സര്‍ഫെയ്‌സ് ടാബിന് 12,000 രൂപ?

Posted By: Staff

സര്‍ഫെയ്‌സ് ടാബിന് 12,000 രൂപ?

മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്‌ലറ്റായ സര്‍ഫെയ്‌സിന് 199 ഡോളര്‍ (ഏകദേശം 12,000 രൂപ) ആണ് വില വരികയെന്ന് റിപ്പോര്‍ട്ട്. സര്‍ഫെയ്‌സ് ടാബിനെ കമ്പനി ജൂണില്‍ പരിചയപ്പെടുത്തിയിരുന്നെങ്കിലും അതിന്റെ വിലയെക്കുറിച്ച് സൂചനകള്‍ ഒന്നും നല്‍കിയിരുന്നില്ല.

199 ഡോളര്‍ ടാബ്‌ലറ്റുകളെ സംബന്ധിച്ച് വന്‍വിലയല്ല. മാത്രമല്ല, പുതിയ വിന്‍ഡോസ് ആര്‍ടി ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ് എന്ന പ്രത്യേകതകൂടിയിതിനുണ്ട്. 199 ഡോളറിലാണ് സര്‍ഫെയ്‌സ് എത്തുന്നതെങ്കില്‍ അത് ഗൂഗിള്‍ നെക്‌സസ് 7നുള്ള വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ല.

കാരണം ഏകദേശം ഇതേ വിലയാണ് ഏറ്റവും പുതിയ നെക്‌സസ് 7ന് ഗൂഗിള്‍ നല്‍കുന്നതും. ആപ്പിള്‍ വിലകുറഞ്ഞ ഐപാഡ് ഇറക്കുന്നെന്ന വാര്‍ത്തകള്‍ ഉള്ളതിനാല്‍ സര്‍ഫെയ്‌സ് എത്തുന്നത് അതിനെക്കൂടി നേരിടാനുള്ള തയ്യാറെടുപ്പിലാകും.

ഒക്ടോബര്‍ 26ന് വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനൊപ്പം തന്നെ സര്‍ഫെയ്‌സ് ടാബും രംഗത്തെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യമേ വന്നുകഴിഞ്ഞു. 200 ഡോളറിന് താഴെയാകും ഈ ടാബിന് വില വരികയെന്ന് എന്‍ഗാഡ്ജറ്റ് ബ്ലോഗാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുമ്പത്തെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉയര്‍ന്ന വിലയാണ് സര്‍ഫെയ്‌സിന് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ 199 ഡോളറാണ് വിലയെന്ന റിപ്പോര്‍ട്ടുകള്‍ മൈക്രോസോഫ്റ്റ ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot