ബൂംം ബൂൂം ബൂൂൂംം...! റേസിങ് ആരാധകരേ, സൂപ്പർബൈക്കുകൾ പറക്കുന്നത് കാണണോ; രോമാഞ്ചമായി മോട്ടോജിപി ഇന്ത്യയിൽ
ഇന്ത്യയിലെ ബൈക്ക് റേസിങ് ആരാധകർക്ക് രോമാഞ്ചമുണർത്തുന്ന കാഴ്ചകൾ സമ്മാനിക്കാൻ ചരിത്രത്തിലാദ്യമായി ലോകപ്രശസ്തമായ മോട്ടോജിപി ബൈക്ക് റേസിങ് ഇത്തവണ ഇന്ത്യയിൽ നടക്കുന്നു. രാജത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുന്ന ഗ്രേറ്റർനോയ്ഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 24 വരെ തീപാറുന്ന മോട്ടോജിപി മത്സരങ്ങൾ നടക്കുന്നത്.
ബുദ്ധ് സർക്യൂട്ടിലെ റേസിങ് ട്രാക്കിൽ സൂപ്പർ ബൈക്കുകളിലെ രാജാക്കന്മാർ അണിനിരക്കും. ഒരു മൂളലോടെ ഈ സൂപ്പർ ബൈക്കുകൾ ബുദ്ധ് സർക്യൂട്ടിന്റെ റേസിങ് ട്രാക്കുകളെ തീപിടിപ്പിച്ച് പായുമ്പോൾ കാഴ്ചക്കാരിലേക്കും അതിന്റെ ആവേശം പടർന്നുകയറും. പണ്ട് ടിവിയിൽ സൂപ്പർ ബൈക്കുകളുടെ കൂട്ടപ്പാച്ചിൽ കണ്ട് ആഹ്ലാദിച്ചവർ ഏറെയാണ്.

ഇപ്പോൾ ലോകത്തെ ഏറ്റവും പ്രധാന ബൈക്ക് റേസിങ് മത്സരങ്ങളിലൊന്നായ മോട്ടോജിപി നേരിട്ട് കാണാനുള്ള അവസരമാണ് ഇന്ത്യക്കാരെ തേടി എത്തിയിരിക്കുന്നത്. നേരിട്ട് മാത്രമല്ല, ആരാധകർക്ക് ലൈവായും മോട്ടോജിപി മത്സരം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സൂപ്പർബൈക്കുകളുടെ രാജാവിനെ നിശ്ചയിക്കുന്ന മോട്ടോജിപി മത്സരം നേരിൽ കാണാൻ 2500 മുതൽ 40,000 രൂപവരെയാണ് ടിക്കറ്റ് വില.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബുദ്ധ് സർക്യൂട്ട് ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുന്നു എന്ന പ്രത്യേകയും ഇന്ത്യയിൽ ആദ്യമായി മോട്ടോജിപി മത്സരം നടക്കുന്നു എന്ന പ്രത്യേകതയും ബുദ്ധ് സർക്യൂട്ടിലെ മോട്ടോജിപി മത്സരത്തിനുണ്ട്. ഇതിന് മുൻപ് 2011 മുതൽ 2013 വരെ മൂന്ന് ഫോർമുല 1 റേസുകൾക്ക് ബുദ്ധ് സർക്യൂട്ട് വേദിയായിരുന്നു.
ഇന്റർനാഷണൽ ചാമ്പ്യന്മാർ ലോകോത്തര ട്രാക്ക് എന്ന് വിശേഷിപ്പിച്ച ബുദ്ധ് സർക്യൂട്ടിൽ പക്ഷേ, പിന്നീട് പ്രശസ്തമായ റേസുകൾ ഒന്നും നടന്നിരുന്നില്ല. ട്രാക്കിന്റെ ആ ശൂന്യത നികത്തിക്കൊണ്ട് ഇപ്പോൾ സൂപ്പർ ബൈക്കുകൾ ബുദ്ധ് സർക്യൂട്ടിലൂടെ ചീറിപ്പായാൻ ഒരുങ്ങിയിരിക്കുന്നു. മുൻപ് നടന്നത് കാറോട്ടമത്സരമായിരുന്നു എന്നതിനാൽ, ബൈക്ക് റേസിങ്ങിനായി ചില മാറ്റങ്ങൾ ബുദ്ധ് സർക്യൂട്ടിൽ നടത്തിയിട്ടുണ്ട്.
ടൂ വീൽ റേസിങ്ങിന് അനുയോജ്യമായ വിധത്തിലാണ് ഇപ്പോൾ ബുദ്ധ് സർക്യൂട്ട് ഒരുക്കിയിരിക്കുന്നത്. റൈഡർമാർ ട്രാക്കിൽ നിന്ന് വിട്ടുമാറിയാൽ സുരക്ഷയുറപ്പാക്കാൻ ട്രാക്കിന് ചുറ്റുമുള്ള ചരൽ കെണികൾ വിപുലീകരിച്ചു. കൂടാതെ റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കാൻ എയർ വേലികളും ഫോം ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്. ഫോർമുല-1 ട്രാക്ക് ലേഔട്ടിൽ BIC-ൽ 16 വളവുകൾ ഉണ്ടായിരുന്നു, എന്നാൽ മോട്ടോജിപിക്ക് 13 ആണുള്ളത്.
ഏറ്റവും ദൈർഘ്യമേറിയ സ്‌ട്രെയ്‌റ്റുകളിലൊന്നാണ് ഈ ട്രാക്കിൽ ഒരുക്കിയിരിക്കുന്നത്. അതിനാൽത്തന്നെ റൈഡർമാർ 370 kmph എന്ന റെക്കോർഡ് വേഗതയിൽ ബൈക്ക് പറപ്പിക്കുന്നത് കാണാൻ കാണികൾക്ക് അവസരം ഉണ്ടാകും. ഇന്ത്യൻ കായിക രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നാഴികക്കല്ലാണ് ആദ്യമായി നടക്കുന്ന മോട്ടോജിപിയിലൂടെ സ്ഥാപിക്കപ്പെടുന്നത്.
1949-ൽ തുടങ്ങിയ മോട്ടോജിപി ലോകത്തെ ഏറ്റവും മികച്ച ബൈക്ക് റേസ് ആയാണ് കണക്കാക്കപ്പെടുന്നത്. ഈ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 ഗ്രാൻപ്രീ മത്സരങ്ങളുണ്ട്. മോട്ടോജിപി, മോട്ടോ-2, മോട്ടോ-3, മോട്ടോ-ഇ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യയിലെ മത്സരം. ആദ്യ മൂന്നു വിഭാഗത്തിൽ ഫോർസ്‌ട്രോക്ക് എൻജിനുകളും മോട്ടോ ഇ വിഭാഗത്തിൽ വൈദ്യുത ബൈക്കുകളുമാണ് മത്സരിക്കുക.
ഇക്കുറി 11 ടീമുകളിലായി 22 പേർ മത്സരരംഗത്തുണ്ട്. ഒരു ടീമിൽ രണ്ടുപേരാണുണ്ടാകുക. ഒന്നാം സ്ഥാനത്ത് എത്തുന്നയാൾക്ക് 25 പോയന്റും രണ്ടാംസ്ഥാനത്തിന് 20, മൂന്നിന് 16, നാലിന് 13, അഞ്ചിന് 11, ആറിന് 10, ഏഴിന് 9, എട്ടിന് 8, ഒൻപതിന് 7, പത്തിന് ആറ് എന്നിങ്ങനെയാണ് പോയന്റ് ലഭിക്കുക.
കർശനമായ നിബന്ധനകളോടെയാണ് മോട്ടോജിപി മത്സരങ്ങൾ നടക്കുന്നത്. എൻജിൻ 1000 സി.സി.യിൽ കൂടരുത്, ഫോർ സ്‌ട്രോക്ക് എൻജിൻ മാത്രം ഉപയോഗിക്കുക, ഭാരം 157 കിലോഗ്രാമിൽ കൂടരുത്, കൂടിയ വേഗം മണിക്കൂറിൽ 350 കിലോമീറ്റർ, 250 എച്ച്.പി. കരുത്തെങ്കിലുമുണ്ടാവണം, ഇന്ധനടാങ്ക് കപ്പാസിറ്റി 22 ലിറ്ററിൽ കൂടരുത്, ബൈക്കും യാത്രക്കാരനുമടക്കം ഭാരം 215 കിലോഗ്രാമിൽ കൂടരുത് എന്നിങ്ങനെപോകുന്നു നിയമങ്ങൾ.

MotoGP ഭാരത് 2023 എങ്ങനെ തത്സമയം കാണാം: മോട്ടോ ജിപി ഭാരത് ഇവന്റ് ജിയോസിനിമ ആപ്പിലും ഇവന്റ് സ്‌പോർട്‌സ് 18-ലും തത്സമയം സ്ട്രീം ചെയ്യും. മോട്ടോജിപിയുടെ സെപ്റ്റംബർ 23 ലെ ഷെഡ്യൂൾ: 09:10- 09:40 - പ്രാക്ടീസ് 3, 09:55-10:25 - പ്രാക്ടീസ് 3.
10:40-11:10 - സൗജന്യ പരിശീലനം 2, 11:20-11:35 - യോഗ്യത 1, 11:45-12:00 -യോഗ്യത 2, 13:20-13:35 - യോഗ്യത 1, 13:45-14:00 - യോഗ്യത 2, 14:15-14:30 - യോഗ്യത 1, 14:40-14:55 - യോഗ്യത 2, 15:30-16:15 - ടിസോട്ട് സ്പ്രിന്റ്. സെപ്റ്റംബർ 24 ലെ ഷെഡ്യൂൾ: 11:10-11:20 - വാമപ്പ്.
11:30-12:05 -റൈഡർ ഫാൻ പരേഡ്, 12:30-13:05 - റേസ്, 13:45-14:25 - റേസ്, 15:30-16:20 - റേസ്, 16:40-17:15 - ആഫ്റ്റർ ദ ഫ്ലാഗ്. ഈ സീസണിലെ 12 മത്സരം കഴിഞ്ഞപ്പോള്‍ Ducati Lenovo Team ആണ് മുന്നില്‍. Prima Pramac രണ്ടാമതും (247 പോയന്റ്, Mooney VR46 Racing (218 പോയന്റ്) മൂന്നാമതുമുണ്ട്.


Click it and Unblock the Notifications