രക്ത ദാദാക്കളെ കണ്ടെത്താന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം വേണ്ടി വരുമ്പോള്‍ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥ പലര്‍ക്കുമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അപൂര്‍വമായ ഗ്രൂപ് ആണെങ്കില്‍. ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ ഉണ്ടെങ്കിലും ചില സമയത്ത് അതും ഉപകാരപ്പെടണമെന്നില്ല.

ഇതിനൊരു പരിഹാരവുമായാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ വിനില്‍ ചന്ദ്രന്‍ എത്തിയിരിക്കുന്നത്. ഏതു ഗ്രൂപ്പിലും പെട്ട രക്തദാതാവിനെ കണ്ടെത്തുന്നതിനുള്ള സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍. മൈ ബ്ലഡ് ഫോര്‍ യു എന്ന ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഒ.എസ്. ഉള്ള ഏതു ഫോണിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രക്ത ദാദാക്കളെ കണ്ടെത്താന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷന്‍

രക്തം കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ആവശ്യമുള്ളവര്‍ക്കും ഒരുപോലെ സഹായകരമായ ആപ്ലിക്കേഷനാണ് ഇത്. രക്തം കൊടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പേര്, സ്ഥലം, രക്തഗ്രൂപ് തുടങ്ങിയ വിവരങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തണം.

അതുപോലെ ആര്‍ക്കെങ്കിലും രക്തം ആവശ്യമായി വരുമ്പോള്‍ രക്ത ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ സെര്‍ച് ചെയ്താല്‍ മതി. നിങ്ങളുടെ സമീപപ്രദേശത്തുള്ള, സമാന രക്ത ഗ്രൂപ്പില്‍ പെട്ടവരുടെ ഫോണ്‍ നമ്പറും അവര്‍ നില്‍ക്കുന്ന ടവര്‍ ലൊക്കേഷനും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാകും..

ലൊക്കേഷന്‍ ബേസ്ഡ് ആപ്ലിക്കേഷന്‍ ആയതിനാല്‍ ലോകത്തെവിടെയും ഇത് ഉപയോഗിക്കാം. എന്നാല്‍ രക്തദാതാവിനെ തിരയുന്നവര്‍ അതിനു മുമ്പായി രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നുമാത്രം. എങ്കിലേ ദാദാക്കളെ കണ്ടെത്താനാവു. ലോക രക്തദാന ദിനമായ ഇന്ന് ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യും.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. www.mybloodforyou.com എന്ന വെബ്‌സൈറ്റും വിനില്‍ ആരംഭിക്കുന്നുണ്ട്. ആപ്ലിക്കേഷന്‍ ഡവലപ് ചെയ്ത വിനില്‍ ചന്ദ്രന്‍ ബി.ടെക് ബിരുദ ധാരിയാണ്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot