മൊബൈൽ ഗെയിം ഹരം; പോലീസുകാരനായ അച്ഛൻ മരിച്ചപ്പോൾ കിട്ടിയ 36 ലക്ഷം കളിച്ച് തുലച്ച് പ്ലസ് വൺകാരൻ
കുട്ടികളുടെ മൊബൈൽ ഉപയോഗത്തെപ്പറ്റിയും മൊബൈൽ ഗെയിമുകൾക്ക് അടിമയായി ആരോഗ്യവും ജീവിതവും കളയുന്നതിനെപ്പറ്റിയുമൊക്കെ ഇതിനോടകം നിരവധി വാർത്തകൾ വന്നിട്ടുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചില മാതാപിതാക്കൾ ഗൗരവമായി എടുത്തിട്ടില്ല എന്നുവേണം കരുതാൻ. കാരണം കുട്ടികളുടെ മൊബൈൽ ഉപയോഗം ദുരന്തത്തിലും സാമ്പത്തിക നഷ്ടത്തിലും കലാശിക്കുന്ന വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം ചൈനയിൽ ഒരു പതിമൂന്ന് വയസുകാരി അമ്മയുടെ മൊബൈൽ ഗെയിം കളിക്കാനായി ഉപയോഗിക്കുകയും തുടർന്ന് അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 52 ലക്ഷം രൂപ കാലിയാക്കുകയും ചെയ്തിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിനിപ്പുറം ദക്ഷിണേന്ത്യയിലും സമാനരീതിയിലുള്ള ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഹൈദരാബാദിലെ ആംബർപേട്ട് സ്വദേശിയായ 16 വയസുകാരൻ മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ചതിലൂടെ വീട്ടുകാർക്ക് 36 ലക്ഷം രൂപ നഷ്ടമായതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതേപ്പറ്റി ഹൈദരാബാദ് പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്: കുട്ടി ആദ്യം തന്റെ മുത്തച്ഛന്റെ മൊബൈലിൽ ഫ്രീ ഫയർ ഗെയിം ഡൗൺലോഡ് ചെയ്തു.
ഇതൊരു സൗജന്യ ഗെയിം ആയിരുന്നു. എന്നാൽ ഗെയിമിൽ ഹരം ഏറിയതോടെ കൂടുതൽ മികച്ച രീതിയിൽ കളിക്കാനായി കുട്ടി ചെറിയ തോതിൽ പണം മുടക്കാൻ തുടങ്ങി. ആദ്യം അമ്മയുടെ അക്കൗണ്ടിൽ നിന്ന് 1500 രൂപയാണ് ഗെയിമിനായി ചെലവഴിച്ചത്. പിന്നീട് അത് 10,000 രൂപയായി ഉയർന്നു. ഗെയിം കളിക്കുന്തോറും വിദ്യാർഥിയുടെ ആവേശവും കൂടിവന്നു.

കളിക്കമ്പം തല്ക്കുപിടിച്ച കുട്ടി ക്രമേണ ഗെയിമിനായി കൂടുതൽ തുക ചെലവഴിക്കാൻ തുടങ്ങി. കൂടുതൽ തുക മുടക്കുമ്പോൾ കൂടിയ ആയുധങ്ങൾ ലഭിക്കുകയും അതുവഴി ഗെയിം കൂടുതൽ ആവേശകരമാകുകയും ചെയ്തു. ഈ ആവേശത്തിൽ വീട്ടുകാരറിയാതെ വലിയതുക ഗെയിമിനായി മുടക്കാൻ കുട്ടി തയാറായി എന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്.
പിന്നീട്, കുറച്ച് പണം പിൻവലിക്കാൻ കുട്ടിയുടെ അമ്മ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ബ്രാഞ്ചിൽ എത്തിയപ്പോൾ, അവരുടെ ബാങ്ക് അക്കൗണ്ടിൽ പണമൊന്നും അവശേഷിക്കുന്നില്ല എന്ന് ബാങ്കുകാർ അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 27 ലക്ഷം രൂപ ചിലവഴിക്കപ്പെട്ടതായും ബാങ്കുകാർ അറിയിച്ചു. ഇതുകേട്ട് അവർ അമ്പരന്നുപോയി.
തുടർന്ന് എസ്ബിഐ അക്കൗണ്ട് കൂടാതെ തന്റെ എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിൽനിന്നും മകൻ പണം ചെലവഴിച്ചതായി അമ്മ മനസ്സിലാക്കി. എസ്ബിഐ അക്കൗണ്ടിലെ പണം കാലിയായതിന് പിന്നാലെ അമ്മയുടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിൽനിന്നും മകൻ ഒമ്പത് ലക്ഷം രൂപകൂടി എടുത്തിരുന്നു. അങ്ങനെ മകന്റെ ഗെയിം കമ്പം മൂലം ആകെ 36 ലക്ഷം രൂപയാണ് അമ്മയ്ക്ക് നഷ്ടപ്പെട്ടത്.

സംഭവത്തെ തുടർന്ന് ഏതെങ്കിലും വിധത്തിൽ പണം തിരിച്ചുകിട്ടാൻ വഴിയുണ്ടോ എന്നറിയാൻ കുട്ടിയുടെ അമ്മ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തിയ പതിനാറുകാരൻ പ്ലസ് വൺ വിദ്യാർഥിയാണ്. ഈ കുട്ടിയുടെ അച്ഛൻ ഒരു പോലീസുകാരൻ ആയിരുന്നു. അദ്ദേഹം കുറച്ചുനാൾ മുമ്പ് മരിച്ചുപോയി.
ജീവിച്ചിരുന്നപ്പോൾ ആ പോലീസുകാരൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവും, അദ്ദേഹം മരിച്ച ശേഷം തനിക്ക് സഹായധനമായി കിട്ടിയ പണവുമാണ് മകന്റെ ഗെയിം കളികാരണം ആ അമ്മയ്ക്ക് നഷ്ടമായത് എന്ന് പോലീസുകാർ പറയുന്നു. എന്തായാലും മകന്റെ വിവേകരഹിതമായ പ്രവൃത്തിയും എടുത്തുചാട്ടവും കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യമാണ് ഇല്ലാതാക്കിയത്.
കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധയില്ലാത്ത ഓരോ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയിൽ 13 വയസുള്ള പെൺകുട്ടിയാണ് അക്കൗണ്ട് കാലിയാക്കിയതെങ്കിൽ ഇവിടെ അത് 16 വയസുള്ള ഒരു ആൺകുട്ടിയാണ് എന്ന വ്യത്യാസം മാത്രം. ജാഗ്രത പുലർത്തുകയും കുട്ടികളെ അപകടങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകതന്നെ ചെയ്യും.


Click it and Unblock the Notifications








