എന്റെ അവസാന ആഗ്രഹം: മരണത്തിന് മുമ്പൊരു ആപ്ലിക്കേഷന്‍

Posted By: Staff

എന്റെ അവസാന ആഗ്രഹം: മരണത്തിന് മുമ്പൊരു ആപ്ലിക്കേഷന്‍

മരിക്കും മുമ്പ് ഒരിക്കലെങ്കിലും നടപ്പിലാക്കാന്‍ എന്ത് ആഗ്രഹമാണുള്ളത്? വളരെ ലളിതമായതും ചിലപ്പോള്‍ വിചിത്രമായതുമായ ആഗ്രഹങ്ങള്‍ പലര്‍ക്കും ഉണ്ടാകും. നമ്മളുടെ അഗ്രഹം തന്നെയായിരിക്കില്ല സുഹൃത്തുക്കള്‍ക്കുണ്ടാകുക. എന്നാല്‍ നിങ്ങളുടെ അഗ്രഹം തന്നെ അവസാന ആഗ്രഹമായി കൊണ്ടുനടക്കുന്ന ആരെങ്കിലും ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഉണ്ടായെന്ന് വരാം. പക്ഷെ എങ്ങനെ അവരെ കണ്ടെത്തും? ഇപ്പോള്‍ അതും എളുപ്പമാണ് 'മൈ ലാസ്റ്റ് വിഷ്' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വെച്ചാല്‍ മതി.

ഇന്ത്യക്കാരായ കീര്‍ത്തന്‍ താക്കറിന്റേയും സുനില്‍ ചൗദിന്റെയും സോഫ്റ്റ്‌വെയര്‍ കമ്പനിയായ വൈറ്റ് ലോട്ടസ് കോര്‍പറേഷനാണ് ഈ ആപ്ലിക്കേഷന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

സംസ്‌കാരം, രാജ്യം, പാരമ്പര്യം, മൂല്യബോധം, ജീവിത രീതി തുടങ്ങി എല്ലാത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന അപരിചിതര്‍, പക്ഷെ അവസാന ആഗ്രഹത്തിന്റെ കാര്യത്തില്‍ മാത്രം സാമ്യത പുലര്‍ത്തുന്ന അവര്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കാന്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്ലിക്കേഷന്‍ സഹായിക്കും.

ഈ ആപ്ലിക്കേഷനില്‍ അംഗമായവരെ 'ഫെല്ലോ വിഷേര്‍സ്' എന്നാണ് വിളിക്കുക. ഫെല്ലോ വിഷേര്‍സിന് അവരുടെ അവസാന ആഗ്രഹം 'വിഷ് വോളി'ല്‍ രേഖപ്പെടുത്താം. ആഗ്രഹത്തോടൊപ്പം വിഷ് വോളില്‍ ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ നല്‍കാം. അങ്ങനെ വരുമ്പോള്‍ അതേ ആഗ്രഹമുള്ള മറ്റൊരാള്‍ക്ക് അയാളുമായി ബന്ധം സ്ഥാപിക്കാനാകും.

''ഈ ലോകത്ത് ഒരേ ആഗ്രഹമുള്ള രണ്ട് പേരെങ്കിലും ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്തരത്തിലൊരു ആപ്ലിക്കേഷന് രൂപം നല്‍കിയാല്‍ ആ സാധ്യത യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആളുകള്‍ ഈ ആശയത്തെ ഇഷ്ടപ്പെടും. മാത്രമല്ല, അപരിചിതരായിട്ടും അവസാന ആഗ്രഹത്തിന്റെ പേരില്‍ മാത്രം സാമ്യത പുലര്‍ത്തുന്നവര്‍ക്ക് തമ്മില്‍ സൗഹൃദം സ്ഥാപിക്കാനും അവര്‍ക്ക് അവസരം ലഭിക്കും.'' വൈറ്റ് ലോട്ടസ് കോര്‍പറേഷന്റെ സ്ഥാപകരിലൊരാളായ കീര്‍ത്തന്‍ താക്കര്‍ പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വൈറ്റ് ലോട്ടസ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, വെബ് ഡിസൈന്‍, ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗ് രംഗത്താണ് വൈറ്റ് ലോട്ടസ് പ്രവര്‍ത്തിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot