യൂട്യൂബ് ജോലി തട്ടിപ്പ് വീണ്ടും; മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.3 കോടി രൂപ | YouTube Part-Time Job Scam
യൂട്യൂബ് വീഡിയോസ് കണ്ടാൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി കോടികൾ തട്ടുന്ന ഓൺലൈൻ സ്കാമുകളിൽപ്പെടുന്നവരുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിക്കുകയാണ്. മുംബൈയിൽ നിന്നുള്ള 47 -കാരനാണ് ഈ തട്ടിപ്പിൽ വീണ പുതിയ ഇര. 1.3 കോടി രൂപയാണ് മാർക്കറ്റിങ് കമ്പനിയിലെ ജീവനക്കാരൻ കൂടിയായ ഇയാൾക്ക് നഷ്ടമായത് (Job Scam).
സംഭവത്തിൽ മുംബൈ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. യൂട്യൂബ് വീഡിയോകൾ കാണുന്നതിനും ലൈക്ക് ചെയ്യുന്നതിനും ഉയർന്ന വരുമാനം ഓഫർ ചെയ്താണ് സൈബർ തട്ടിപ്പ് നടത്തിയത്. പരാതിക്കാരനെ വലയിൽ വീഴ്ത്തിയ ശേഷം പലപ്പോഴായാണ് സൈബർ ക്രിമിനലുകൾ പണം തട്ടിയത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 25 വ്യത്യസ്ത ബാങ്ക് അക്കൌണ്ടുകളിലേക്ക് ഇരയെക്കൊണ്ട് പണം ട്രാൻസ്ഫർ ചെയ്യിക്കുകയായിരുന്നു.

യൂട്യൂബ് ജോലി തട്ടിപ്പ് : പാർട്ട് ടൈം ജോലിയിലൂടെ പ്രതിദിനം 5,000 മുതൽ 7,000 രൂപ വരെ സമ്പാദിക്കാമെന്ന വാഗ്ദാനവുമായി വാട്സ്ആപ്പിലൂടെയാണ് പ്രതികൾ മുംബൈ സ്വദേശിയെ ബന്ധപ്പെട്ടത്. തങ്ങൾ അയച്ച് തരുന്ന വീഡിയോകൾ കാണുന്നതും അത് ലൈക്ക് ചെയ്യുന്നതുമാണ് ജോലിയെന്നാണ് തട്ടിപ്പുകാർ ഇരയെ ബോധ്യപ്പെടുത്തിയത്. വീഡിയോ ലൈക്ക് ചെയ്ത ശേഷം സ്ക്രീൻഷോട്ട് എടുത്ത് അതേ നമ്പറിലേക്ക് തന്നെ അയയ്ക്കുകയാണ് വേണ്ടതെന്നും തട്ടിപ്പുകാർ നിർദേശം നൽകിയിരുന്നു.
രജിസ്ട്രേഷൻ ഫീസ് എന്ന നിലയിൽ 5,000 രൂപ അടച്ച് നിർദേശങ്ങൾ പാലിച്ചതോടെ മുംബൈ സ്വദേശിക്ക് വാട്സ്ആപ്പിൽ യൂട്യൂബ് ലിങ്കുകൾ ലഭിച്ച് തുടങ്ങി. വീഡിയോകൾ കാണാനും ലൈക്ക് ചെയ്യാനും ആരംഭിച്ചതോടെ ഇരയുടെ അക്കൌണ്ടിൽ 10,000 രൂപയും ( ശമ്പളമെന്ന നിലയിൽ ) എത്തി. തുടർന്ന് ടെലഗ്രാം ഗ്രൂപ്പിൾ ഇരയെ അംഗമാക്കിയ തട്ടിപ്പുകാർ കൂടുതൽ ജോലികളും ലാഭവും വാഗ്ദാനം ചെയ്ത് കൊണ്ടേയിരുന്നു.

തുടർന്ന് കമ്പനിയിൽ പണം നിക്ഷേപിക്കാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. നിക്ഷേപം നടത്തുന്നതിനൊപ്പം നൽകുന്ന വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ നല്ല ലാഭം നേടാമെന്നും അവർ ഇരയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിർദേശങ്ങൾ പാലിച്ച മുംബൈ സ്വദേശി പലപ്പോഴായി 1.3 കോടി രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ജോലി കൃത്യമായി ചെയ്തില്ലെന്നും കൂടുതൽ പണം നൽകണമെന്നുമായിരുന്നു അവരുടെ നിലപാട്. ഇര പണമയച്ച 25 അക്കൌണ്ടുകളും വ്യാജ കമ്പനികളുടെ പേരിലുള്ളതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ ദൈനംദിനമെന്നോണം പുറത്ത് വന്നിട്ടും ആളുകൾ നിരന്തരമായി പറ്റിക്കപ്പെടുന്നതാണ് ദുഖകരം. അജ്ഞാതരായ ആളുകളിൽ നിന്നും സോഴ്സുകളിൽ നിന്നുമുള്ള ഇത്തരം സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പിന്നാലെ പോകരുതെന്ന് സർക്കാരും മാധ്യമങ്ങളുമെല്ലാം പല തവണ ബോധവൽക്കരിച്ചിട്ടുണ്ടെന്നോർക്കണം. ഇവിടെ തട്ടിപ്പിനിരയായ ആൾക്ക് ഓരോ തവണയും ഓരോ ബാങ്ക് അക്കൌണ്ട് നമ്പരാണ് ലഭിച്ച് കൊണ്ടിരുന്നത്. ഇത് കൃത്യമായ തട്ടിപ്പിന്റെ ലക്ഷണമാണ്. ലാഭമെന്ന് പേരിൽ ഇരയ്ക്ക് പണം കൈമാറിയതും വ്യത്യസ്ത അക്കൌണ്ടിൽ നിന്ന്.

ഇത്തരം റെഡ് ഫ്ലാഗുകൾ തിരിച്ചറിയുകയെന്നതാണ് തട്ടിപ്പുകളിൽ പെടാതിരിക്കാൻ യൂസേഴ്സ് ചെയ്യേണ്ടത്. നേരത്തെ സമാനമായ തട്ടിപ്പുകളിൽപ്പെട്ടവർക്കും ലക്ഷങ്ങളാണ് നഷ്ടമായത്. രണ്ട് പൂനെ സ്വദേശികൾക്ക് മൊത്തം 33 ലക്ഷത്തിലധികമാണ് നഷ്ടമായത്. വനിത ഡോക്ടറാണ് തട്ടിപ്പിനിരയായവരിൽ ഒരാൾ. പൂനെ സ്വദേശിയായ എഞ്ചിനീയറാണ് തട്ടിപ്പിനിരയായ രണ്ടാമത്തെ വ്യക്തി. അൽപ്പം ജാഗ്രത പുലർത്തിയാൽ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ കഴിയും. പണം ആവശ്യപ്പെട്ടു തുടങ്ങുമ്പോൾ തന്നെ അതൊരു തട്ടിപ്പാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്.


Click it and Unblock the Notifications








