീട് അന്വേഷിച്ച തന്നോട് ബ്രോക്കർ പ്ലസ് ടു മാർക്ക് ലിസ്റ്റും ആവശ്യപ്പെട്ടെന്നും വീട്ടുടമയുടെ ആവശ്യപ്രകാരമായിരുന്നു അതെന്നും യുവാവ് പറയുന്നു. തുടർന്ന് പ്ലസ് ടു മാർക്ക് ലിസ്റ്റ് നൽകി. പിന്നീട് പ്ലസ് ടുവിന് 75 ശതമാനം മാത്രം മാർക്കുള്ളതിനാൽ വീട് നൽകാനാകില്ലെന്ന് വീട്ടുടമ പറഞ്ഞതായി ബ്രോക്കർ യുവാവിനെ അറിയിച്ചു.
ബ്രോക്കറുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് യുവാവ് തന്റെ അനുഭവം ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ പങ്കുവച്ചത്. പ്ലസ് ടുവിന് 90 ശതമാനത്തിന് മുകളിൽ മാർക്ക് ഉള്ളവർക്ക് വീട് നൽകാനാണ് താൻ താൽപ്പര്യപ്പെടുന്നത് എന്നാണ് വീട്ടുടമ അറിയിച്ചതെന്നും യുവാവ് തന്റെ അനുഭവ കുറിപ്പിൽ പറയുന്നു.
"നിങ്ങളുടെ എംബിഎയ്ക്ക് മാത്രമല്ല, ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാനും നിങ്ങൾക്ക് പ്ലസ്ടു മാർക്ക് ആവശ്യമാണ്. പീക്ക് ബാംഗ്ലൂർ മൊമന്റ്"- എന്ന തലക്കെട്ടോടെയാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. വീട് വാടകയ്‌ക്ക് നൽകാൻ പ്ലസ്ടു മാർക്ക് ലിസ്റ്റ് മാത്രമല്ല, ലിങ്ക്ഡ്ഇൻ, ട്വിറ്റർ പ്രൊഫൈലുകളുടെ ലിങ്കും സ്വയം പരിചയപ്പെടുത്തുന്ന ഒരു കുറിപ്പും നൽകാൻ വീട്ടുടമ ആവശ്യപ്പെട്ടെന്ന് സ്ക്രീൻഷോട്ട് വെളിപ്പെടുത്തുന്നു.

യുവാവിന്റെ കുറിപ്പ് മിനിറ്റുകൾക്കകം നിരവധി പേർ ഏറ്റെടുത്തു. പലരും തങ്ങളുടെ അനുഭവവും പങ്കുവച്ചു. രസകരമായ കമന്റുകളുമായാണ് കൂടുതൽ പേരും ഈ കുറിപ്പിനോട് പ്രതികരിച്ചത്. ബാംഗ്ലൂരിലെ വാടകക്കാർക്കായി CAT അല്ലെങ്കിൽ GMAT പോലെയുള്ള ഒരു പ്രവേശന പരീക്ഷ ഉടൻ ഉണ്ടാകുമെന്ന് ചിലർ കമന്റ് ചെയ്തു.
സോഷ്യൽ മീഡിയ, ഗൂഗിൾ, മുൻ വാടകവീട്ടുടമകളുടെ ലൈക്കുകൾ, ക്രെഡിറ്റ് റേറ്റിംഗുകൾ, സർക്കാർ വെബ്‌സൈറ്റുകൾ, ജീവനക്കാരുടെ ഡാറ്റാബേസുകൾ എന്നിവയുടെ അൽഗോരിതം അടിസ്ഥാനമാക്കി വാടകക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാനുള്ള ആപ്പ് ഉടൻതന്നെ ബംഗളുരുരിൽ പുറത്തിറങ്ങുമെന്ന് മറ്റുചിലർ കമന്റ് ചെയ്തു. ബംഗളുരുവിൽ ഒരു ജോലി ഒപ്പിക്കുന്നതിനെക്കാൾ കഷ്ടപ്പാട് ഒരു വാടകവീട് ഒപ്പിക്കാൻ അനുഭവിക്കേണ്ടിവരുമെന്ന് ചിലർ കുറിച്ചു.
അതേസമയം, ബംഗളുരുവിൽ വാടകവീടുകൾക്കും പേയിംഗ്-ഗസ്റ്റ് താമസ സൗകര്യങ്ങൾക്കുമുള്ള ഡിമാൻഡ് വർധിക്കുന്നതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. വർക്ക് ഫ്രം ഹോം അവസാനിച്ചതോടെ നിരവധി ടെക്കികൾ നഗരത്തിലേക്ക് മടങ്ങിയെത്തി. ഇതോടെ വീടുകൾക്ക് വൻ ഡിമാൻഡുണ്ട്. കുറഞ്ഞത് 25 ശതമാനമെങ്കിലും വാടക വർദ്ധിപ്പിക്കാൻ ഇത് ഉടമകളെ പ്രേരിപ്പിക്കുന്നു. 7-12% വരെ വാടക ഇനിയും ഉയരുമെന്നാണ് പ്രവചനം.


Click it and Unblock the Notifications








