കോളറിട്ടാൽ അരിക്കൊമ്പൻ അടങ്ങുമോ? എന്താണ് സാറ്റലൈറ്റ് റേഡിയോ കോളർ
നാട്ടിലെ അഴകും തലയെടുപ്പും ലക്ഷണത്തികവുമുള്ള ഗജരാജപ്രമുഖന്മാരെയെല്ലാം ഒരു അരികിലേക്ക് മാറ്റിനിർത്തി ഇന്ന് നമ്മുടെ സാമൂഹികമാധ്യമങ്ങളിൽ അരിക്കൊമ്പൻ എന്ന കാട്ടാന നിറഞ്ഞ് നിൽക്കുകയാണ്. അരിക്കൊമ്പന്റെ പഴയ വീരചരിത്രങ്ങൾ റീൽസുകളായും പോസ്റ്റുകളായും സ്റ്റാറ്റസുകളായുമൊക്കെ കണ്ടും പങ്കുവച്ചും മലയാളി ആഘോഷിച്ചുകൊണ്ടിരിക്കുന്നു. ചിലർ ആവേശം മൂത്ത് അരിക്കൊമ്പനെക്കാണാൻ കിട്ടിയ വണ്ടിപിടിച്ച് മൂന്നാറിനുവിട്ടു.
ചിന്നക്കനാലിലെയും പരിസര പ്രദേശങ്ങളിലെയും സ്ഥിരം പ്രശ്നക്കാരനായ അരിക്കൊമ്പൻ വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അരിയുംതിന്ന് നാട്ടുകാരെയും വിറപ്പിച്ചിട്ട് പിന്നെയും കൊമ്പന് മുറുമുറുപ്പ് എന്ന തരത്തിൽ കാര്യങ്ങൾ മുന്നേറിയതോടെ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. അതോടെ അരി അകത്താക്കുന്ന അരിക്കൊമ്പനെ അകത്താക്കാൻ വനം വകുപ്പും സർക്കാരും നിർബന്ധിതരായി.

കാര്യങ്ങൾ പലവഴിയിലൂടെയും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അരിക്കൊമ്പനെ ഇടുക്കിയിൽനിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള കോടതി ഉത്തരവുവരെയെത്തി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും 'ഓപ്പറേഷൻ' അരിക്കൊമ്പൻ ദൗത്യത്തിന്റെ പ്രധാനനടപടികളിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയശേഷം റേഡിയോ കോളർ ധരിപ്പിച്ചാണ് കുങ്കിയാനകളുടെ സഹായത്തോടെ ചിന്നക്കനാലിൽനിന്ന് പറമ്പിക്കുളത്തേക്ക് കൊണ്ടുപോകേണ്ടത്. എന്നാൽ ഇതിന് ആവശ്യമായ റേഡിയോകോളർ ഇതുവരെ ലഭിച്ചിട്ടില്ല.
അരിക്കൊമ്പനെ കൊണ്ടുപോകുന്നത് കാണാൻ കൊതിക്കുന്ന മൂന്നാറുകാരും, അരിക്കൊമ്പനെ പിടികൂടുന്നത് ചിത്രീകരിക്കാൻ ഹെലിക്യാം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി നിൽക്കുന്ന ക്യാമറമാന്മാരും, അരിക്കൊമ്പനെ എത്തിച്ചാൽ തങ്ങൾക്ക് അരി ബാക്കിയുണ്ടാകുമോ എന്ന് ഭയക്കുന്ന പറമ്പിക്കുളംകാരും കേരളമൊന്നാകെയും ഇപ്പോൾ ഉറ്റുനോക്കുന്നത് അസമിലേക്കാണ്. എന്തിനെന്നല്ലേ, സാറ്റലൈറ്റ് റേഡിയോ കോളറിനായി. അത് എത്താതെ ഒരടി മുന്നോട്ടുവയ്ക്കാൻ സാധിക്കില്ല.

അസമിൽനിന്ന് എത്തുന്ന ആ സാറ്റലൈറ്റ് കോളറിൽ ആണ് അരിക്കൊമ്പന്റെ ഭാവി കുറിക്കപ്പെട്ടിരിക്കുന്നത്. വിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇന്നും അരിക്കൊമ്പന് തന്റെ സാമ്രാജ്യത്തിൽ വിരാജിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് സാറ്റലൈറ്റ് കോളറിന്റെ അഭാവം കൊണ്ടുകൂടിയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന ദൗത്യത്തിൽ അരിക്കൊമ്പൻ പിടിക്കപ്പെട്ടാലും പിടിക്കപ്പെടാതെ പോയലും അതിൽ സാറ്റലൈറ്റ് കോളറിന് വലിയൊരു പങ്കുണ്ടാകും.
അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനം വകുപ്പിൻറെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. എന്നാൽ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭ്യമായിട്ടില്ല. അതിനാലാണ് കോളറെത്താൻ വൈകുന്നത്. കേരളം മുഴുവൻ അസമിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന ആ സാറ്റലൈറ്റ് റേഡിയോ കോളർ എന്താണ് എന്ന് നോക്കാം.
പ്രശ്നക്കാരായ, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കാൻ സഹായിക്കുന്ന ജിപിഎസ് ഘടിപ്പിച്ച സംവിധാനമാണ് റേഡിയോ കോളർ. ഇത് ധരിപ്പിക്കുന്നതോടുകൂടി ആ മൃഗത്തിനെ കൃത്യമായി നിരീക്ഷിക്കാനും അതിന്റെ സാന്നിധ്യവും ജീവിതക്രമങ്ങളും അറിയാനും സാധിക്കും. കോളറിലൂടെ ഈ വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ജനവാസകേന്ദ്രങ്ങളിലേക്ക് ഈ മൃഗങ്ങൾ എത്തുന്നത് മനസിലാക്കി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം എന്നതാണ് പ്രധാന നേട്ടം.
റേഡിയോ കോളറിൽ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത് ജിപിഎസ്, ജിഎസ്എം. കോളർ ധരിച്ചിരിക്കുന്ന മൃഗത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കാൻ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സഹായിക്കും. വിവരം കൈമാറുന്നതിന് വേണ്ടിയുള്ളതാണ് ജിഎസ്എം അഥവാ ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ. മൊബൈൽ ഫോണിലേതു പോലെ ഒരു സിം റേഡിയോ കോളറിൽ ഉപയോഗിക്കാറുണ്ട്.
ട്രാക്ക് ചെയ്തു തുടങ്ങിയാൽ വിവരങ്ങൾ മൊബൈൽ ആപ്പിലോ വെബ്സൈറ്റുകളിലൂടെയോ ലഭിക്കാൻ സഹായിക്കുന്നത് ഈ സിം ആണ്. എന്നാൽ കോളർ ധരിച്ചിരിക്കുന്ന മൃഗം മൊബൈൽ റേഞ്ചിലെത്തിയാൽ മാത്രമേ വിവരങ്ങൾ അപ്ഡേറ്റാകൂ എന്നതാണ് പോരായ്മ. ഇവിടെ അരിക്കൊമ്പന് താൽക്കാലികമായി തുണ ആയിരിക്കുന്നതും മൊബൈൽ റേഞ്ച് ആണ് എന്ന് പറയാം.

കാരണം അരിക്കൊമ്പനായി കേരളത്തിന്റെ പക്കലുണ്ടായിരുന്ന റേഡിയോ കോളറിൽ ബിഎസ്എൻഎൽ സിം ആണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ അരിക്കൊമ്പനെ എത്തിക്കുന്ന പറമ്പിക്കുളം പ്രദേശത്താകട്ടെ മൊബൈലിന് റേഞ്ചുമില്ല. ഈ സാഹചര്യത്തിൽ അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ സാധിക്കാതെ വരുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് അസമിൽനിന്ന് സാറ്റലൈറ്റ് കോളർ എത്തിക്കാൻ തീരുമാനിച്ചത്.
മൊബൈൽ റേഞ്ചിലൂടെയല്ലാതെ നേരിട്ട് ട്രാക്ക് ചെയ്യുമെന്നതാണു സാറ്റലൈറ്റ് റേഡിയോ കോളറിന്റെ പ്രത്യേകത. ജിപിഎസ് സംവിധാനമുള്ള മൈക്രോ ചിപ്പിൽ സെൻസറുകളുടെ സഹായത്തോടെയാണു മൃഗങ്ങളുടെ സ്ഥാനം, ചലനം എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. കോളർ ധരിച്ചിരിക്കുന്ന ആന എന്താണ് ചെയ്യുന്നതെന്ന് (ഓട്ടം, നടത്തം, ഭക്ഷണം, വെള്ളംകുടി) കൃത്യമായി മനസ്സിലാക്കാൻ കോളറിൽ ഒരു ആക്സിലറോമീറ്ററും ഘടിപ്പിക്കാറുണ്ട്.
ഏകദേശം 8 കിലോ ഭാരമുള്ള സാറ്റലൈറ്റ് റേഡിയോ കോളറുകൾ റബർ ബെൽറ്റ് ഉപയോഗിച്ചാണ് ആനയുടെ കഴുത്തിൽ ഘടിപ്പിക്കുന്നത്. ആനകൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാതിരിക്കാനും പെട്ടെന്ന് നശിക്കാതിരിക്കാനുമാണ് റബർ കൊണ്ട് റേഡിയോ കോളർ നിർമിക്കുന്നത്. ഇത്തരം റേഡിയോകോളറുകൾക്ക് സാധാരണയായി അഞ്ചു വർഷത്തോളം ആയുസാണ് കൽപിക്കപ്പെടുന്നത്.
10 വർഷംവരെ നിൽക്കുന്ന ബാറ്ററികളും റേഡിയോ കോളറിലുണ്ടാകും. രണ്ടു ലക്ഷം മുതൽ 5 ലക്ഷം വരെ വിലയുള്ള റേഡിയോ കോളറുകൾ ലഭ്യമാണ്. കോളർ ധരിച്ച മൃഗങ്ങൾ ജനവാസകേന്ദ്രങ്ങൾക്ക് സമീപത്തേക്ക് എത്തിയാലുടൻ, ബൾക്ക് എസ്എംഎസ് സേവനങ്ങളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും വനംവകുപ്പിന് പ്രദേശവാസികളെ വിവരം അറിയിക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനും കഴിയും.
ഡാർട്ടിങ് എന്നു വിളിക്കപ്പെടുന്ന മയക്കുവെടി വയ്ക്കൽ പ്രക്രിയയിലൂടെയാണ് കാട്ടാനയുടെ കഴുത്തിൽ കോളർ ധരിപ്പിക്കുക. മയക്കാനുള്ള മരുന്നടങ്ങിയ ചെറിയ സിറിഞ്ച് പ്രത്യേക തോക്കുപയോഗിച്ചു ആനയുടെ ശരീരത്തിലേക്ക് തറയ്ക്കുന്നു. തുടർന്ന് സിറിഞ്ചിലെ ചാർജ് റിലീസാവുകയും മയക്കുമരുന്ന് ആനയുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. പിന്നീട് പിടികൂടി ലോറിയിൽ കയറ്റുംമുമ്പ് ചെവിയുടെ അരികിലുള്ള ഞരമ്പുകളിലൂടെ ആന്റിഡോട്ട് നൽകും.


Click it and Unblock the Notifications