ഏറ്റവും ചെലവേറിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ അറിയാമോ? ദേ ഇതാണ്
ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം നൽകുന്ന പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ(BSNL) എപ്പോഴും മുന്നിലാണ്. എന്നാൽ നിരക്ക് കുറഞ്ഞ പ്ലാനുകൾ മാത്രമല്ല, കേട്ടാൽ ഞെട്ടുന്ന നിരക്കിലുള്ള പ്ലാനുകളും പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായാണ് ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പ്രധാന ഐഎസ്പിമാരിൽ ( ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ) ഒന്നാണ് ബിഎസ്എൻഎൽ. വേഗതയുടെ കാര്യത്തിലായാലും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലായാലും ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ സേവനം ഏറെ മികച്ചതാണ്. നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഫലപ്രദമായി സംതൃപ്തിയോടെ ഉപയോഗിച്ച് വരുന്നുമുണ്ട്.

329 രൂപയുടെ ഫൈബർ എൻട്രി പ്ലാനിൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ പ്രതിമാസ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടിക അവസാനിക്കുന്നത് 4799 രൂപയുടെ പ്രതിമാസ പ്ലാനിലാണ്. ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും നിരക്ക് കൂടിയ പ്രതിമാസ പ്ലാൻ ആണ് 4799 രൂപയുടേത്. ഫൈബർ റൂബി ഒടിടി എന്നാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ പേര് നൽകിയിരിക്കുന്നത്.
സാധാരണ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ താങ്ങാനാകുന്നതല്ല. ഓഫീസുകൾക്കും വലിയ അളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്കുമാണ് ഈ പ്ലാൻ അനുയോജ്യമാകുക. ഇത്ര ഉയർന്ന വിലയിലാണ് എത്തുന്നത് എങ്കിലും ഈ വിലയെ ന്യായീകരിക്കാനുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
4799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ: ഏറ്റവും കൂടിയ നിരക്കിൽ എത്തുന്ന 4799 രൂപയുടെ പ്രതിമാസ പ്ലാൻ 300 എംബിപിഎസ് വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് പ്രതിമാസം 6.5TB ഡാറ്റ ലഭിക്കും, അതായത്, അളവിനെപ്പറ്റി ആശങ്കപ്പെടാതെ എത്ര വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാം എന്നർഥം.
എത്ര ഉപയോഗിച്ചാലും കടലുപോലെ ഡാറ്റ ബാക്കിയുണ്ടാകുമെന്ന് ഉറപ്പ്. അതിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടിവരുന്നില്ല. ഇതോടൊപ്പം ഉപയോക്താക്കൾക്കായി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ഹങ്കാമ, സോണിലിവ്, സീ5, യപ് ടിവി എന്നിവയുൾപ്പെടെയുള്ള ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.
ഡാറ്റ, ഒടിടി ആനുകൂല്യങ്ങൾക്ക് പുറമേ, ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും. 300എംബിപിഎസ് വേഗതയിൽ കുറഞ്ഞ ചെലവിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകൾ വേറെയും ലഭ്യമാണ്. എന്നാൽ അവയിൽ ഇത്ര ഉയർന്ന അളവിൽ ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും ഉണ്ടാവില്ല എന്നുമാത്രം.

ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കൂടിയ ഈ പ്ലാൻ യഥാർഥത്തിൽ എല്ലാവർക്കും അനുയോജ്യമായതല്ല. വലിയ അളവിൽ ഡാറ്റ വേണ്ടവർ മാത്രം ഈ വഴി പോയാൽ മതി. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ, എന്നിവയുടെ പ്ലാനുകൾ പരിശോധിച്ചാൽ ഇതിലും കുറഞ്ഞ വിലയിൽ, നിരവധി ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങളോടെ 1 Gbps വേഗത ഉള്ള പ്ലാൻ ലഭിക്കും.
ബിഎസ്എൻഎൽ രാജ്യമാകെ ബ്രോഡ്ബാൻഡ് സേവനങ്ങൾ മികച്ച രീതിയിൽ നൽകിവരുന്നുണ്ട്. ഏറ്റവും നിരക്കുകൂടിയ ഈ 4799 രൂപയുടെ പ്ലാൻ കൂടാതെ 300 എംബിപിഎസ് വേഗതയിലുള്ള നിരവധി പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്ന് ഇതിനകം പറഞ്ഞുകഴിഞ്ഞതാണ്. ഈ പ്ലാനുകളെപ്പറ്റിയും അവയുടെ ലഭ്യതയെപ്പറ്റിയും ബിഎസ്എൻഎൽ വെബ്സൈറ്റിൽ സംസ്ഥാന അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്.
ഒരു സാധാരണ ബ്രോഡ്ബാൻഡ് ഉപയോക്താവെന്ന നിലയിൽ വീട്ടിലേക്ക് 500 രൂപയിൽ താഴെ നിരക്കിലുള്ള പ്ലാനാണ് അന്വേഷിക്കുന്നതെങ്കിൽ നാല് ഓപ്ഷനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അതിൽ 499 രൂപയുടെ പ്ലാൻ ആകും കൂടുതൽ അനുയോജ്യം. കാരണം ഈ നാല് പ്ലാനുകളിൽ വേഗത കൂടുതൽ 499 രൂപയുടെ പ്ലാനിലാണ്. 50എംബിപിഎസ് വേഗതയിൽ 1000ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.


Click it and Unblock the Notifications








