മൈക്രോമാക്‌സിന്റെ പുതിയ സി.ഇ.ഒആയി സാംസങ്ങ് ഇന്ത്യ മുന്‍ മേധാവിയെ നിയമിച്ചു

Posted By:

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് വിനീത് തനേജയെ പുതിയ സി.ഇ.ഒ ആയി നിയമിച്ചു. സാംസങ്ങ് മൊബൈല്‍സ് ഇന്ത്യ കണ്‍ട്രി ഹെഡ് ആയിരുന്ന വിനീത് അടുത്തിടെയാണ് സാംസങ്ങില്‍ നിന്ന് രാജിവച്ചത്.

മൈക്രോമാക്‌സിന്റെ അടുത്തഘട്ട വികസനത്തിന് നേതൃത്വം നല്‍കുന്നതിനാണ് വിനീത് തനേജയെ നിയമിച്ചിരിക്കുന്നത്. വിനീത് കമ്പനിക്ക് മികച്ച മുതല്‍കൂട്ടാകുമെന്ന് കരുതുന്നതായി നിയമന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് മൈക്രോമാക്‌സ് സഹ സ്ഥാപകന്‍ രാഹുല്‍ ശര്‍മ പറഞ്ഞു.

മൈക്രോമാക്‌സിന്റെ പുതിയ സി.ഇ.ഒആയി സാംസങ്ങ് ഇന്ത്യ മുന്‍ മേധാവി

അദ്ദേഹത്തിന്റെ ഇത്രയും വര്‍ഷത്തെ പരിചയ സമ്പത്ത് മൈക്രോമാക്‌സിനെ എല്ലാ അര്‍ഥത്തിലും മുന്നോട്ട് നയിക്കാന്‍ ഉപകരിക്കും. ആഗോളതലത്തില്‍ മുദ്രപതിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയായി മൈക്രോമാക്‌സിനെ മാറ്റാന്‍ വിനീത് തനേജയ്ക്ക് കഴിയുമെന്നും രാഹുല്‍ശര്‍മ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ മൈക്രോമാക്‌സിനു സാധിച്ചു. അടുത്ത ഘട്ടമായി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ആഗോള തലത്തിലും കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതുകൊണ്ടുതന്നെ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇത് എന്ന് വിനീത് തനേജയും പ്രതികരിച്ചു.

25 വര്‍ഷത്തെ പരിചയ സമ്പത്തുള്ള വിനീത് ഹിന്ദുസ്ഥാന്‍ ലിവര്‍, നോകിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളിലും ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot