പ്രലോഭിപ്പിക്കും വീഴരുത്! നിങ്ങൾ ക്ലിക്ക് ചെയ്യാൻ പാടില്ലാത്ത അപകടകരമായ 7 വാട്സ്ആപ്പ് മെസേജുകൾ
നമ്മുടെ സ്മാർട്ട്ഫോണുകളിലേക്ക് ദിവസവും നിരവധി മെസേജുകൾ വാട്സ്ആപ്പ് (WhatsApp) വഴിയും എസ്എംഎസ് ( SMS ) വഴിയും എത്താറുണ്ട്. നിരുപദ്രവകരമായ പരസ്യമെന്നും എന്തെങ്കിലും അറിയിപ്പെന്നുമൊക്കെ പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന ചില സന്ദേശങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്നാൽ ഇത്തരത്തിൽ എത്തുന്ന സന്ദേശങ്ങളിൽ പലതും ഏറെ അപകടകാരികളാണ് എന്നതാണ് സത്യം.
പ്രശസ്ത സെക്യൂരിറ്റി കമ്പനിയായ മക്അഫീ അടുത്തിടെ തങ്ങളുടെ ഗ്ലോബൽ സ്‌കാം മെസേജ് സ്റ്റഡി പുറത്തിറക്കുകയുണ്ടായി. ഹാക്കർമാരും സൈബർ ക്രിമിനലുകളും ആളുകളുടെ സ്മാർട്ട്ഫോണുകൾ ഹാക്ക് ചെയ്യാനോ പണം അപഹരിക്കാനോ വേണ്ടി എസ്എംഎസ് ആയോ വാട്സ്ആപ്പിലോ അയയ്‌ക്കുന്ന അപകടകരമായ 7 സന്ദേശങ്ങൾ ഈ റിപ്പോർട്ടിൽ മക്അഫീ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

82% ഇന്ത്യക്കാരും ഇത്തരം വ്യാജ വാട്സ്ആപ്പ്/ എസ്എംഎസ് സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുകയോ അതിൽ വീഴുകയോ ചെയ്തിട്ടുണ്ടെന്ന് മക്അഫീ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇമെയിലിലൂടെയോ ടെക്‌സ്‌റ്റിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ പ്രതിദിനം ഏകദേശം 12 വ്യാജ സന്ദേശങ്ങളോ തട്ടിപ്പുമെസേജുകളോ ഇന്ത്യക്കാർക്ക് ലഭിക്കുന്നുണ്ടെന്നാണ് മക്അഫീ പറയുന്നത്. നിങ്ങൾ ഒരിക്കലും ക്ലിക്ക് ചെയ്യാൻ പാടില്ലാത്ത അപകടകരമായ അത്തരം 7 സന്ദേശങ്ങൾ ഇതാ:
1) നിങ്ങൾ ഒരു സമ്മാനം നേടി(You've won a prize!): ലഭിച്ച സമ്മാനത്തിലും നൽകുന്ന ആളുകളുടെ പേരിലും ചെറിയ ചില മാറ്റങ്ങൾ വരുത്തി കാലങ്ങളായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഒരു സന്ദേശമാണിത്. ഇത്തരത്തിൽ നിങ്ങൾക്ക് സമ്മാനം ലഭിച്ചു എന്ന് പറഞ്ഞെത്തുന്ന 99% മെസേജുകളും ഫോണുടമയുടെ ക്രെഡൻഷ്യലുകളോ പണമോ മോഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള തട്ടിപ്പ് ലിങ്കുകൾ നിറഞ്ഞതാണ്.

2)വ്യാജ തൊഴിൽ അറിയിപ്പുകൾ/ഓഫറുകൾ (Fake job notifications): ഫുൾടൈം, പാർട്ട്ടൈം ജോലി അന്വേഷിക്കുന്ന നിരവധിപേർ നമ്മുടെ രാജ്യത്തുണ്ട്. ഇത് തട്ടിപ്പുകാർ അവസരമാക്കിയെടുക്കുന്നു. വാട്സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ നിങ്ങളെ തേടിയെത്തുന്ന ഒരു ജോലിയൊഴിവും സത്യമാകണമെന്നില്ല. ഒരു പ്രൊഫഷണൽ കമ്പനിയും ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ജീവനക്കാരെ അന്വേഷിച്ച് എത്തില്ല. ഇത്തരം സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതും അപകടത്തിലേക്ക് നയിക്കും.
3) യുആർഎൽ ലിങ്ക് സഹിതമെത്തുന്ന ബാങ്ക് അറിയിപ്പുകൾ (Bank alert with URL): ബാങ്ക് അറിയിപ്പുകൾ എന്ന പേരിൽ യുആർഎൽ സഹിതം എത്തുന്ന സന്ദേശങ്ങൾ ഏറെ അപകടകാരികളാണ്. സന്ദേശത്തിനൊപ്പമുള്ള ലിങ്ക് വഴി KYC പൂർത്തിയാക്കാൻ ആവശ്യപ്പെടുന്ന ബാങ്ക് മെസേജുകളിൽ ക്ലിക്ക് ചെയ്യാതെ നിർബന്ധമായും അവഗണിക്കുക.
4) നടത്തിയിട്ടില്ലാത്ത പർച്ചേസിനെക്കുറിച്ചുള്ള അപ്ഡേറ്റ് (Information about a purchase that you haven't made): ആളുകൾ ഇതുവരെ നടത്തിയിട്ടില്ലാത്ത ഒരു പർച്ചേസിന്റെ ഡീറ്റെയിൽസ് അയച്ചുകൊണ്ടും തട്ടിപ്പുകാർ കെണിയൊരുക്കാറുണ്ട്. മെസേജ് കാണുന്നയാളെ ലിങ്കിൽ ക്ലിക്കുചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം മെസേജുകളുടെ ഉള്ളടക്കം ഉണ്ടാകുക. ഇത്തരം സംശയാസ്പദമായ മെസേജുകളിലും ക്ലിക്ക് ചെയ്യരുത്.

5) ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ അപ്‌ഡേറ്റുകൾ (OTT subscription updates): ഒടിടി സബ്സ്ക്രിപ്ഷനുകളുടെ പേരിലും ആളുകൾക്ക് വ്യാജ ലിങ്കോടുകൂടിയ മെസേജുകൾ എത്താറുണ്ട്. സൗജന്യ ഒടിടി സബ്സ്ക്രിപ്ഷൻ ഓഫറുകളോ, സബ്‌സ്‌ക്രിപ്‌ഷനുകൾ തീർന്നതിനെ തുടർന്നുള്ള അടിയന്തര സന്ദേശങ്ങളുടെ രൂപത്തിലോ ഇത്തരം വ്യാജ മെസേജുകൾ എത്താം. ഇത്തരം മെസേജ് ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്.
6) വ്യാജ ഡെലിവറി അറിയിപ്പ് (Fake delivery notification): ഓൺലൈൻ ഡെലിവറികൾ വർധിച്ചതോടെ വ്യാജ ഡെലിവറി മെസേജുകളിലൂടെയും ഹാക്കർമാർ വലവിരിക്കാറുണ്ട്. നിങ്ങളുടെ ഡെലിവറിയിൽ തടസം നേരിടുന്നുവെന്നോ, ഡെലിവറി ക്യാൻസലായി എന്നോ പറഞ്ഞ് എത്തുന്ന വാട്സ്ആപ്പ്/ എസ്എംഎസ് സന്ദേശങ്ങളുടെ ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്.
7) ആമസോൺ സുരക്ഷാ അലേർട്ട്, അക്കൗണ്ട് അപ്‌ഡേറ്റ് അറിയിപ്പുകൾ (Amazon security alert, or account updates notification): ആമസോൺ സുരക്ഷാ അലേർട്ട്, ആമസോൺ അക്കൗണ്ട് അപ്ഡേറ്റ് സംബന്ധിച്ച അറിയിപ്പുകൾ എന്നപേരിലെത്തുന്ന മെസേജുകളും ചതിയാണ്. ഇത്തരം പ്രധാനപ്പെട്ട അലേർട്ടുകൾക്കായി ആമസോണോ ഏതെങ്കിലും ഇ-കൊമേഴ്‌സ് കമ്പനിയോ ഒരിക്കലും എസ്എംഎസിലോ വാട്സ്ആപ്പിലോ നിങ്ങളെ ബന്ധപ്പെടില്ല.


Click it and Unblock the Notifications








