ഏറ്റവും ചെലവേറിയ ജിയോ പ്ലാൻ എത്തി; പക്ഷേ ഇത്രയും തുക മുടക്കി റീച്ചാർജ് ചെയ്യണോ, എന്തുകൊണ്ട്!
ഇന്ത്യൻ ടെലിക്കോം വമ്പനായ റിലയൻസ് ജിയോ ( JIO ) പുതിയ വർഷത്തിലേക്ക് കടക്കും മുമ്പ് തന്നെ ഒരു വാർഷിക റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിരിക്കുന്നു. 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുമായി, കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ മൂന്ന് പുതിയ പ്ലാനുകളുടെ കൂട്ടത്തിലാണ് ഈ വാർഷിക പ്ലാനും എത്തിയിരിക്കുന്നത്.
പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ജിയോയുടെ പുതിയ വാർഷിക പ്ലാൻ ചർച്ചയായിരിക്കുന്നു. 4498 രൂപയാണ് ഈ പുതിയ വാർഷിക പ്ലാനിന്റെ നിരക്ക്. നിലവിലുള്ളതിൽ ഏറ്റവും ചെലവേറിയ ജിയോ റീച്ചാർജ് പ്ലാൻ ആണ് ഇത്. ഈ നിരക്ക് പരിശോധിച്ചാൽ 4500 രൂപയ്ക്ക് രണ്ട് രൂപയുടെ കുറവ് മാത്രമാണുള്ളതെന്ന് കാണാം.

ഒരു വർഷത്തെ ടെലിക്കോം ചെലവുകൾക്കായി 4500 രൂപ മുടക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇതിന് മുൻപത്തെ വാർഷിക പ്ലാനുകൾ പരിശോധിച്ചാൽ അവയുടെ നിരക്ക് വർഷാവർഷം ഉയരുന്നതായി കാണാം. ഇവിടെ ചില ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആണെങ്കിലും ജിയോ വാർഷിക പ്ലാൻ നിരക്ക് ഉയർത്തൽ തന്നെയാണ് നടത്തിയിരിക്കുന്നത്.
ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ ജിയോയുടെ തന്നെ വാർഷിക പ്ലാൻ ലഭ്യമാകുന്നുണ്ട് എന്നത് ശരിയാണ്. എങ്കിലും വാർഷിക പ്ലാനുകളുടെ നിരക്ക് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്ന ഒരു നിശബ്ദ നീക്കമാണ് ഇത് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്രയും തുക മുടക്കി ഈ റീച്ചാർജ് പ്ലാൻ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.
എന്നാൽ പ്രതിമാസ പ്ലാനുകളെ അപേക്ഷിച്ച് വാർഷിക പ്ലാനുകളാണ് എല്ലായ്പ്പോഴും ലാഭം. ജിയോയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഡാറ്റ, കോളിങ്, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളുടെയും സമ്പന്നതയോടെ ഒരു വർഷം മുഴുവൻ ആഘോഷിക്കാൻ ആവശ്യമായ ടെലിക്കോം സേവനങ്ങൾ ഈ പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജിയോടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അടങ്ങുന്നു എന്നതാണ് ജിയോയുടെ ഈ വാർഷിക പ്ലാനിന്റെ നിരക്ക് കൂടുതലാകാൻ കാരണം. 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ഈ പ്ലാനിൽ ലഭിക്കുന്നു. സാധാരണ വാർഷിക പ്ലാനുകളിൽ കാണുന്ന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ഇത്. ഈ അസാധാരണ ആനുകൂല്യം ഉൾപ്പെടുന്നതിനാൽ തന്നെ നിരക്ക് ഉയരുക സ്വാഭാവികമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
4498 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ വാർഷിക പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിന ഡാറ്റ ഉപഭോഗം കഴിഞ്ഞാൽ, വേഗത 64 Kbps ആയി കുറയും. 365 ദിവസമാണ് പ്ലാൻ വാലിഡിറ്റി.

അടിസ്ഥാന ആനുകൂല്യങ്ങൾക്ക് പുറമേ, ഒരു വർഷത്തേക്ക് ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. കൂടാതെ ഈ പ്ലാനിനൊപ്പം പ്രയോറിറ്റി കസ്റ്റമർ കെയർ പിന്തുണയും ഉൾപ്പെടുന്നു. ജിയോസിനിമ പ്രീമിയം കൂപ്പൺ മൈജിയോ ആപ്പ് വൗച്ചർ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിലൂടെ ഉപയോക്താക്കൾക്ക് അത് റിഡീം ചെയ്യാം.
ജിയോ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായി 4498 രൂപയുടെ ജിയോ വാർഷിക പ്ലാനിൽ ലഭിക്കുന്ന 14 ഒടിടി പ്ലാറ്റ്ഫോമുകൾ: ജിയോസിനിമ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സീ5, സോണി ലിവ്, പ്രൈം വീഡിയോ(മൊബൈൽ), ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി പ്ലസ്, ഡോക്യുബെ, ഹോയ് ചോയ്, സൺ നെക്സ്റ്റ്, പ്ലാനെറ്റ് മറാത്തി, ചൗപൽ, എപ്പിക്ഓൺ, കാഞ്ചാ ലങ്ക.

ഈ വാർഷിക പ്ലാൻ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമുകളിലേക്ക് സൈൻഇൻ ചെയ്യാം. ഡിസ്നി+ ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോ (മൊബൈൽ) എന്നിവ അതത് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. പ്രൈം വീഡിയോ ആക്ടിവേറ്റ് ചെയ്യാൻ മൈജിയോ ആപ്പിൽ നിന്ന് ഒരു വൗച്ചർ നേടേണ്ടതുണ്ട്, കൂടാതെ ആപ്പിലേക്ക് ലോഗിൻ ചെയ്യുമ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാറും ആക്റ്റിവേറ്റ് ചെയ്യപ്പെടും.
ഒറ്റയടിക്ക് ഇത്രയും പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്ന മറ്റൊരു പ്ലാൻ കാണാൻ കഴിയില്ല. അതിനാൽ തന്നെ ഇത്രയും ഉയർന്ന തുക നൽകി റീച്ചാർജ് ചെയ്താലും ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കുന്ന ഉപയോക്താക്കളെ സംബന്ധിച്ച് നഷ്ടം വരുന്നില്ല. എന്നാൽ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ ആവശ്യമില്ലാത്തവർ ജിയോയുടെ കുറഞ്ഞ നിരക്കിലുള്ള വാർഷികപ്ലാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








