ഫേസ്ബുക്ക് ഒഴിവാക്കി പക്ഷെ മെറ്റാവേഴ്സിൽ കാണും; ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറിന്റെ ഉപയോഗം തുടരുമെന്ന് മെറ്റ
ഏറെക്കാലം ഫേസ്ബുക്കിനെ വിവാദത്തിൽ ആഴ്ത്തിയിരുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചറുകൾ അടുത്തിടെയാണ് കമ്പനി പിൻവലിച്ചത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെയായിരുന്നു ഫീച്ചർ ഒഴിവാക്കിയത്. ഫേസ് റെക്കഗ്നിഷൻ ഫീച്ചർ ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചെങ്കിലും മെറ്റാവേഴ്സിലെ പുതിയ സംരംഭങ്ങൾക്കായി ഉപയോഗിക്കുമെന്നാണ് മെറ്റയുടെ പുതിയ പ്രഖ്യാപനം. പേര് മാറ്റി മെറ്റാവേഴ്സെന്ന പുതിയ വെർച്വൽ സിസ്റ്റം സൃഷ്ടിക്കാനുള്ള സജ്ജീകരണങ്ങൾ ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. വ്യക്തികൾക്ക് അവതാറുകളായി ഇടപഴകാൻ കഴിയുന്ന ഇന്റർനെറ്റ് അധിഷ്ഠിതമായ സിമുലേഷൻ എൻവിയോൺമെന്റാണ് മെറ്റാവേഴ്സ് എന്നാണ് പുറത്ത് വരുന്ന വിവരം. മെറ്റാവേഴ്സ് പ്രോഡക്ടുകളിൽ ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താനുള്ള സാങ്കേതികതകളും മെറ്റ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ബയോമെട്രിക്സ് സാങ്കേതിക വിദ്യ ഉൾപ്പെടുത്താനുള്ള നീക്കം വിമർശനത്തിന് വഴി വയ്ക്കാനും സാധ്യതയുണ്ട്.

ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചർ ഭാവിയിലേക്കുള്ള ഉപയോഗത്തിന് തീർച്ചയായും ആവശ്യമാണ്. വെർച്വൽ റിയാലിറ്റിയുടെ വിവിധ മേഖലകളിൽ സ്വകാര്യത, നിയന്ത്രണം, സുതാര്യത എന്നിവ നില നിർത്തിക്കൊണ്ടുള്ള ഉപയോഗം സാധ്യമാണ്. ഞങ്ങളുടെ ഭാവി കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും ഇത്തരം ഫീച്ചറുകൾ ഉപയോഗിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ നിറവേറ്റുമെന്ന് പരിശോധിക്കുന്നത് തുടരും." മെറ്റ വക്താവ് ജേസൺ ഗ്രോസ് പറഞ്ഞു. ഫേസ്ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നിഷ്യൻ സിസ്റ്റത്തിനായി നിർമിച്ച ബയോമെട്രിക്ക് ടൂളുകൾ മെറ്റയും ഉപയോഗിക്കും. ഡീപ്പ്ഫേസ് അടക്കമുള്ള സാങ്കേതിക വിദ്യകളും ടൂളുകളും ഇക്കൂട്ടത്തിൽ ഉണ്ട്. യൂസർ ഫോട്ടോകൾ ഉപയോഗിച്ച് ഫേഷ്യൽ ടെംപ്ലേറ്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ്പ്ഫേസ്. ഇതടക്കമുള്ള വിവിധ ബയോമെട്രിക്ക് ടൂളുകളുടെ ഉപയോഗം മെറ്റ തുടരും. സോഷ്യൽ മീഡിയയ്ക്ക് അപ്പുറം വെർച്വൽ റിയാലിറ്റി പോലെയുള്ള മേഖലകളിലേക്ക് കമ്പനി വളരുമ്പോൾ ഫീച്ചറിന്റെ സാധ്യത ഉപയോഗിക്കുന്നത് കൂടുതൽ മികച്ച യൂസർ എക്സ്പീരിയൻസ് നൽകുമെന്നാണ് ഫേസ്ബുക്കിന്റെ വാദം

ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകളിൽ യൂസേഴ്സിന്റെ മുഖം തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന ഫീച്ചറാണ് ഫേഷ്യൽ റെക്കഗ്നിഷ്യൻ സിസ്റ്റം. മറ്റൊരാൾ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലും വീഡിയോകളിലും നിങ്ങളുടെ മുഖം തിരിച്ചറിയാനും നിങ്ങളെ ടാഗ് ചെയ്യാനുമാണ് ഈ ഫീച്ചർ ഉപയോഗിച്ചിരുന്നത്. 2011 മുതൽ ഫേസ്ബുക്കിൽ ഫേഷ്യൽ റെക്കഗ്നിഷ്യൻ സംവിധാനം ലഭ്യമായിരുന്നു. ഫീച്ചർ അവതരിപ്പിച്ച കാലത്ത് 500 ദശലക്ഷം യൂസേഴ്സിനും ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനും വിമർശനങ്ങൾക്കുമൊടുവിലാണ് ഫേസ്ബുക്ക് ഈ ഫീച്ചർ ഒഴിവാക്കിയത്. ഫീച്ചർ ഒഴിവാക്കിയതോടെ യൂസേഴ്സിന്റെ ചിത്രങ്ങളും വീഡിയോകളും സ്വയമേവ കണ്ടെത്തുന്ന രീതിയും അവസാനിപ്പിച്ചു.. ഫേസ് ഐഡി സിസ്റ്റം ഓപ്റ്റ് ചെയ്തവരെയും ഇനി ഓട്ടോമാറ്റിക്കായി ഐഡന്റിഫൈ ചെയ്യില്ല. ഒരു ബില്യണിൽ കൂടുതൽ യൂസേഴ്സിനെയാണ് ഈ ഫീച്ചർ ഒഴിവാക്കിയ നടപടി ബാധിച്ചത്. യൂസേഴ്സിന്റെ മുഖമുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ടാൽ നോട്ടിഫിക്കേഷൻ, ടാഗ് സജഷൻസ്, ഓട്ടോമാറ്റിക് ടാഗിങ് ഈ സൗകര്യങ്ങളെല്ലാം ഇല്ലാതായി.

ഫേഷ്യൽ റെക്കഗ്നിഷൻ ഫീച്ചർ ഇല്ലാതാക്കിയത് അന്ധരായവർ, കാഴ്ച വൈകല്യം ഉള്ളവർ എന്നിവരെ ചെറിയ രീതിയിൽ എങ്കിലും ബാധിക്കും. ഇവർക്കായി ഇമേജ് വിവരണങ്ങൾ സൃഷ്‌ടിക്കാൻ ഫേഷ്യൽ റെക്കഗ്നിഷ്യൻ ഫീച്ചറിനൊപ്പം മറ്റൊരു സംവിധാനവും ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ഓട്ടോമാറ്റിക് ആൾട്ട് ടെക്‌സ്‌റ്റ് അഥവാ എഎടി സാങ്കേതിക വിദ്യ. എഎടി ഉപയോഗിച്ച് കാഴ്ച ഇല്ലാത്തവർക്കായി ഫോട്ടോകളെക്കുറിച്ചുള്ള വിവരണങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞിരുന്നു. ചിത്രങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെങ്കിലും ഇത്തരക്കാർക്ക് നൽകാൻ ഈ സാങ്കേതിക വിദ്യ സഹായിച്ചിരുന്നു എന്നതാണ് വാസ്തവം. ഫേസ്ബുക്കിൽ അപ്ലോഡ് ആകുന്ന ചില ഫോട്ടോകളിലെങ്കിലും ഉള്ള വ്യക്തികൾ ആരാണെന്ന് തിരിച്ചറിയാൻ എഎടി കാഴ്ചയില്ലാത്തവരെ സഹായിച്ചിരുന്നു. ഫേഷ്യൽ റെക്കഗ്നിഷ്യൻ ഇല്ലാതായതോടെ എഎടി സാങ്കേതിക വിദ്യയും ഫേസ്ബുക്കിൽ പൂർണതോതിൽ പ്രവർത്തിക്കാതാകും. ഒരു ഫോട്ടോയിൽ ഉള്ളവരുടെ എണ്ണം തിരിച്ചറിയാൻ കഴിയുമെങ്കിലും അവർ ആരൊക്കെയാണെന്ന് മനസിലാക്കാൻ ആകില്ല.

ഫേസ് റെക്കഗ്നിഷൻ ഫീച്ചർ ഒഴിവാക്കി നല്ല കുട്ടിയാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും മെറ്റാവേഴ്സിൽ സംവിധാനം ഉപയോഗിക്കുമെന്ന പ്രഖ്യാപനം വിമർശകർ അത്ര ലളിതമായി കാണില്ലെന്ന് ഉറപ്പാണ്. ഫീച്ചറിലെ ലൂപ്പ്ഹോൾസ് സ്വകാര്യതാ ലംഘനങ്ങൾക്ക് വഴി വയ്ക്കും എന്ന് തുടങ്ങിയ വിമർശനങ്ങളെല്ലാം വീണ്ടും ഉയരാൻ തന്നെയാണ് സാധ്യത. ഒപ്പം മെറ്റാവേഴ്സ് പ്രോഡക്ടുകളിൽ ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്താനുള്ള നീക്കവും വിമർശനത്തിന് വഴി വെയ്ക്കും. അതിനെയെല്ലാം മെറ്റ എങ്ങനെ നേരിടും എന്നതടക്കമുള്ള കാര്യങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.


Click it and Unblock the Notifications








