ചാറ്റ്ജിപിറ്റിയെ നേരിടാൻ മെറ്റ; പുതിയ എഐ സേവനം ഉടൻ വരുന്നു
ത്രെഡ്സിന് ശേഷം പുതിയ നീക്കവുമായി ഫെയിസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. ഇത്തവണ ചാറ്റ്ജിപിറ്റിക്ക് തുല്യമായ സേവനം ലക്ഷ്യമിട്ടാണ് മെറ്റ മുന്നിട്ട് ഇറങ്ങുന്നത്. ചാറ്റ്ജിപിറ്റി പോലെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം മെറ്റ നിർമ്മിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെറ്റയുടെ പുതിയ സേവനം തികച്ചും സൗജന്യമായിരിക്കും.
എന്നാൽ ചാറ്റ്ജിപിറ്റി, ഗൂഗിൾ ബാർഡ് എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും മെറ്റയുടെ സർവ്വീസ് എന്നും സൂചനകൾ ഉണ്ട്. മൈക്രോസോഫ്റ്റുമായി സഹകരിച്ചായിരിക്കും മെറ്റ എഐയുടെ സേവനം ഒരുക്കുക. ലാമ 2 (LLaMA 2) എന്നറിയപ്പെടുന്ന എഐ സാങ്കേതികവിദ്യ ഗവേഷണം പോലുള്ള വിവിധ ആവിശ്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഉപകരിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

എഐ സാങ്കേതികവിദ്യയിൽ പ്രഗത്ഭരായ നിരവധി ഗവേഷകർ മെറ്റക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. മെറ്റക്ക് കീഴിൽ പുതിയ സേവനം തുടങ്ങുന്നത് ചാറ്റ്ജിപിറ്റിക്കും ഗൂഗിൾ ബാർഡിനും കനത്ത വെല്ലുവിളിയായിരിക്കും. 'ഓപ്പൺ സോഴ്സുകൾ പുതിയ സാധ്യതകക്ക് വഴിയൊരുക്കും. കാരണം ധാരാളം ഡെവലപ്പർമാർ ഒരുമിച്ചാണ് പുതിയ സാങ്കേതിക വിദ്യകൾ തയ്യാറാക്കുന്നത്.' എന്ന് കഴിഞ്ഞ ദിവസം സക്കർബർഗ് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
സോഫ്റ്റുവെയർ തുറന്നിരിക്കുമ്പോൾ സുരക്ഷിതത്വം വർധിക്കും. കാരണം പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും കൂടുതൽ ആളുകൾക്ക് അത് സൂക്ഷ്മമായി പരിശോധിക്കാനും സാധിക്കും. അതിനാലാണ് ലാമ 2 ഓപ്പൺ സോഴ്‌സിംഗ് ചെയ്യുന്നതെന്നും സക്കർബർഗിന്റെ പോസ്റ്റിൽ പറയുന്നു. മെഷീൻ ലേണിംഗ് ഫ്രെയിംവർക്കായ പൈടോർച്ചിന്റെ വികസനം പോലെ. മെറ്റയുടെ ഓപ്പൺ സോഴ്‌സും ചരിത്രമാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

ആമസോണിന്റെ വെബ് സർവ്വീസിന്റെ ഭാഗമായും മെറ്റയുടെ പുതിയ സേവനം ലഭിക്കുമെന്ന് സക്കർബർഗ് പറഞ്ഞിട്ടുണ്ട്. എന്നാൽ മെറ്റയുടെ പങ്കാളിയായ മൈക്രോസോഫ്റ്റിന്റെ പ്രധാന ക്ലൗഡ് എതിരാളികളിൽ ഒരാളാണ് ആമസോൺ. ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ചാറ്റ്ജിപിറ്റിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ പ്രധാന പങ്കാളികളിൽ ഒരാൾ കൂടിയാണ് മൈക്രോസോഫ്റ്റ് എന്നതും മെറ്റക്ക് കൂടുതൽ ഗുണം ചെയ്യും
അതേസമയം പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചാറ്റ്ജിപിറ്റി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ മാസത്തിൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്ഥിര സന്ദർശകരുടെ എണ്ണത്തിലും കുറവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
5.7 ശതമാനം കുറവാണ് സ്ഥിര സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്. ചാറ്റ്ജിപിറ്റിയിൽ സന്ദർശകർ ചെലവഴിക്കുന്ന ശരാശരി സമയം 8.5 ശതമാനം കുറഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു. അനലിറ്റിക്‌സ് സ്ഥാപനമായ സിമിലാർവെബ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ചാറ്റ്ജിപിറ്റി പ്രവർത്തനം ആരംഭിച്ചത്. ഇത് ആദ്യമായാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.
ജനുവരിയിലെ കണക്കനുസരിച്ച് 1.5 ബില്യണിലധികം ഉപഭോക്താക്കൾ ചാറ്റ്ജിപിറ്റിയിൽ പ്രതിമാസ സന്ദർശനം നടത്തിയിട്ടുണ്ട്. അതിനിടെ ചാറ്റ്ജിപിറ്റിയുടെ പ്രധാന എതിരാളികളിൽ ഒരാളായ ഗൂഗിൾ ബാർഡ് അടുത്തിടെ അതിന്റെ സർവ്വീസുകൾ വ്യാപിപ്പിച്ചിരുന്നു. നിലവിൽ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഉറുദു തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ബാർഡിന്റെ സേവനം ലഭ്യമാണ്. ആകെ നാൽപ്പതിൽ അധികം ഭാഷകളിൽ ഇപ്പോൾ ബാർഡ് ലഭിക്കും.
ഭാഷ മാറ്റുന്നതിന് പുറമെ ഫോട്ടോ നിർദേശങ്ങൾ ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ബാർഡ് നൽകിയിട്ടുണ്ട്. നിലവിൽ ചാറ്റ്ജിപിറ്റിയിൽ ഫോട്ടോ ചേർക്കണമെങ്കിൽ പണം നൽകേണ്ടതുണ്ട്. എന്നാൽ തുകച്ചും സൗജന്യമായാണ് ഗൂഗിൾ ബാർഡ് ഈ സേവനം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ മെറ്റയുടെ ലാമ 2വിന്റെ പ്രധാന എതിരാളികളാണ് ചാറ്റ്ജിപിറ്റിയും ഗൂഗിൾ ബാർഡും.


Click it and Unblock the Notifications








