വിലക്കുറവിൽ സ്മാർട്ട്ഫോൺ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട, ജിഎസ്ടി നിരക്കുകളിൽ മാറ്റമില്ല!
രാജ്യത്ത് സ്മാർട്ട്ഫോണുകളുടെയും ടിവികളുടെയും ജിഎസ്ടി കുറയുമെന്നും അതുവഴി സ്മാർട്ട്ഫോണും ടിവിയുമൊക്കെ വിലക്കുറവിൽ വാങ്ങാമെന്നും കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ ജിഎസ്ടി നിരക്കുകളിൽ യാതൊരു മാറ്റവും വന്നിട്ടില്ല.
രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിന് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാർട്ട്ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ധനകാര്യ മന്ത്രാലയം പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് തെറ്റായവിധത്തിൽ ജിഎസ്ടി കുറഞ്ഞു എന്ന് പ്രചരിക്കാൻ ഇടയാക്കിയത്.

"കുറച്ച നികുതികളിലൂടെ, #GST എല്ലാ വീട്ടിലും സന്തോഷം എത്തുന്നു: വീട്ടുപകരണങ്ങളിലും മൊബൈൽ ഫോണുകളിലും #GST വഴി ആശ്വാസം," എന്നായിരുന്നു ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പോസ്റ്റിൽ കുറിച്ചിരുന്നത്. ഇതോടൊപ്പം നൽകിയിരുന്ന ചിത്രത്തിൽ രണ്ട് കോളങ്ങൾ കാണാം. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുമ്പുള്ള ഒരു നിർദ്ദിഷ്‌ട ഗാഡ്‌ജെറ്റിന്റെ നികുതി നിരക്കാണ് ആദ്യ കോളത്തിലുള്ളത്.
രണ്ടാമത്തെ കോളം ആ ഗാഡ്‌ജെറ്റിന്റെ നിലവിലെ ജിഎസ്ടി നിരക്ക് സൂചിപ്പിക്കുന്നു. ജൂലൈ 1 മുതൽ സർക്കാർ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജിഎസ്ടി കുറയ്ക്കുമെന്ന അവകാശവാദത്തോടൊപ്പമാണ് ചിത്രം വൈറലായത്. ജിഎസ്ടി കുറയുന്നതോടെ ഫോണുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ സാധനങ്ങളുടെ വില കുറയുമെന്നും ഓൺലൈനിൽ പ്രചരിക്കപ്പെടുകയായിരുന്നു.

നേരത്തെ സ്മാർട്ട്ഫോണുകൾക്ക് 31.3 ശതമാനം ജിഎസ്ടി ആയിരുന്നു നൽകേണ്ടിയിരുന്നത്. എന്നാൽ പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രകാരം നികുതി കുറഞ്ഞു. അതിനാൽ സ്മാർട്ട്ഫോണുകൾക്ക് ഇനി വെറും 12 ശതമാനം മാത്രം നികുതി നൽകിയാൽ മതി. ഇത് ഫോണുകളുടെ വിലയിൽ വൻ കുറവ് വരുത്തും എന്നായിരുന്നു പ്രചാരണം. എന്നാലിത് തെറ്റാണ്.
ധനകാര്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന ചിത്രം യഥാർഥത്തിലുള്ളതാണെങ്കിലും വ്യാഖ്യാനിക്കപ്പെട്ടത് തെറ്റായ വിധത്തിലാകുകയായിരുന്നു. 21 ഇഞ്ച് വരെയുള്ള ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ ( മിക്‌സർ, ജ്യൂസർ, വാക്വം ക്ലീനർ മുതലായവ ), ഗീസറുകൾ, ഫാനുകൾ, കൂളറുകൾ എന്നിവയ്ക്ക് ഇനി 18 ശതമാനം നികുതി നൽകിയാൽ മതി എന്നാണ് ചിത്രത്തിലുള്ളത്.
സംഗതി സത്യമാണ് എങ്കിലും ഇത് ആറ് വർഷം മുമ്പുള്ളതാണ് എന്നതാണ് പ്രശ്നം. എൽപിജി സ്റ്റൗവിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചതായും നേരത്തെ ഇത് 21 ശതമാനം ആയിരുന്നു എന്നും തയ്യൽ മെഷീനുകളുടെ ജിഎസ്ടി നിരക്കും 16 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയുമെന്നും ചിത്രത്തിലുണ്ട്. എന്നാലിതെല്ലാം പഴയതാണ്.
സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇ-കൊമേഴ്സ് സൈറ്റുകൾ നൽകുന്ന ഓഫറുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. ജൂലൈയിൽ നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. കൂടാതെ ആമസോൺ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് സൈറ്റുകൾ വമ്പൻ ഓഫറുകളും നൽകുന്നുണ്ട്. ഈ ഓഫറുകൾക്കൊപ്പം മികച്ച ലാഭത്തിൽ സ്മാർട്ട്ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങാൻ സാധിക്കും.
ജൂലൈ 15, 16 തീയതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽ നടക്കുക. സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രോണിക് വീട്ടുപകരണങ്ങൾക്കും വൻ ഡിസ്കൗണ്ടാണ് പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ച് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഡിസ്കൗണ്ടിന് പുറമേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്ക് 10% അധിക ഡിസ്കൗണ്ടുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








