മോഷണം ഇവർക്ക് ഫാമിലി ബിസിനസ്! കേട്ടുകേൾവിയില്ലാത്ത വിധം, ആപ്പിളിനെ ഞെട്ടിച്ച തട്ടിപ്പിൽ ശിക്ഷ റെഡി
ലോകത്തെ ഏറ്റവും പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളും ടെക്നോളജി രംഗത്തെ ഭീമന്മാരിൽ ഒരാളുമായ അമേരിക്കൻ മൾട്ടി നാഷണൽ കോർപ്പറേറ്റ് കമ്പനി ആപ്പിളിനെ (Apple) അതിവിദഗ്ധമായി കബളിപ്പിച്ച് 6 മില്യൺ ഡോളറിന്റെ മോഷണം നടത്തിയ സംഭവത്തിൽ പ്രധാന പ്രതിക്ക് 51 മാസം തടവ് ശിക്ഷ വിധിച്ചു.
സാൻ ഡിയാഗോയിൽ നിന്നുള്ള ഷിവെയ് അലൻ ലിയാവോ എന്ന മുപ്പത്താറുകാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളും രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും ചേർന്ന് ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള വൻ തട്ടിപ്പിലൂടെ 6 മില്യൺ ഡോളറോളം വിലവരുന്ന ഐഫോണുകളും ഐപാഡുകളും ആപ്പിളിനെ കബളിപ്പിച്ച് അതിവിദഗ്ധമായി തട്ടിയെടുക്കുകയായിരുന്നു.

ഐഫോൺ, ഐപാഡ് എന്നിവയുടെ ഡ്യൂപ്ലിക്കേറ്റുകൾ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. എന്നാൽ ഈ തട്ടിപ്പിനെ ശ്രദ്ധേയമാക്കിയത് പ്രതികൾ പുലർത്തിയ തന്ത്രമാണ്. ഈ ഡ്യൂപ്ലിക്കേറ്റ് ആപ്പിൾ ഡിവൈസുകൾ ഏതെങ്കിലും സാധാരണ മനുഷ്യർക്ക് നൽകിയല്ല, പകരം സാക്ഷാൽ ആപ്പിളിന് തന്നെ നൽകിയാണ് ഈ സഹോദരന്മാർ കോടിക്കണക്കിന് രൂപ സമ്പാദിച്ചത്. ഈ തട്ടിപ്പിന്റെ വ്യാപ്തിയറിഞ്ഞ് ആപ്പിൾ പോലും ഞെട്ടിയിരുന്നു.
അതിവിദഗ്ധമായി ആസൂത്രണം ചെയ്ത ഈ തട്ടിപ്പിന്റെ ഭാഗമായി ആദ്യം ചൈനയിൽ നിന്ന് ഒറിജിനൽ എന്ന് തോന്നിക്കുന്ന വ്യാജ ഐഫോണുകളും ഐപാഡുകളും ഇറക്കുമതി ചെയ്യുകയാണ് സഹോദരന്മാരായ ഈ മൂവർ സംഘം ആദ്യം ചെയ്തത്. ഈ വ്യാജ ഡിവൈസുകൾ കൈകളിലെത്തിയ ശേഷം അവർ അതിൽ യഥാർഥ ആപ്പിൾ ഡിവൈസുകളുടെ സീരിയൽ നമ്പറുകൾ വ്യാജമായി കൂട്ടിച്ചേർത്തു.

ആപ്പിളിന്റെ വാറൻ്റി സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഷിവെയ് അലൻ ലിയാവോയും സഹോദരന്മാരായ ഷിമിൻ ജിമ്മി ലിയാവോ, ഷിറ്റിംഗ് ടിം ലിയാവോ എന്നിവരും തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇതിന്റെ മുഖ്യ സൂത്രധാരൻ ഷിവെയ് അലൻ ലിയാവോ ആയിരുന്നു. വ്യാജ സീരീയൽ നമ്പറുകൾ സ്ഥാപിച്ച ശേഷം ഇവർ ഇതുമായി ആപ്പിൾ സ്റ്റോറുകളിലെത്തി ഡിവൈസ് ഓൺ ആകുന്നില്ലെന്നും പരാതിപറയും.
നൽകിയത് വ്യാജ ഐഫോൺ ആണെന്ന് മനസിലാക്കാതെ സീരീയൽ നമ്പർ മാത്രം പരിശോധിച്ച ആപ്പിൾ സ്റ്റോറുകൾ വാറന്റിക്ക് കീഴിൽ പുതിയ ഡിവൈസ് പകരം നൽകും. ഇങ്ങനെ ലഭിക്കുന്ന ഒറിജിനൽ ഡിവൈസ് ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റി അയച്ച് ആണ് ലിയാവോ സഹോദരന്മാർ തട്ടിപ്പ് നടത്തിയിരുന്നത്.
യഥാർഥ സീരിയൽ നമ്പറുള്ള വ്യാജ ഐഫോണുകൾ ആപ്പിൾ സ്റ്റോറുകളിൽ കൊണ്ടുപോയി നൽകാനും പകരം ഒറിജിനൽ ഡിവൈസ് വാങ്ങാനും നിരവധി ആളുകളെ ഇവർ ഉപയോഗിച്ചിരുന്നു. 40 സംസ്ഥാനങ്ങളിലെയും കാനഡയിലെയും ആപ്പിൾ സ്റ്റോറുകളിൽ പ്രതികൾ ഇത്തരത്തിൽ വ്യാജ ഡിവൈസുകൾ കൈമാറ്റം നടത്തി. ഇതിലൂടെ പ്രധാനപ്രതി കുറഞ്ഞത് 6.1 മില്യൺ ഡോളർ വരുമാനം ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.

എഫ്‌ബിഐയുടെയും സാൻ ഡിയാഗോ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെയും അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. സംഭവത്തിൽ ഷിവെയ് അലൻ ലിയാവോയുടെ സഹോദരന്മാരെയും ഭാര്യമാരെയും നേരത്തെ, മൂന്ന് വർഷവും അഞ്ച് മാസവും വീതം തടവിന് ശിക്ഷിച്ചിരുന്നു. ലോകമെമ്പാടും വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര പദ്ധതിയാണ് അലൻ ലിയാവോയുടെ അറസ്റ്റോടെ വെളിപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സാക്ഷാൽ ആപ്പിളിനെ ഇത്ര വിദഗ്ധമായി കബളിപ്പിച്ച് കോടികൾ തട്ടിയ ഈ സംഭവം ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു. കുടുംബത്തെ സാമ്പത്തികമായി വളർത്താനുള്ള ആഗ്രഹമാണ് ഷിവെയ് അലൻ ലിയാവോയെ തട്ടിപ്പിലേക്ക് നയിച്ചത്. ആപ്പിളിനെ കബളിപ്പിച്ച് പ്രതികൾ സമ്പാദിച്ച ഏകദേശം 4.1 ദശലക്ഷം ഡോളർ വിലമതിക്കുന്ന അഞ്ച് വീടുകളും 250,000 ഡോളറും കോടതി കണ്ടുകെട്ടിയിരുന്നു.


Click it and Unblock the Notifications








